- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.വിജിൻ എം എൽ എയെ ഭീഷണിപ്പെടുത്തിയെന്ന പരാതി; കണ്ണൂർ ടൗൺ എസ്ഐ ഉൾപ്പെട്ട സംഭവം ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും; എം എൽഎയെ ഒഴിവാക്കി നഴ്സുമാർക്കെതിരെ കേസെടുത്തത് ഇരട്ടത്താപ്പെന്ന് കോൺഗ്രസ്
കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ ഇതു സംബന്ധിച്ചുള്ള വിവാദങ്ങൾ അന്വേഷിച്ചു റിപ്പോർട്ടു നൽകുമെന്നാണ് സൂചന. സംഭവത്തിൽ പൊലിസിന്റെ സുരക്ഷാവീഴ്ച്ചയെ കുറിച്ചു കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. അജിത്ത് കുമാർ കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ പി. ഐ ബിനു മോഹനിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു.
കണ്ണൂർ ജില്ലാകലക്ടർ അരുൺ പി.വിജയനും സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കലക്ടറേറ്റ് കോംപൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്താത്തതിനാലാണ് സമരക്കാർ കടന്നുവന്നതെന്നാണ് കലക്ടർക്ക് ലഭിച്ച റിപ്പോർട്ട്. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ നടത്തിയ പ്രാഥമിക റിപ്പോർട്ടിൽ എംഎൽഎയോട് പ്രോട്ടോക്കോൾ ലംഘിച്ചാണ് എസ്. ഐ പെരുമാറിയതെന്നാണ് വിവരം.
എന്തുതന്നെയായാലും എസ്. ഐയ്ക്കെതിരെ സ്ഥലംമാറ്റമുൾപ്പെടെയുള്ള നടപടി സ്വീകരിച്ചു മുഖം രക്ഷിക്കാനാണ് പൊലിസ് അധികൃതരുടെ നീക്കം. നവകേരള യാത്രയ്ക്കിടെ പഴയങ്ങാടി എരിപുരത്ത് മുഖ്യമന്ത്രിയുടെ ബസിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവം പഴയങ്ങാടി എസ്. ഐയ്ക്കുണ്ടായ കൃത്യവിലോപമാണെന്ന് സി.പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പരസ്യമായി വിമർശിച്ചിട്ടുണ്ട്. ഇതോടെ പഴയങ്ങാടി എസ്. ഐയുടെ കസേരയ്ക്കും ഇളക്കം തട്ടുമെന്നാണ് സൂചന.
ഇതിനിടെ കലക്ടറേറ്റ് വളപ്പിലെ ആംഫി തീയേറ്ററിൽ അബദ്ധത്തിൽ കയറി സമരം നടത്തിയ ഇടതു അനുകൂല സംഘടനയിലെ നഴ്സുമാർക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി പൊലിസ് കേസെടുത്തതിൽ കടുത്ത പ്രതിഷേധം എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ തുറന്നു പറഞ്ഞിട്ടുണ്ട്. അതിക്രമിച്ചു കയറൽ, ഗതാഗതം തടസപ്പെടുത്തൽ, കുറ്റക്കരമായ ഗൂഢാലോചന എന്നീ വകുപ്പുകളാണ് നൂറോളം നഴ്സുമാർക്കെതിരെ പൊലിസ് ചുമത്തിയിട്ടുള്ളത്. ഇതു അനാവശ്യമാണെന്നും സമരത്തിൽ പങ്കെടുത്തവർ കൂടുതലും വനിതകളാണെന്നുമാണ് ഇ.പി ജയരാജന്റെ വാദം.
എം.വിജിനാരാണെന്ന് പൊലിസ് പേരു ചോദിച്ചു മനസിലാക്കാൻ ശ്രമിച്ചത് പരിഹസിക്കുന്നതിനാണെന്ന കുറ്റപ്പെടുത്തലും ഇ.പി ജയരാജൻ നടത്തിയിരുന്നു. സമരക്കാർക്കെതിരെ കേസെടുക്കുമെന്നു പറഞ്ഞതാണ് പൊതുവേ ശാന്തസ്വഭാവക്കാരനായ എം.വിജിൻ എംഎൽഎയെ പ്രകോപിച്ചതെന്നും എന്നാൽ എംഎൽഎ ശബ്ദമുയർത്തി സംസാരിക്കുകയല്ലാതെ തെറ്റെന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഇ.പി ജയരാജൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.
ഇതിനിടെ സംഭവത്തിൽ പൊലിസിനെതിരെ അതിരൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. കണ്ണൂർകലക്ടറേറ്റിനകത്തു അതിക്രമിച്ചു കയറി പ്രസംഗിച്ച കല്ല്യാശേരി എംഎൽഎ എം.വിജിനെതിരെ പൊലീസ് കേസെടുക്കാത്തത് ഇരട്ട നീതിയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ആരോപിച്ചു. നഴ്സുമാരുടെ സംഘടന നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പങ്കെടുത്തവർക്കെതിരേ അതിക്രമിച്ചു കയറൽ, ഗതാഗത തടസ്സം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തപ്പോൾ കളക്റ്റ്രേറ്റ് കോമ്പൗണ്ടിനകത്ത് മൈക്ക് കെട്ടി പ്രസംഗിക്കുകയും പൊലീസിനോട് കയർത്തു സംസാരിക്കുകയും ചെയ്ത എംഎൽഎയെ കേസിൽ നിന്ന് ഒഴിവാക്കിയത് ആരെ ഭയന്നിട്ടാണെന്ന് പറയണം.
കളക്റ്റ്രേറ്റിനകത്ത് സമരങ്ങൾ അനുവദനീയമല്ലെന്ന് അറിയാമായിരുന്നിട്ടും അവിടെ പ്രസംഗിച്ച എംഎൽഎ ചെയ്തത് നിയമലംഘനമാണ്. ഭരിക്കുന്ന പാർട്ടിക്കാർ തന്നെ ഇത്തരം നിയമലംഘനം നടത്തുകയും പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നത് ആഭ്യന്തരവകുപ്പിന്റെ കഴിവുകേടാണ് പ്രകടമാക്കുന്നത്. ഭരണകക്ഷിക്കാർക്കു മുന്നിൽ ഓഛാനിച്ചു നിൽക്കേണ്ട ഗതികേടിലാണ് പൊലീസുദ്യോഗസ്ഥർ.
ഭരണകക്ഷി നത്തുന്ന പ്രതിഷേധത്തോടും പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തോടും രണ്ടു സമീപനമാണ് പൊലീസ് പുലർത്തുന്നത്. ഭരണാനുകൂല സംഘടനയുടെ കലക്ട്രേറ്റ് മാർച്ച് എത്തുമ്പോൾ തടയാൻ കലക്ടറേറ്റിന് മുന്നിൽ പൊലീസിനെ നിയോഗിക്കാതിരുന്നതു തന്നെ ഗുരുതരവീഴ്ചയാണ്.
തുടർന്ന് കലക്ടറേറ്റിനുള്ളിൽ പ്രതിഷേധം നടന്നപ്പോൾ മാത്രമാണ് പൊലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുന്നത്. നിയമസംവിധാനത്തോട് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കിൽ കലക്ട്രേറ്റ് കോമ്പൗണ്ടിൽ മൈക്ക് കെട്ടി പ്രസംഗിക്കാതെ സമരക്കാരെ പുറത്തു കൊണ്ടു പോകാനായിരുന്നു എംഎൽഎ ശ്രമിക്കേണ്ടിയിരുന്നത്. അതിനു പകരം പൊലീസിനെ വെല്ലുവിളിച്ച് അവിടെ പ്രസംഗിക്കുകയും പരസ്യമായി പൊലീസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്ത എംഎൽഎക്കെതിരേ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുക്കണമെന്ന് മാർട്ടിൻ ജോർജ് പറഞ്ഞു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ എംഎൽഎയോട് പേര് ചോദിച്ചതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയതെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നു വ്യക്തമാകുന്നത്. എംഎൽഎ ആയാൽ എല്ലാവരും തിരിച്ചറിയണമെന്നൊക്കെ വാശി പിടിക്കുന്നത് അല്പത്തമാണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്