തൃശ്ശൂർ: മോശം ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ പേരിലും വൃത്തിയില്ലായ്മയുടെ പേരിലും സംസ്ഥാനത്തെ വിവിധ ഹോട്ടലുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം നടപടി കൈക്കൊള്ളുന്നുണ്ട്. എന്നാൽ, പരിശോധനകൾ നിലയ്ക്കുമ്പോൾ വീണ്ടും എല്ലാം പഴയപടി ആകുന്നതാണ് പതിവ്. ഇതിനിടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകളും രംഗത്തുവരുന്നുണ്ട്. തൃശ്ശൂരിൽ ഇത്തരത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അവഗണിച്ചു വീണ്ടും തുറന്ന ബുഹാരീസ് ഹോട്ടിലിനെ വരച്ച വരയിൽ നിർത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയാണ് ഇപ്പോൾ താരം.

ഹോട്ടൽ ഉടമകളുടെ ഭീഷണി വകവെക്കാതെ ധീരമായ നിലപാട് സ്വീകരിച്ചത് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയായ ഡോ. രേഖ മോഹനാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നതോടെ പരിശോധനക്ക് എത്തിയപ്പോഴാണ് ഉദ്യോഗസഥക്ക് ഭീഷണി നേരിടേണ്ടി വന്നത്. എന്നാൽ, ഈ ഭീഷണിയെ വകവെക്കാതെ ധൈര്യമായി തന്നെ തന്റെ ജോലി ചെയ്തു.

തൃശ്ശൂർ എംജി റോഡിലെ ബുഹാരീസ് ഹോട്ടൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബുധനാഴ്ച അടപ്പിച്ചതാണ്. ബിരിയാണി കഴിച്ച പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പൂട്ടിച്ച ഹോട്ടൽ, ന്യൂനതകൾ പരിഹരിച്ച്, ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ വീണ്ടും തുറക്കാവൂ എന്ന് നിർദേശവും നൽകി. എന്നാൽ ഇന്നലെ ഈ ഹോട്ടൽ തുറക്കുകയും അടുക്കളയിൽ ഭക്ഷണമുണ്ടാക്കുകയും ചെയ്തു. ഇതറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോൾ ഉണ്ടായത് നാടകീയ രംഗങ്ങളാണ്. പൊലീസ് അകന്പടിയിലെത്തിയിട്ടും ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു.

സർക്കാർ ഉദ്യഗസ്ഥയെ തന്റെ ജോലി ചെയ്യുന്നതിൽ തടഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസ് കേസെടുക്കേണ്ടതാണ്. എന്നാൽ ഉദ്യോഗസ്ഥ പരാതി നൽകാത്തതുകൊണ്ടാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഭീഷണിയിലും പതറാതെ ഉദ്യോഗസ്ഥ ഹോട്ടൽ വീണ്ടും അടപ്പിക്കുകയായിരുന്നു. അതിനിടെ ഹോട്ടലിന് എതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട് എന്നും ഇത് കാരണമാണ് നടപടി സ്വീകരിച്ചത് എന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥ രേഖാ മോഹൻ പറഞ്ഞു.

ഈ സ്ഥാപനത്തെ കുറിച്ച് നിരന്തരം പരാതികൾ ലഭിക്കുന്നതായി രേഖ പറഞ്ഞു. താൻ തന്നെ അടുത്തിടെ മൂന്ന, നാല് തവണ പരിശോധന നടത്തേണ്ട അവസ്ഥ വന്നിരുന്നു. ആദ്യ തവണ മുതൽ തന്നെ ഭീഷണിപ്പെടുത്തുന്ന ശൈലിയാണ് ഇവർ സ്വീകരിച്ചതെന്നും അവർ പറഞ്ഞു. ഭീഷണികൾ പതിവായതോടെ പൊലീസുമായാണ് പരിശോധനകൾ എത്താറെന്നും ഇവർ പറയുന്നത്. രണ്ട് മാസം കൂടുമ്പോൾ ഒരു പരാതി എന്ന നിലയിൽ ബുഹാരീസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്.

പഴകിയ ഭക്ഷണം ഫ്രീസറിൽ നിന്നുമെടുത്തു ചൂടാക്കി കൊടുക്കുകയാണ് എന്ന പരാതി അടടക്കം വന്നിരുന്നു. കുഴിമന്തിയുടെ സാംപിൾ പരിശോധനക്ക് അയച്ചിരുന്നു. അടുക്കള മുഴുവൻ വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. ഫ്രീസർ സൗകര്യം പേരിന് മാത്രമാണ്. ഫ്രീസർ മാറാൻ നിർദേശിച്ചെങ്കിലും അതിനും അവർ തയ്യാറായില്ല. അവശിഷ്ടങ്ങൾ പോലും അടുക്കളയിൽ തന്നെ സൂക്ഷിക്കുന്ന അവസ്ഥയുണ്ട്. ഇങ്ങനെ ഹോട്ടലിലെ പ്രശ്‌നങ്ങളെല്ലാം എടുത്തു പറഞ്ഞു കൊണ്ടായിരുന്നു ഡോ. രേഖ മോഹന്റെ പ്രതികരണം. ഭീഷണികൾക്ക് വകവെക്കാതെ തന്റെ ജോലി ചെയ്ത ഉദ്യോഗസ്ഥക്ക് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.