തൃശൂർ: തുച്ഛമായ ശമ്പളത്തിൽ നഴ്‌സിങ് ജോലി ചെയ്യേണ്ടി വരുന്ന കേരളത്തിലെ സ്വാകാര്യ ആശുപത്രികളിലെ ദുരവസ്ഥയ്ക്ക് ശമനം വന്നു തുടങ്ങിയത് യുഎൻഎ എന്ന സംഘടനയുടെ നേതൃത്വത്തിൽ സമരത്തിന് ഇറങ്ങിയതോടെയാണ്. ഈ സംഘടന തുടങ്ങിവെച്ച വിപ്ലവം അതിവേഗം രാജ്യം മുഴുവൻ ആളിപ്പടർന്നു. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം അടക്കം വർധിപ്പിക്കുന്ന അവസ്ഥയും ഉണ്ടായി. ഇപ്പോൾ വീണ്ടുമൊരു ഐതിഹാസിക സമര വിജയം നേടിയിരിക്കയാണ് യുഎൻഎയുടെ നേതൃത്വത്തിൽ സ്വകാര്യ നഴ്‌സുമാർ.

തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളെ നഴ്‌സുമാരുടെ ശമ്പളം വർധിപ്പിക്കണമെന്ന ആവശ്യവുമായി യുഎൻഎ വീണ്ടും രംഗത്തുവന്നതോടെ ഒറ്റയടിച്ച് 50 ശതമാനം ശമ്പളം വർധിപ്പിച്ചു കൊണ്ട് ആശുപത്രികൾ രംഗത്തുവന്നു. ജില്ലയിലെ 30 ആശുപത്രികളിൽ 26 ആശുപത്രികളും നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ചു. അശ്വിനി, എലൈറ്റ്, ചന്ദ്രമതി, മദർ തുടങ്ങിയ ആശുപത്രികൾ മാത്രമാണ് ശമ്പളവർധനവ് അംഗീകരിക്കാതിരിക്കുന്നത്. ഇവരുമായി ചർച്ചകളിലൂടെ സമരം പരിഹരിക്കാമെന്നാണ് യുഎൻഎയുടെ കണക്കുകൂട്ടൽ.

ജില്ലയിലെ പ്രമുഖ ആശുപത്രികൾ അടക്കം ശമ്പളം വർധിപ്പിക്കാൻ സമ്മതം അറിയിച്ചിരുന്നു. ഇതോടെ ഈ ആശുപത്രികളെ സമരത്തിൽ നിന്നും ഒഴിവാക്കി. നേരത്തെ നഴ്‌സുമാരുടെ സമര വിഷയം ഹൈക്കോടതിയിൽ എത്തിയതോടെ ശമ്പളം വർധിപ്പിക്കണമെന്ന നിർദ്ദേശം ഹൈക്കോടതി നൽകിയിരുന്നു. ഇതോടെയാണ് ഭൂരിപക്ഷം ആശുപത്രികളും സമരക്കാരുടെ ആവശ്യം അംഗീകരിച്ചത്. അതേസമയം 72 മണിക്കൂർ സൂചനാ പണിമുടക്ക് തുടങ്ങിയിട്ടുണ്ട്. തൃശ്ശൂർ വെസ്റ്റ് ഫോർട്ടിൽ നിന്നും കളക്റ്റ്രേറ്റിലേക്ക് പണിമുടക്കുന്ന നഴ്‌സുമാരും ആശുപത്രി ജീവനക്കാരുടെയും പ്രതിഷേധ മാർച്ച് നടന്നു. സമരം ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു.

ഐക്യത്തോടെ മുന്നേറിയാൽ എന്തും നേടിയെടുക്കാം എന്നതാണ് ഈ സമര മുന്നേറ്റത്തിന്റെ വിജയമെന്ന് ജാസ്മിൻ ഷാ പറഞ്ഞു. 2011 ൽ യുഎൻഎ പിറവി കൊണ്ട തൃശൂരിൽ ഒരു രൂപാ പോലും ശമ്പളം വാങ്ങാത്തവരും, 1000 ഉം 2000 ഉം വാങ്ങിയിരുന്നവരാണ് മഹാഭൂരിപക്ഷവും. സംഘടന പിറവി കൊണ്ട 8 വർഷം കൊണ്ട് 20000 രൂപ ശമ്പളം വാങ്ങാത്ത യുഎൻഎ പ്രവർത്തകരില്ലാത്ത ജില്ലയായി മാറി. 12 വർഷം ആകുമ്പോൾ 30000 - 40000 ഉം അതിനു മുകളിലും ശമ്പളം വാങ്ങുന്ന ഏറ്റവും അധികം നഴ്‌സുമാരുള്ള ജില്ലയായി തൃശ്ശൂർ മാറുന്നുവെന്നും ജാസ്മിൻ ഷാ പറഞ്ഞു.

അമല, ജൂബിലി മിഷൻ, ദയ, വെസ്റ്റ് ഫോർട്ട്, സൺ, മലങ്കര മിഷൻ ആശുപത്രികളാണ് വേതനം വർധിപ്പിച്ചു കൊണ്ടു തീരുമാനം ആദ്യം കൈക്കൊണ്ടത്. പിന്നാലെ മറ്റുള്ളവരും ശമ്പളം വർധിപ്പിക്കാൻ തയ്യാറായി. തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസം നഴ്സുമാർ പണിമുടക്കാനായിരുന്നു നീക്കം. ആവശ്യം വന്നാൽ സമരം അനിശ്ചിത കാലത്തേക്ക് നീട്ടാനും തീരുമാനിച്ചിരുന്നു.

സ്വകാര്യ ആശുപത്രികൾ ഓരോ രോഗിയിൽ നിന്നും നഴ്സിങ് ഫീസ് ഈടാക്കാറുണ്ട്. എന്നാൽ അതൊന്നും നഴ്സുമാർക്ക് നൽകില്ല. ഈ കൊള്ള കൂടിയാണ് സമരം ചർച്ചയാക്കുന്നത്. തൃശൂരിൽ സമരം കരുത്തു കാട്ടലാകുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ദിവസവേതനം 1500 രൂപയായി വർധിപ്പിക്കണമെന്നാണു നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. നിലവിൽ 800 രൂപയാണ് ദിവസവേതനം.

സമരത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിൽ നിർബന്ധിത ഡിസ്ചാർജ് തുടങ്ങിയിരുന്നു. പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ പറഞ്ഞത്. പലതവണ ലേബർ കമ്മിഷണർ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. എന്നാൽ ഇടക്കാല ആശ്വാസം ആശുപത്രികൾക്കും നൽകാം. അതിന് തെളിവാണ്  26 ആശുപത്രികളുടെ അനുകൂല നിലപാട്

ക്രൈസ്തവസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളാണ് അമല ആശുപത്രിയും ജൂബിലി മിഷൻ മെഡിക്കൽ കോളജും. മൂവായിരത്തിലധികം രോഗികളെ കിടത്തി ചികിത്സക്ക് സൗകര്യമുള്ളതാണ് രണ്ട് ആശുപത്രികളും. 50 ശതമാനം വേതന വർധനവ് സംഘടനയുടെ പ്രധാന ആവശ്യമായിരുന്നു. ജില്ലയിലെ പ്രധാന ആശുപത്രികൾ ആവശ്യം അംഗീകരിച്ചതോടെ സമരം വിജയത്തിലായെന്ന വിലയിരുത്തലിലാണ് യു.എൻ.എ.