- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ട് നടത്തേണ്ടത് വെടിക്കെട്ടുപുരയില്‍നിന്ന് 200 മീറ്റര്‍ അകലെ; തേക്കിന്‍കാടില്‍ വെടിക്കെട്ട് നടത്താനാകില്ല; തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍; നിയന്ത്രണങ്ങള്‍ പൂരത്തിന്റെ മനോഹാരിത നശിപ്പിക്കും; കേന്ദ്രത്തിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി രാജന്‍
ഒരു കാരണവശാലം അംഗീകരിക്കാനാവാത്ത നിബന്ധനയെന്ന് മന്ത്രി
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. ഒരു കാരണവശാലം അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് റവന്യു മന്ത്രി മന്ത്രി കെ. രാജന്‍ പ്രതികരിച്ചു. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നും കെ രാജന്‍ പറഞ്ഞു.
നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ തേക്കിന്‍ക്കാട് മൈതാനിയില്‍ വെച്ച് കരിമരുന്ന് പ്രയോഗം നടത്താനാനാവില്ലെന്ന് മന്ത്രി പറഞ്ഞു. 35 നിയന്ത്രങ്ങളാണ് പ്രധാനമായും പറഞ്ഞിട്ടുള്ളത്. ചിലതെല്ലാം ഭേദഗതികളോടെ അംഗീകരിക്കാനാകുന്നതാണ്. എന്നാല്‍, അഞ്ച് നിബന്ധനകള്‍ ഒരുകാരണവശാലും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടിവന്നാല്‍ തേക്കിന്‍കാട് മൈതാനത്തില്‍ വെച്ച് വെടിക്കെട്ട് നടത്താനാകില്ല. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവില്‍ പറയുന്നത്. തേക്കിന്‍കാടില്‍ ഈ കണക്ക് പാലിക്കാനാകില്ല.
വെടിക്കെട്ടുപുരയില്‍നിന്ന് 200 മീറ്റര്‍ അകലെവേണം വെടിക്കെട്ട് നടത്താനെന്ന നിബന്ധന വന്നതോടെ തേക്കിന്‍കാട് മൈതാനിയില്‍ എന്നല്ല, തൃശ്ശൂര്‍ റൗണ്ടില്‍പ്പോലും ഇതു നടത്താനാകാത്ത സ്ഥിതിയാകും. കാണികള്‍ക്കുള്ള ദൂരപരിധി 60 മീറ്ററാക്കി കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി പാസാക്കിയത്.
വെടിക്കെട്ടുപുരയില്‍നിന്ന് വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്കുള്ള ദൂരം ഇതുവരെ 45 മീറ്ററായിരുന്നു. അവിടെനിന്ന് 100 മീറ്റര്‍ അകലെയാണ് കാണികളെ അനുവദിച്ചിരുന്നത്. ഇത്തരത്തില്‍ 145 മീറ്റര്‍ ദൂരപരിധി പാലിക്കുമ്പോള്‍ത്തന്നെ റൗണ്ടില്‍ കാണികള്‍ക്ക് നില്‍ക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
പുതിയ നിയമഭേദഗതിയനുസരിച്ച് കുറേക്കൂടി നീങ്ങിമാത്രമേ വെടിക്കെട്ട് നടത്താനാകൂ. നിറയെ കെട്ടിടങ്ങളുള്ള സ്ഥലമായതിനാല്‍ ഇത് സാധ്യവുമല്ല. ഇതിനാല്‍ ഈ നിയമഭേദഗതി നിലനില്‍ക്കുമ്പോള്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നടത്തുക പ്രയാസമാണ്. വെടിക്കെട്ടിന് ആളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ പൂരത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇതൊരു രാഷ്ട്രീയവിഷയമായി മാറുകയും ചെയ്തു.
ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിന്‍കാട് മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല. ഈ അകലം 60 മുതല്‍ 70 മീറ്റര്‍ വരെയായി കുറയ്ക്കണം. താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലെ അകലം 100 മീറ്ററാക്കി. ഇത് 15 മീറ്ററാക്കി കുറയ്ക്കണം. ആശുപത്രി, സ്‌കൂള്‍, നഴ്‌സിംഗ് ഹോം എന്നിവയില്‍ നിന്നും 250 മീറ്റര്‍ അകലെ ആയിരിക്കണം വെടിക്കെട്ടുകള്‍ നടക്കേണ്ടതെന്ന എന്ന നിബന്ധനയും മാറ്റണം.
ഇതില്‍ സ്‌കൂളുകള്‍ എന്നത് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ആക്കണം. ഹോസ്പിറ്റലില്‍ നിന്നും നഴ്‌സിംഗ് ഹോമില്‍ നിന്നും നോ ഒബ്‌ജെക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്ന നിബന്ധന വെക്കണം. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കേരളത്തിനോടും പൂര പ്രേമികളോടും ഉള്ള വെല്ലുവിളികളാണ്. പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിയ്ക്കും കേരളത്തില്‍ നിന്നുമുള്ള രണ്ട് എംപിമാര്‍ക്കും വിഷയത്തിന്റെ ഗൗരവം കാണിച്ച് കത്ത് നല്‍കും.
പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളെ നിര്‍ത്താന്‍ കഴിയില്ല. പൂരത്തെ തകര്‍ക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാനാകുവെന്നും കെ രാജന്‍ പറഞ്ഞു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കെ രാജന്‍ പറഞ്ഞു. നവീന്‍ ബാബു മികച്ച ഉദ്യോഗസ്ഥനാണെന്നും മന്ത്രി ആവര്‍ത്തിച്ചു.