- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആര്‍ എസ് എസ് കാര്യവാഹിനെ കൊന്നത് സിപിഎം അല്ലെന്ന് ഉറക്കെ പറഞ്ഞ കെജി മാരാര്‍; യഥാര്‍ത്ഥ പ്രതികളല്ലെന്ന് നിലപാട് എടുത്ത പിഎസ് ശ്രീധരന് പിള്ള; ഫീസും റൂം റെന്റും വാങ്ങാതെ വാദിച്ച കുഞ്ഞിരാമന്‍ വക്കീല്‍; അവസാന വാദത്തിന് ശേഷം ജയം ഉറപ്പിച്ച് അഭിഭാഷകന്റെ വിടവാങ്ങല്‍; തൊഴിയൂര്‍ സുനില്‍ കേസില്‍ സംഭവിച്ചതെല്ലാം ട്വിസ്റ്റ്; ഒടുവില്‍ ജയിലില്‍ കിടന്ന നിരപരാധികള്‍ക്ക് ആശ്വാസ ധനം; അത്യപൂര്‍വ്വ സര്‍ക്കാര്‍ ഉത്തരവ് ചര്‍ച്ചകളില്‍
തൃശ്ശൂര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന തൃശ്ശൂര്‍ തൊഴിയൂരിലെ സുനില്‍കുമാറിനെ വെട്ടിക്കൊന്ന കേസില്‍ തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഒടുവില്‍ നീതി. പോലീസുകാരില്‍ പണം ഈടാക്കി നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനം വന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ ഉത്തരവായി ഇറങ്ങുകയാണ് തീരുമാനം. ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ വീതമാണ് നല്‍കേണ്ടത്. മൂന്ന് പതിറ്റാണ്ടോളമായി നടത്തിയ നിയമ പോരട്ടങ്ങള്‍ക്കൊടുവിലാണ് ഇത് സാധ്യമായിരിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് കൊലക്കേസില്‍ അന്യായമായി പ്രതി ചേര്‍ക്കപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നിരപരാധികള്‍ക്ക് നഷ്ടപരിഹാരത്തുക കിട്ടുക. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ, 1994 ഡിസംബര്‍ നാലിന് ഗുരുവായൂരിനടുത്ത് ബിജെപി പ്രവര്‍ത്തകന്‍ തൊഴിയൂര്‍ സുനില്‍ കൊല്ലപ്പെട്ട കേസിലാണ് നടപടി. ബിജി, റഫീഖ്, ഹരിദാസ്, ബാബുരാജ് എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. ഇവര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കാന്‍ അഡീഷണല്‍ ചീഫ്‌സെക്രട്ടറി ബിശ്വാനന്ദ് സിന്‍ഹ ഉത്തരവിട്ടു. പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ക്ഷയരോഗിയായ ഹരിദാസ് പത്തുവര്‍ഷം മുമ്പ് മരിച്ചു. വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച ഇവരെ പിന്നീട് ഹൈക്കോടതിയാണ് വെറുതെ വിട്ടത്. ഒരു അഭിഭാഷകന്റെ വിജയകഥ കൂടിയാണ് ഇത്. ഫീസ് പോലും വാങ്ങാതെ ബാബുരാജിനും മുജീബിനും റഫീഖനും വേണ്ടി കേസ് വാദിച്ചു. അഡ്വ.കെ.കുഞ്ഞിരാമമേനോന്‍. കുഞ്ഞിരാമമേനോന്റെ വാദത്തില്‍ യുവാക്കളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു. ഈ അഭിഭാഷകന്റെ മികവ് കൂടിയാണ് നഷ്ടപരിഹാര സാധ്യതയിലേക്ക് കാര്യങ്ങളെത്തിച്ചത്.
യുഡിഎഫ് ഭരണകാലത്താണ് കൃത്യമായ തെളിവുകളില്ലാതെ ഇവരെ പ്രതിചേര്‍ത്തത്. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാബുരാജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ് നഷ്ടപരിഹാരത്തിന് വഴിതുറന്നത്. ഹൈക്കോടതി വിധിപ്രകാരം നടത്തിയ പുനരന്വേഷണത്തില്‍ കേസിലെ യഥാര്‍ഥപ്രതികളെ പൊലീസ് പിടികൂടി. നേരത്തെ പുനരന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ തുടര്‍നടപടി ഉണ്ടായില്ല. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം വീണ്ടും നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച പൊലീസുകാര്‍ക്കെതിരായ നിയമ നടപടികള്‍ തുടരുമെന്ന് ബാബുരാജ്, മുജീബ്, റഫീഖ് എന്നിവര്‍ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശംകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. അന്ന് കേസന്വേഷിച്ച പല ഉദ്യോഗസ്ഥരും നിലവില്‍ വിരമിച്ചിട്ടുണ്ടാകാം. വിരമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തുകയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഹൈക്കോടതി നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ എന്ന തീവ്രവാദസംഘടനയില്‍പ്പെട്ട ഒന്‍പതു പേരാണ് സുനിലിനെ കൊന്നതെന്ന് കണ്ടെത്തി. ഇവരില്‍ മിക്ക പ്രതികളെയും അറസ്റ്റുചെയ്തു. ശിക്ഷിക്കപ്പെട്ടവരല്ല പ്രതികളെന്നും അതിനാല്‍ ജയില്‍ശിക്ഷ അനുഭവിച്ച കാലത്തിനനുസരിച്ച് ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉചിതമായ തീരുമാനം സംസ്ഥാന സര്‍ക്കാരിനു സ്വീകരിക്കാമെന്നും കാണിച്ച് തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് സര്‍ക്കാരിനോട് 2022 സെപ്റ്റംബര്‍ 28-ന് ശുപാര്‍ശ ചെയ്തിരുന്നു.
94 വയസ്സുള്ള അഡ്വക്കേറ്റ് കുഞ്ഞിരാമമേനോന്‍ നടത്തിയ പ്രമാദമായ കേസായിരുന്നു ഇത്. കാറിന്റെ വാടകയും ഭക്ഷണവും താമസവും മാത്രം വാങ്ങി കുഞ്ഞിരാമന്‍ വക്കീല്‍ കേസ് നടത്തി. കാറിലിരുന്ന് കൊലപാതകക്കേസിനെപ്പറ്റി വിശദമായി ചോദിച്ചു. 1994 ഡിസംബര്‍ രണ്ടിന് മുതുവട്ടൂര്‍ ഗ്രാമത്തില്‍ അന്നൊരു വിവാഹനിശ്ചയം നടന്നു. ഓട്ടോത്തൊഴിലാളിയായ വാകയില്‍ വീട്ടില്‍ ബിജുവിന്റെ വിവാഹം ഉറപ്പിച്ചു. ചടങ്ങുകഴിഞ്ഞ് ബന്ധുക്കളും അയല്‍ക്കാരും മടങ്ങി. കൂട്ടുകാരായ പത്തു യുവാക്കള്‍മാത്രം ആ കൊച്ചുവീട്ടില്‍ വൈകീട്ടുവരെ സൊറപറഞ്ഞിരുന്നു. എട്ടുപേര്‍ മുതുവട്ടൂര്‍ക്കാരാണ്. ഗുരുവായൂരില്‍ ടാക്സിഡ്രൈവറായ ജോയ്, തൃശ്ശൂരില്‍ ചുമട്ടുതൊഴിലാളിയായ ജയ്‌സണ്‍ എന്നിവര്‍ തൃശ്ശൂര്‍ പാലയ്ക്കല്‍ സ്വദേശികളും. വൈകീട്ട് ജോയിയും ജയ്‌സണും യാത്രപറഞ്ഞുപോയി. കുറച്ചുകഴിഞ്ഞ് ബാക്കിയുള്ളവരും പിരിയാനൊരുങ്ങിയപ്പോള്‍ സംഘത്തിലെ റഫീഖ് പറഞ്ഞു. ഞാനും ഒരു പ്രണയവിവാഹത്തിന് തയ്യാറെടുക്കുകയാണ്. ഷാജിത എന്നാണ് പ്രണയിനിയുടെ പേര്. എനിക്ക് ജോലികിട്ടുംവരെ, അല്ലെങ്കില്‍ എത്രകാലം വേണമെങ്കിലും അവള്‍ കാത്തിരിക്കും. നിങ്ങളെല്ലാം കൂടെയുണ്ടാകണം.'
ഞങ്ങളെല്ലാം ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി കൂട്ടുകാര്‍ രാത്രിയോടെ യാത്രപറഞ്ഞു. പിറ്റേന്ന് നേരംപുലരുംമുന്നേ ഒരാള്‍ സൈക്കിളില്‍ പാഞ്ഞെത്തി ബാബുരാജിനെ വിളിച്ചുണര്‍ത്തിപ്പറഞ്ഞു. ജോയിയെ ആരോ വെട്ടി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണുള്ളത്. ജയ്‌സണെയും വെട്ടാന്‍ശ്രമിച്ചു. പക്ഷേ, അവന്‍ ഓടിരക്ഷപ്പെട്ടു'. ഇതിനിടെ ഒരു ആര്‍ എസ് എസുകാരന്‍ കൊല്ലപ്പെട്ടു. സുനില്‍കുമാര്‍. ഇത് ജോയിയെ വെട്ടിയതിന്റെ പ്രതികാരമാണെന്ന് പോലീസ് പറഞ്ഞു. അവിടെ തുടങ്ങുന്നതാണ് ബാബുരാജിനും മുജീബിനും റഫീഖനും കഷ്ടകാലം. കള്ളക്കേസായിട്ടും കൊലക്കേസ് പ്രതികള്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയെന്നതും ചരിത്രം. തുടര്‍ച്ചയായ 11 നാള്‍ ഏഴുപേരും നേരിട്ടത് ക്രൂരമര്‍ദനം. കുളിക്കാനോ പ്രാഥമികകാര്യങ്ങള്‍ നിറവേറ്റാനോപോലും അനുവദിച്ചില്ല. ആവശ്യത്തിന് ഭക്ഷണവും നല്‍കിയില്ല. പന്ത്രണ്ടാം നാള്‍ ചാവക്കാട് കോടതിയില്‍ ഹാജരാക്കി. മൂന്നുമാസം ചാവക്കാട് സബ്ജയിലില്‍ ഏഴുപേരും റിമാന്‍ഡ് തടവുകാരായി കഴിഞ്ഞു. അവിടെ ജയ്‌സണും ഉണ്ടായിരുന്നു.
ജാമ്യംകിട്ടി പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ഭീതിയായിരുന്നു. കാര്യവാഹകിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളോട് ആര്‍എസ്എസുകാര്‍ പകപോക്കുമോയെന്ന പേടിയായിരുന്നു. പക്ഷേ, അപ്രതീക്ഷിതസംഭവങ്ങള്‍ ഉണ്ടായി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ.ജി. മാരാര്‍ പ്രതികള്‍ക്ക് അനുകൂല പരസ്യപ്രസംഗവും പ്രസ്താവനകളുമായി രംഗത്തെത്തി. തൊഴിയൂര്‍ സുനിലിനെ വധിച്ച കേസിലെ യഥാര്‍ഥപ്രതികളയല്ല പോലീസ് പിടിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപി നേതാവായ പി.എസ്. ശ്രീധരന്‍പിള്ളയും ഈ നിലപാട് തുടര്‍ന്നു. അതോടെ സിപിഎമ്മും പ്രതികള്‍ക്ക് പരോക്ഷ പിന്തുണനല്‍കി. സിപിഎം-ആര്‍എസ്എസ് പകപോക്കല്‍ എന്ന് പോലീസ് മുദ്രകുത്തിയ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍, ജെയിംസ്, അബൂബക്കര്‍ എന്നീ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രതികളാക്കി. അതിന് കാരണമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഭരണമായിരുന്നു അപ്പോള്‍. തിരുത്തല്‍വാദിയായിരുന്ന ജെയിംസ്, പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗത്തിനിടെ കൂവിവിളിച്ചതിന് നേതാവിന്റെ നോട്ടപ്പുള്ളിയായി. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ മുന്നേറുന്ന അബൂബക്കര്‍ ഇതേ ഇടപാടുകാരനായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിന് തലവേദനയുമായി. 1997 മാര്‍ച്ച് 27-ന് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി, തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ശിക്ഷവിധിച്ചു. ബിജു, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെ ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപവീതം പിഴയൊടുക്കാനും ശിക്ഷിച്ചു. മറ്റ് നാലുപേരെ കുറ്റവിമുക്തരാക്കി. ഷമീര്‍ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞു.
നാലുകുറ്റവാളികളും രണ്ടുദിവസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പിന്നീട് ആറുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. പിന്നീട് ജാമ്യത്തിലിറങ്ങി. ഹൈക്കോടതിയില്‍ പോകാന്‍ പണമില്ല. വധക്കേസില്‍ കുറ്റവാളിയായതോടെ ബിജുവിന്റെ വിവാഹം മുടങ്ങി. ബാബുരാജിന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചതില്‍നിന്ന് വരന്റെ വീട്ടുകാര്‍ പിന്മാറി. ഹരിദാസന്‍ കടുത്ത ക്ഷയരോഗിയായി. മകനെ ശിക്ഷിച്ചതറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലെത്തിയ റഫീഖിന്റെ പിതാവ് മുഹമ്മദാലിക്ക് ജോലി നഷ്ടപ്പെട്ടു. മികച്ച അഭിഷാകരനെ തേടിയുള്ള യാത്ര കോഴിക്കോട്ടെ കുഞ്ഞിരാമമേനോനിലെത്തി. ഹോട്ടല്‍മുറിക്ക് വാടകനല്‍കാന്‍ യുവാക്കളുടെ പക്കല്‍ പണമില്ലെന്ന് മനസ്സിലാക്കി കുഞ്ഞിരാമമേനോന്‍ താമസം ബന്ധുവീട്ടിലാക്കി. കക്ഷികള്‍ക്കുവേണ്ടി വാദംനടത്തി. അവസാന വാദവും പൂര്‍ത്തിയാക്കി കോഴിക്കോട്ടോക്ക് മടങ്ങിയ കുഞ്ഞിരാമമേനോന്‍ പിറ്റേദിവസം ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയിലായി. പിന്നീട് മരിച്ചു. വിധി വരാന്‍ ആ അഭിഭാഷകന്‍ കാത്തു നിന്നില്ല. ഒളിവില്‍ക്കഴിഞ്ഞിരുന്ന ഷമീര്‍ അതിനിടെ വധിക്കപ്പെട്ടു. കേസന്വേഷണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. രേഖകളെല്ലാം നഷ്ടപ്പെട്ടെന്ന മറുപടിയാണ് ഗുരുവായൂര്‍ പോലീസ് നല്‍കിയത്. തൊഴിയൂര്‍ സുനില്‍ വധക്കേസിലെ എല്ലാ രേഖകളും തെളിവുകളും അന്വേഷണസംഘം നശിപ്പിച്ചിരുന്നു. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ, തീരദേശം കേന്ദ്രീകരിച്ച് തീവ്രവാദസംഘടനകള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച കേരള സിബിസിഐഡി സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സുനില്‍വധക്കേസിലെ യഥാര്‍ഥപ്രതികള്‍ വിദേശത്തേക്കുകടന്നെന്നും ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്നുമായിരുന്നു 1997-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
1998 സെപ്റ്റംബര്‍ 15-ന് ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് വിധിപറഞ്ഞു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നാലുപേരെയും കോടതി കുറ്റവിമുക്തരാക്കി. കൊലപാതകത്തിന് പിന്നിലുള്ള തീവ്രവാദസംഘടനകളുടെ ബന്ധത്തെപ്പറ്റി വിശദമായ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ജീവപര്യന്തം തടവില്‍നിന്ന് മോചിതനായ റഫീക്, ഹൈക്കോടതിയുടെ വിധി വന്ന് 15-ാം നാള്‍, 1998 സെപ്റ്റംബര്‍ 30-ന്, പ്രണയിനിയായ ഷാജിതയെ ജീവിതസഖിയാക്കി.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേകസംഘം തീവ്രവാദപ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷണം വ്യാപിപ്പിച്ചു. വലപ്പാട് കോതകുളത്തെ അന്വേഷണസംഘത്തിന്റെ ക്യാമ്പിലുള്ള ഉദ്യോഗസ്ഥര്‍ ഇസഹാക് എന്നയാളെ സംശയാസ്പദമായി പിടികൂടി. ഇയാളുടെ കൈയിലുണ്ടായ മുറിവിനെപ്പറ്റി അന്വേഷിച്ചു. ഈ അന്വേഷണമെത്തിയത് തൊഴിയൂര്‍ സുനില്‍ വധക്കേസിന്റെ തെളിവിലേക്കാണ്. തൊഴിയൂര്‍ സുനിലിനെയും കുടുംബത്തെയും വെട്ടിയത് അമാവാസിനാളിലാണ്. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ എന്ന തീവ്രവാദസംഘടനയിലെ ഒന്‍പതുപേര്‍ ചേര്‍ന്നാണ് വെട്ടിയത്. വെട്ടുന്നതിനിടെ അക്രമിസംഘത്തില്‍ ഒരാളുടെ വെട്ട് മാറിക്കൊണ്ടതാണ് ഈ മുറിവുപാടെന്ന് കണ്ടെത്തി. അതോടെ അന്വേഷണത്തിന് തുമ്പ് തെളിഞ്ഞു. യഥാര്‍ഥകുറ്റവാളികള്‍ വേറെയാണെന്ന് മനസ്സിലായതോടെ സുനിലിന്റെ വീട്ടുകാര്‍ തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് അനുകൂലമായി.
സുനിലിന്റെ വീട്ടുകാരും തെറ്റായി ശിക്ഷിക്കപ്പെട്ട നാലുപേരും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. സുനില്‍ ഉള്‍പ്പടെയുള്ള എല്ലാ മത-രാഷ്ട്രീയ വധക്കേസുകളും അതിനുപിന്നിലെ തീവ്രവാദബന്ധവും അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ഇത് മുഖ്യമന്ത്രി അംഗീകരിച്ച്, കേസുകള്‍ വീണ്ടും അന്വേഷിക്കുന്നതിന് 2017 സെപ്റ്റംബര്‍ 25-ന് ഉത്തരവിറക്കി. അതിനായി പ്രത്യേകസംഘത്തെയുണ്ടാക്കി. അവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ജം ഇയ്യത്തുല്‍ ഇഹ്‌സാനിയ എന്ന തീവ്രവാദസംഘടനയിലെ ഒന്‍പതുപേര്‍ ചേര്‍ന്ന് ആറുപേരെ കൊലപ്പെടുത്തിയെന്നാണ്. കൊല്ലപ്പെട്ട ആറുപേരും അയോധ്യയിലെ കാര്‍സേവയില്‍ പങ്കെടുത്തവരായിരുന്നു. തീവ്രവാദസംഘടനയിലെ അഞ്ചുപേരെ അന്വേഷണസംഘം അറസ്റ്റുചെയ്തു. ബാബുരാജും ബിജുവും സിപിഎം ചാവക്കാട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. റഫീഖ് രാഷ്ട്രീയം മതിയാക്കി.. മൂവരും ചെറിയ ബിസിനസിലൂടെ ഉപജീവനം നടത്തി, ഉറ്റമിത്രങ്ങളായി ജീവിക്കുന്നു.