തൃപ്പൂണിത്തുറ: കേരളത്തിൽ അങ്ങോളമിങ്ങോളം വികസനമെന്ന് പറഞ്ഞ് കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് പലരും അന്വേഷിക്കാറില്ല. തെരഞ്ഞുടുപ്പ് അടുക്കുമ്പോൾ തങ്ങളുടെ വികസന നേട്ടമായി എംഎൽഎമാർ ഉയർത്തിക്കാട്ടുകയും ചെയ്യും. എന്നാൽ, ഇത്തരം കെട്ടിടങ്ങൾ കെടുകാര്യസ്ഥതയുടെ സ്മാരകങ്ങലായി മറുകയാണ് കേരളത്തിൽ. കോഴിക്കോട്ടെയും തിരുവല്ലയിലെയും അങ്കമാലിയിലെയും കെഎസ്ആർടിസി കെട്ടിട സമുച്ചയങ്ങൾ സർക്കാർ ഖജനാവിൽ നിന്നും പണം തിന്നുക മാത്രമാണ് ചെയ്യുന്നത്. ഇക്കൂട്ടത്തിലേക്ക് ഒടുവിലായി എത്തിയിരിക്കുന്നത് തൃപ്പൂണിത്തുറ നഗരസഭയുടെ കണ്ണൻകുളങ്ങര ടി.കെ. രാമകൃഷ്ണൻ മാളാണ്.

ഏറ്റെടുക്കാൻ ആളില്ലാതെ മാൾ അടഞ്ഞു തന്നെ കിടക്കുകായണ്. രണ്ട് തവണ ലേലത്തിൽ വച്ചിട്ട് ഇതു വരെ മാൾ ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. മാസം 42 ലക്ഷം രൂപയ്ക്കാണ് 2 തവണയും മാൾ ലേലത്തിൽ വച്ചത്. ആരും ഏറ്റെടുക്കാൻ എത്താത്തതിനെത്തുടർന്ന് എത്ര രൂപയ്ക്കു മാൾ ഏറ്റെടുക്കാൻ സാധിക്കുമെന്ന് ആവശ്യപ്പെട്ടു നഗരസഭ നോട്ടിസ് നൽകി. ഇതുവരെ കച്ചവടക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നാണ് വിവരം.

നഗര ഹൃദയത്തിൽ 8.40 കോടി രൂപ മുടക്കിയാണ് നഗരസഭ രണ്ടര വർഷം മുൻപ് മാളിന്റെ പണികൾ പൂർത്തീകരിച്ചത്. മാളിന്റെ ബൈലോ സർക്കാർ പാസാക്കുന്നതിനായി വരുന്ന കാലതാമസം ലേലം ചെയ്തു നൽകുന്നതിൽ ആദ്യം പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ലേലം ചെയ്യുന്നതിൽ ബൈലോ തടസ്സം ആകില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് ലേല നടപടികൾ ആരംഭിച്ചത്. എറണാകുളത്തും പരിസരങ്ങളിലുമുള്ള മാളുകളെപ്പോലെ വൻ ബിസിനസ് സാധ്യത മുന്നിൽക്കണ്ടാണു നഗരസഭ ഭരണാധികാരികൾ മാളിനു രൂപം നൽകിയത്.

കച്ചവട സ്ഥാപനങ്ങളും തിയറ്ററുമെല്ലാം ഉൾക്കൊള്ളുന്ന മാളിനു വേണ്ടി ബിസിനസുകാർ ഓടിയെത്തും എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ മാൾ തുറക്കാൻ സാധിക്കാതെ വന്നതോടെ പ്രതീക്ഷകളെല്ലാം വെറുതെയായി. 49,000 ചതുരശ്ര അടിയിൽ 3 നിലകളുള്ള കണ്ണൻകുളങ്ങരയിലെ മാളിന്റെ ചുറ്റും ഇപ്പോൾ തെരുവുനായ്ക്കളാണു വിഹരിക്കുന്നത് എന്നാണ് പരാതി. പലരുടെയും വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലമായി ഇപ്പോൾ മാൾ മാറി. മാളിലെ ടാങ്കിന്റെയും സമീപത്തെ മലിന ജലം പോകുന്ന പിറ്റിന്റെയും മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് പാളികൾ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ടാങ്കിനു മുകളിലെ കാസ്റ്റ് അയേണിന്റെ വലിയ ഇരുമ്പ് പാളിയും പിറ്റിൽ സ്ഥാപിച്ചിരുന്ന 4 ചെറു പാളികളുമാണു മോഷണം പോയത്.

ഇതു പോലെ തന്നെയാണ് പോളക്കുളത്തിനു സമീപമുള്ള എ.ജി. രാഘവ മേനോൻ മാളിന്റെ അവസ്ഥ. കണ്ണൻകുളങ്ങരയിലെ മാൾ ലേലത്തിൽ പോയിട്ട് വേണം ഈ മാളിന്റെ ലേലം നടത്താൻ. അതേസമയം കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളുടെയും സ്ഥിതിവിശേഷം ഇത് തന്നെയാണ്. കെഎസ്ആർടിസിയുടെ കടം വീട്ടാൻ തിരുവല്ല ഡിപ്പോയുടെ സ്ഥലം, കെട്ടിടം എന്നിവയുടെ ഉടമസ്ഥാവകാശം ധനകാര്യ സ്ഥാപനമായ കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷന്(കെടിഡിഎഫ്‌സി) കൈമാറാൻ നടപടി തുടങ്ങിയിട്ടുണ്ട്.

കെഎസ്ആർടിസി തിരുവല്ലയിൽ 2.93 ഏക്കർ സ്ഥലവും 64 കോടി രൂപ മുടക്കി നിർമ്മിച്ച 11 നില കെട്ടിടവുമാണ് കൈമാറുന്നത്. ബിഒടി അടിസ്ഥാനത്തിൽ കെടിഡിഎഫ്‌സിയാണ് ഇവിടെ കെട്ടിടം നിർമ്മിച്ചത്. വി എസ്.അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് മാത്യു ടി.തോമസ് ഗതാഗത മന്ത്രിയായപ്പോഴാണ് കെഎസ്ആർടിസിക്ക് ഒരു രൂപയുടെ പോലും ബാധ്യത ഇല്ലാതെ ബിഒടി അടിസ്ഥാനത്തിൽ വ്യാപാര സമുച്ചയം നിർമ്മിക്കാൻ പദ്ധതിയിട്ടത്. തറനിരപ്പിൽനിന്ന് താഴേക്ക് 2, മുകളിലേക്ക് 9 നിലയുള്ള കെട്ടിടമാണിത്. ഇതിന്റെ 5 നിലകളിലെ കടമുറികൾ ലേലത്തിൽ പോയി. ബാക്കി വെറുതേ കിടക്കുകയാണ്.

മുടക്കു മുതലും അതിന്റെ പലിശയും ലഭിച്ചു കഴിഞ്ഞാൽ കെട്ടിടം കെഎസ്ആർടിസിക്കു വിട്ടുനൽകുമെന്നായിരുന്നു വ്യവസ്ഥ. മാതൃകാ പദ്ധതിയായി തിരുവല്ലയ്ക്ക് ഒപ്പം അങ്കമാലി, തിരുവനന്തപുരം, കോഴിക്കോട് എന്നീ ഡിപ്പോകളിലും വ്യാപാര സമുച്ചയം നിർമ്മിച്ചു. കെടിഡിഎഫ്‌സിക്ക് ഇപ്പോൾ 780 കോടി രൂപ കെഎസ്ആർടിസി നൽകാനുണ്ട്. കടബാധ്യതയിൽ പിടിച്ചു നിൽക്കാൻ കഴിയാതെയാണ് കെഎസ്ആർടിസി കെട്ടിടവും സ്ഥലവും കെടിഡിഎഫ്‌സിക്ക് കൈമാറുന്നത്