- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജാഥയ്ക്ക് വന്നില്ലെങ്കിൽ പണി പോകും, അവർക്ക് അടുത്ത പണി നൽകുന്ന കാര്യം നമ്മൾ ചിന്തിക്കും'; ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയത് വിവാദമായി; മയ്യിൽ പഞ്ചായത്തംഗത്തിന് എതിരെ കോൺഗ്രസ് പരാതി നൽകിയതോടെ രാഷ്ട്രീയ പോര് കടുക്കുന്നു
മയ്യിൽ: സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ, തൊഴിലുറപ്പ് തൊഴിലാളികളെ ജാഥയ്ക്കു വന്നില്ലെങ്കിൽ പണിപോകുമെന്ന് മയ്യിൽ പഞ്ചായത്തിലെ കോറളായി വാർഡംഗം സി.സുചിത്ര ഭീഷണിപ്പെടുത്തിയ സംഭവം രാഷ്ട്രീയ പോരിലേക്ക. സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തു വന്ന കോൺഗ്രസ് പരാതി നൽകി. കോൺഗ്രസ് മയ്യിൽ മണ്ഡലം പ്രസിഡന്റ് കെ.പി ശശിയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ ജില്ലാകലക്ടർ, എന്നിവർക്ക് പരാതി നൽകിയത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സുചിത്രയെ അയോഗ്യയാക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
കഴിഞ്ഞ ബുധനാഴ്‌ച്ച സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് തളിപറമ്പിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി തലേ ദിവസമാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പഞ്ചായത്തംഗത്തിന്റെ ഭീഷണി കലർന്ന ശബ്ദ സന്ദേശമെത്തിയത്. ഇതു സാമൂഹ്യമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. തളിപറമ്പിൽ നടക്കുന്ന സിപിഎം പ്രതിരോധ ജാഥയിൽ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുക്കണമെന്നും നമ്മുടെ വാർഡിൽ മസ്റ്ററോൾ ഇല്ലാത്തതു കൊണ്ടാണ് താൻ ഇങ്ങനെ പറയേണ്ടിവരുന്നതെന്നും ശബ്ദ സന്ദേശത്തിലുണ്ട്.
പണിയുള്ള വാർഡുകളിലെല്ലാം അവധിയാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞു പോകാതെ മുഴുവനാളുകളും ജാഥയിൽ പങ്കെടുക്കണമെന്നും വരാൻ പറ്റാത്തവർ തന്നെ വിളിക്കണമെന്നും അവർക്കുള്ള ഉത്തരം താൻ നൽകുമെന്നും അവർക്ക് അടുത്ത പണി നൽകുന്ന കാര്യം നമ്മൾ ചിന്തിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. സംഭവം വിവാദമായതിനെ തുടർന്ന് ആരെയും ജാഥയ്്ക്കു നിർബന്ധിച്ചു കൊണ്ടുവരേണ്ട കാര്യമില്ലെന്നും അല്ലാതെ തന്നെ ജനങ്ങൾ ജാഥയിലേക്ക് ഒഴുകുകയാണെന്നും സംസ്ഥാനസെക്രട്ടറിയും ജാഥാലീഡറുമായ എം.വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നു. ഇതോടെ സംഭവം രാഷ്ട്രീയ വിവാദമാവുകയും സി.പി. എം പ്രതിരോധത്തിലാവുകയും ചെയ്തിട്ടുണ്ട്.
സി പി എം പരിപാടിക്ക് പങ്കെടുത്തില്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ പണിയില്ലെന്ന് ഭീഷണിപ്പെടുത്താൻ തൊഴിലുറപ്പ് തൊഴിലാളികൾ സി പി എമ്മിന്റെ അടിമകളല്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. തില്ലങ്കേരി കൊലയാളി സംഘത്തിന്റെ വെളിപ്പെടുത്തലുകൾ കാരണം ജനമധ്യത്തിൽ സി പി എം അപഹാസ്യമായി നിൽക്കുന്ന അവസരത്തിലാണ് എം വി ഗോവിന്ദൻ മാസ്റ്റർ പ്രതിരോധ ജാഥ നയിക്കുന്നത്. പ്രതിരോധ ജാഥയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുക്കാത്തതിൽ ഭീഷണി സ്വരത്തിൽ താക്കീത് നൽകുന്ന മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സുചിത്രയുടെ വോയിസ് തൊഴിലാളി വിരുദ്ധവും ജനാതിപത്യ മര്യാദയ്ക്ക് നിരക്കാത്തതുമാണെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ പാവപ്പെട്ടവർക്കായി നടപ്പിലാക്കിയ പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പതിനായിരക്കണക്കിനു കുടുംബങ്ങൾക്ക് ആശ്വാസമായ ഈ പദ്ധതിയെ തൊഴിലാളികൾ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തൊഴിൽ ദിനങ്ങൾ ചുരുക്കിയത് കാരണവും ഫണ്ട് വെട്ടിക്കുറച്ചത് മൂലവും വളരെയധികം ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോകുന്നത്. അതിനിടയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോലും യാതൊരു ലജ്ജയുമില്ലാതെ കയ്യിട്ടു വാരിയ പാർട്ടി സഖാക്കളും മൗനാനുവാദം നൽകിയ സി പി എം പാർട്ടിയും തൊഴിൽ ഉറപ്പ് പദ്ധതിയെയും ,കുടുംബശ്രീയെയും പൂർണമായും രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നത്.
ഒരു പൗരന്റെ സ്വതന്ത്രമായി ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സി പി എം തൊഴിലാളി വർഗ്ഗ പ്രത്യശാസ്ത്രമെന്ന വാക്ക് ഉച്ചരിക്കുവാൻ പോലും അർഹത ഇല്ലാതായിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലെ ജോലി പിണറായി വിജയന്റെയോ സി പി എം നേതാക്കളുടെയോ ഔദാര്യമല്ല. തൊഴിലുറപ്പ് അവകാശമാണ്. സി പി എം കർഷക സംഘടനയുടെ സമരത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിൽ നിഷേധിച്ച പടിയൂർ പഞ്ചായത്ത് അധികൃതർക്കെതിരെ പരാതി ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്തതാണ് ഇത്തരം ഭീഷണികൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്.
എക്കാലവും ഭീഷണിപ്പെടുത്തി തൊഴിലാളി വർഗ്ഗത്തെ ചൊൽപ്പടിക്ക് നിർത്താമെന്നും പാർട്ടി പരിപാടികളിൽ ആളെ കൂട്ടാമെന്നും സി പി എം വ്യാമോഹിക്കണ്ട. പാർട്ടി ജാഥയിൽ പങ്കെടുക്കാത്തവർക്ക് തൊഴിലുറപ്പിൽ പണി നിഷേധിക്കുമെന്ന് ഭീഷണി മുഴക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഇത്തരം പ്രവണതകളെ കോൺഗ്രസ് ശക്തമായി ചെറുക്കുമെന്നും മാർട്ടിൻ ജോർജ്ജ് വ്യക്തമാക്കി.
നേരത്തെ ഇരിക്കൂർ പടിയൂർ പഞ്ചായത്തിൽ ഇതിനുസമാനമായ സംഭവമുണ്ടായിട്ടുണ്ട്. കർഷക തൊഴിലാളി യൂനിയന്റെ ശ്രീകണ്ഠാപുരത്ത് നടന്നജാഥാ സ്വീകരണത്തിൽ പങ്കെടുക്കുന്നതിനാണ് അന്ന് തൊഴിലുറപ്പ് തൊഴിലാളികളെ പഞ്ചായത്തംഗം ഭീഷണിപ്പെടുത്തിയത്. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസും ബിജെപിയും പഞ്ചായത്തിന് മുൻപിൽ പ്രതിഷേധസമരം നടത്തിയിരുന്നു. ഇതിനു ശേഷമാണ് കണ്ണൂരിലെ രാഷ്ട്രീയം കലുഷിതമാക്കി കൊണ്ടു മറ്റൊരു സംഭവം കൂടി അരങ്ങേറുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്