- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃശൂർ കമ്മീഷണർ അങ്കിത് കുമാറിനെ സ്ഥലം മാറ്റും
തൃശ്ശൂർ: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടികളിൽ ഉയർന്നുവന്ന പരാതികളിൽ നടപടിക്ക് നിർദ്ദേശം. തൃശൂർ കമ്മീഷണർ അങ്കിത് കുമാറിനെ സ്ഥലം മാറ്റും. അങ്കിത്ത് അശോകിന് പുറമേ, അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടുകൂടി അടിയന്തരമായി സ്ഥലം മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
പുതിയ സിറ്റി പൊലീസ് കമ്മീഷണറെ നിയമിക്കുന്നതിനയി മൂന്ന് പേരുടെ പട്ടികയും നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി ലഭിച്ചാൽ മാത്രമേ ഇപ്പോഴത്തെ മാറ്റങ്ങൾ നടക്കുകയുള്ളൂ. പൊലീസ് ഇടപെടൽ പൂരത്തിന്റെ ശോഭ കെടുത്തിയെന്ന വിമർശനം ശക്തമായതോടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്. ഇടതു സ്ഥാനാർത്ഥി വി എസ് സുനിൽകുമാറും ഉദ്യോഗസ്ഥരെ വിമർശിച്ചു രംഗത്തുവന്നിരുന്നു.
തൃശൂർ പൂരത്തിന് ആനകൾക്ക് കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ തടയുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പട്ടയുമായെത്തിയവരോട് കമ്മിഷണർ അങ്കിത് അശോക് കയർക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. 'എടുത്തോണ്ട് പോടാ പട്ട'എന്ന് പറഞ്ഞു കയർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടു വന്ന കുടകൾ പൊലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. കുടമാറ്റത്തിന് മുൻപായി ഗോപുരത്തിനുള്ളിലേക്ക് കുടകൾ കൊണ്ടുവന്നപ്പോഴാണ് തടഞ്ഞത്. പിന്നീട് ഇവരെ അകത്തു പ്രവേശിപ്പിച്ചു. ഇത്തരം പ്രശ്നങ്ങളാണ് തൃശൂർ പൂരത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. തൃശൂർ കമ്മീഷണർക്കെതിരെ ദേശക്കാർ ശക്തമായ പ്രതിഷേധത്തിലാണ്. ഈ പ്രതിഷേധം വോട്ടെടുപ്പിന് മുമ്പ് തണുപ്പിക്കാൻ സാധിക്കുമോ എന്നതാണ് ആലോചന.
തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവന്നവരെയും പൊലീസ് തടഞ്ഞു. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞത് എന്നാണ് കമ്മീഷണറുടെ വിശദീകരണം. കമ്മീഷണറുടെ വിശദീകരണം കാര്യമായെടുക്കാതെയാണ് ഇപ്പോഴത്തെ നടപടികൾ.
പൂരപ്പറമ്പിൽ ജനങ്ങളെ ശത്രുവായി കണ്ട തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകിന് എതിരെ അന്വേഷണം വേണമെന്നാണ് സിപിഎമ്മും എൽഡിഎഫും ആവശ്യപ്പെട്ടത്.യ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ മന്ത്രിമാർക്ക് വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടായെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. വിഷയത്തിൽ ആർഎസ്എസ്-ബിജെപി ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു.
വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആൾവരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോൾ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിക്കുകയായിരുന്നു. അങ്കിത് അശോകിന്റെ നേതൃത്വത്തിൽ വെടിക്കെട്ടു സ്ഥലത്തുനിന്ന് ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കി. അങ്ങനെ രാത്രി വെടിക്കെട്ടും നടക്കാതെ പോയി.
നേരത്തെ പൂരം പ്രതിസന്ധിക്ക് കാരണം പൊലീസിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകളും രീതികളുമാണെന്ന് ഇടതു സ്ഥാനാർത്ഥിയും വിമർശിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. 'തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നിയന്ത്രണങ്ങൾ തിരുവമ്പാടി ദേവസ്വത്തിന് മാനസികമായി ചില പ്രയാസങ്ങൾ ഉണ്ടാക്കി. പൂരത്തിൽ പതിവായി നടക്കുന്ന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അവർക്ക് പ്രയാസങ്ങൾ നേരിട്ടത്. സ്വാഭാവികമായി വികാരപരമായി തന്നെ അവർ നിലപാട് സ്വീകരിച്ചു. പൂരത്തിന്റെ ചടങ്ങുകൾ നിർത്തിവെയ്ക്കാനും വെടിക്കെട്ട് നടത്തേണ്ടതില്ല എന്ന തരത്തിലുമാണ് തീരുമാനം എടുത്തത്. രാത്രിയാണ് സംഭവം ഉണ്ടാവുന്നത്. അത്തരത്തിലുള്ള കടുത്ത നിലപാടിലേക്ക് പോകരുതെന്ന് ഞാൻ അടക്കം അഭ്യർത്ഥിച്ചു.
പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാം എന്നും ചടങ്ങുകൾക്ക് ഭംഗം വരരുതെന്നും പറഞ്ഞു. നിരന്തരമായി ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. പൊലീസിൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകളും രീതികളുമാണ് ഇതിന് കാരണമായത്. തിരുവമ്പാടിക്കാർ പറയുന്നതിൽ ചില സത്യങ്ങളുണ്ട് എന്ന് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് ഇടപെട്ടത്.'- സുനിൽ കുമാർ പറഞ്ഞു.
'എന്നാൽ തൃശൂർ പൂരത്തെ രാഷ്ട്രീയമായി കൊണ്ടുപോകുന്നതിനോട് എനിക്ക് യോജിപ്പില്ല. വെടിക്കെട്ട് നാലുമണിക്കൂർ വൈകി എന്നത് പ്രയാസം ഉണ്ടാക്കിയ കാര്യമാണ്. തൃശൂർ പൂരത്തിന്റെ ഒരു ചടങ്ങ് പോലും മുടങ്ങരുത് എന്നത് തന്നെ സംബന്ധിച്ച് വൈകാരികമായ കാര്യമാണ്. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും നടപടി ആവശ്യമാണെങ്കിൽ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ താൻ വെടിക്കെട്ടിന് തടസം നിന്നു എന്നൊക്കെ പറഞ്ഞാൽ അത് ദുഷ്പ്രചാരണമാണ്.തൃശൂർ പട്ടണത്തിലെ ആളുകൾക്ക് എന്നെ അറിയാത്തതാണോ? സുനിൽ അങ്ങനെ ചെയ്യുമോ എന്ന തരത്തിൽ ചിലർക്കെങ്കിലും സംശയം ഉയർന്നാലോ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണവുമായി രംഗത്തുവരാൻ തീരുമാനിച്ചത്.
വർഷങ്ങളായി തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് ഞാൻ. തൃശൂരിലെ എല്ലാവർക്കും എന്നെ അറിയാം. അതുകൊണ്ട് എനിക്ക് ഭയമില്ല. രാഷ്ട്രീയത്തിന് അതീതമായി എനിക്ക് സുഹൃത്തുക്കൾ ഉണ്ട്. അവരൊന്നും തന്നെ കുറ്റപ്പെടുത്തില്ല എന്ന് അറിയാം. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ ചില കോണുകളിൽ നിന്ന് ദുഷ്പ്രചാരണം ഉണ്ടായ പശ്ചാത്തലത്തിലാണ് വിശദീകരണം നൽകാൻ തീരുമാനിച്ചത്. ഇത്തരത്തിൽ ആളുകളെ തേജോവധം ചെയ്യുന്ന തരത്തിൽ വ്യക്തിഹത്യ നടത്തുന്നത് നല്ലതല്ല എന്ന് കൂടി ഓർമ്മിപ്പിക്കുന്നു'- സുനിൽകുമാർ വിശദീകരിച്ചു.