വഡോദര: തൃണമൂൽ കോൺഗ്രസ് എംപിയായതോടെ ക്രിക്കറ്റർ കൂടിയായ യൂസഫ് പത്താനെതിരെ ബിജെപിയുടെ നീക്കം. പത്താൻ ഭൂമി കൈയേറി എന്നാരോപിച്ചു കൊണ്ട് ബിജെപി ഭരിക്കുന്ന വഡോദര മുൻസിപ്പൽ കോർപ്പറേഷനാണ് രംഗത്തുവന്നത്. എത്രയും വേഗം കൈയേറ്റം ഒഴിയണമെന്ന് കാണിച്ചു നോട്ടീസ് നൽകുകയും ചെയ്തു.

ജൂൺ ആറാം തീയതിയാണ് വഡോദര മുൻസിപ്പൽ കോർപറേഷൻ യൂസഫ് പത്താന് നോട്ടീസ് നൽകിയത്. ജൂൺ 13നാണ് മുൻസിപ്പൽ കോർപറേഷൻ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ശീതൾ മിസ്ത്രി നോട്ടീസ് നൽകിയ വിവരം അറിയിച്ചത്. ബിജെപി മുൻ കൗൺസിലർ വിജയ് പവാറിന്റെ വെളിപ്പെടുത്തലോടെയാണ് ശീതൾ മിസ്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചത്.

2012ൽ മുൻസിപ്പൽ കോർപ്പറേഷൻ ഭൂമി യൂസഫ് പത്താന് വിൽക്കാനുള്ള ശിപാർശ സംസ്ഥാന സർക്കാർ നിരാകരിച്ചതാണ്. എന്നാൽ, ഈ ഭൂമി ചുറ്റുമതിൽ കെട്ടി യൂസഫ് പത്താൻ സ്വന്തമാക്കുകയായിരുന്നുവെന്നാണ് കോർപ്പറേഷൻ ആരോപണം. യൂസഫ് പത്താന്റെ വീടിനടുത്തുള്ള സ്ഥലം അദ്ദേഹത്തിന് വിൽക്കാൻ കോർപ്പറേഷൻ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായിരുന്നു. സ്വകയർ മീറ്ററിൽ 57,000 രൂപയാണ് യൂസഫ് പത്താൻ ഭൂമിക്ക് വില പറഞ്ഞത്. എന്നാൽ, സംസ്ഥാന സർക്കാർ കോർപറേഷൻ ശിപാർശ തള്ളുകയായിരുന്നുവെന്ന് വിജയ് പവാർ വെളിപ്പെടുത്തി.

ശിപാർശ നിരസിച്ചുവെങ്കിലും സ്ഥലത്തിൽ വേലി കെട്ടാനോ മറ്റ് പ്രവർത്തനങ്ങൾക്കോ കോർപറേഷൻ മുതിർന്നില്ല. ഇതിനിടെ യൂസഫ് പത്താൻ സ്ഥലം കൈയേറി മതിൽകെട്ടിയെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നുമായിരുന്നു പവാറിന്റെ ആവശ്യം. തുടർന്ന് കോർപറേഷൻ യൂസഫ് പത്താന് നോട്ടീസ് നൽകുകയായിരുന്നു.

സ്ഥലത്തെ ചുറ്റുമതിൽ പൊളിച്ചുനീക്കി കൈയേറ്റം ഉടൻ ഒഴിയണമെന്നാണ് യൂസഫ് പത്താന് നൽകിയിരിക്കുന്ന നോട്ടീസിൽ പറയുന്നത്. കുറച്ച് ദിവസം കൂടി കാത്തിരിക്കുമെന്നും എന്നിട്ടും കൈയേറ്റം പൊളിച്ചില്ലെങ്കിൽ തുടർ നടപടികളുണ്ടാവുമെന്നാണ് കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ ബഹാറംപൂരിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിയാണ് നിലവിൽ യൂസഫ് പഠാൻ.