കൊച്ചി: ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള നിര്‍ദ്ദിഷ്ട തവനൂര്‍-തിരുനാവായ പാലം നിര്‍മാണത്തിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ വിവാദത്തിന് ചൂടുപിടിച്ചു. പാലത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും രണ്ടായി തിരിഞ്ഞിരിക്കുകയാണ്. പാലത്തിന്റെ നിലവിലെ അലൈന്‍മെന്റിനെതിരെയാണ് ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്.

തിരുനാവായ-തവനൂര്‍ പാലം നിര്‍മാണത്തില്‍ റീ അലൈന്‍മെന്റിനുള്ള സാധ്യതകള്‍ പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്താണ് ശ്രീധരന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ മതപരമായ പവിത്രതയെ ബാധിക്കാതെ കേരള സര്‍ക്കാര്‍ പാലം നിര്‍മ്മിക്കണമെന്നാണ് ആവശ്യമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. അലൈന്‍മെന്റ് പുന:നിശ്ചിക്കുന്നതിനായി അദ്ദേഹം തന്റെ സേവനം സൗജന്യമായി സര്‍ക്കാരിന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തന്റെ അലൈന്‍മെന്റ് രീതി നടപ്പിലാക്കിയാല്‍ അത് ചെലവ് കുറഞ്ഞതായിരിക്കുമെന്നും ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും കത്തെഴുതിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇ ശ്രീധരന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.



ബദല്‍ ആശയവുമായി ഇ ശ്രീധരന്‍

ഭാരതപ്പുഴയുടെ വടക്കേ കരയിലുള്ള മലപ്പുറം ജില്ലയിലെ തിരുനാവായയിലെ മഹാവിഷ്ണു ക്ഷേത്രത്തെ നിര്‍ദിഷ്ട പാലം മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വേര്‍തിരിക്കുമെന്നും ഹിന്ദു മത വിശുദ്ധിയെ ബാധിക്കുമെന്നും ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും ശ്രീധരന്‍ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. പാലത്തിന്റെ നിലവിലെ അലൈന്‍മെന്റ് കെ കേളപ്പന്റെ സമാധിയിലേക്ക് കടന്നുകയറുമെന്നും അദ്ദേഹം പറയുന്നു.




മഴവില്‍ പാലത്തിന് പകരം ചെലവ് കുറഞ്ഞ നേര്‍ പാലമെന്ന ആശയവും ശ്രീധരന്‍ മുമ്പോട്ട് വച്ചു. എന്നാല്‍ നിലവിലെ പദ്ധതിയുമായി മുമ്പോട്ട് പോവുകയാണ് സര്‍ക്കാര്‍. പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ബദല്‍ പദ്ധതിയില്‍ വിശദ രൂപരേഖയെന്ന ലക്ഷ്യത്തോടെ ശ്രീധരന്‍ സ്ഥലത്ത് എത്തിയത്. എന്നാല്‍ സിപിഎമ്മുകാര്‍ ശ്രീധരനെ തടഞ്ഞു.

പാലത്തിന് ശ്രീധരന്‍ എതിരല്ല. എന്നാല്‍ തിരുനാവായയില്‍ ബലി തര്‍പ്പണമടക്കമുള്ളവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മഴവില്‍ പാലം ഹനിക്കുമെന്നാണ് ശ്രീധരന്റെ നിലപാട്. ഈ സാഹചര്യത്തില്‍ ബദല്‍ ആശയം സര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഭൂമാഫിയയേയും മറ്റും സംരക്ഷിക്കാനാണ് ഇതെന്ന് ചില കേന്ദ്രങ്ങള്‍ ആരോപിച്ചു. ബിജെപിയും ഹിന്ദു ഐക്യവേദിയും പ്രക്ഷോഭവും തുടങ്ങി. ഇതിനിടെയാണ് ബദല്‍ ആശയവുമായി ശ്രീധരന്‍ ഹൈക്കോടതിയില്‍ എത്തിയത്. തിരുന്നാവായ തവനൂര്‍ പാലവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ കേസ് പരിഗണിക്കാനിരിക്കെ വീണ്ടും ചിലവ് കുറച്ച് പാലം നിര്‍മ്മിക്കാന്‍ ഒരു രൂപരേഖ കൂടി നല്‍കാന്‍ ഉദ്ദേശിച്ച് തവനുരില്‍ എത്തിയതായിരുന്നു കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍.

ബി.ജെ.പി ദേശിയ നേതാവുകൂടിയായ ഇ.ശ്രീധരന്‍ നടന്നു നീങ്ങുമ്പോള്‍ തടഞ്ഞ് നിര്‍ത്തി കാല് പിടിച്ച് അപേക്ഷിക്കുയാണെന്നും ഇതില്‍ നിന്ന് പിന്‍മാറണമെന്നും അല്ലാത്തപക്ഷം ഞങ്ങള്‍ ഇതിനെ നേരിടുമെന്നും സിപിഎം പ്രാദേശിക നേതാക്കള്‍ ഭീഷണി രൂപത്തില്‍ പറഞ്ഞു. ഇത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചു.

കെ ടി ജലീലിന്റെ വാശിയെന്ന് ബിജെപി

ശ്രീധരന്‍ നല്‍കിയ അലൈന്‍മെന്റില്‍ പാലം പണിതാല്‍ ഭൂമാഫിയ സംഘങ്ങള്‍ക്കും സാംസ്‌കാരിക പൈത്യകത്തെ തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയാകും എന്നുള്ളതിനാലാണ് സി പി എം ഇത്തരം മുന്നാം കിട പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. പാലം നിര്‍മ്മിക്കണമെന്ന്ത് കെ ടി ജലീലിന്റെ വാശിയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ' ജലീലിന് ഈ പാലം നിര്‍മ്മിച്ചേ മതിയാവൂ. അതിനൊരു അജണ്ട ജലീലിന് ഉണ്ട്. പക്ഷേ മെട്രോമാന്‍ ഇ ശ്രീധരന്‍ ഈ പാലം അശാസ്ത്രീയമാണെന്ന് രേഖാമൂലം ഹൈക്കോടതിയില്‍ കേസുകൊടുത്തു. ഈ സര്‍ക്കാരിന് രണ്ടുതവണ നിവേദനം കൊടുത്തു. ഹൈക്കോടതിയില്‍ അടുത്ത ദിവസം ഈ കേസെടുക്കാന്‍ പോവുകയാണ്. നാലുകോടി കൂടി എസ്റ്റിമേറ്റ് കുറച്ച് കൊണ്ട് പാലം പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഇ ശ്രീധരന്‍ പറയുന്നത്. നിലവിലുള്ള ക്ഷേത്രത്തെയോ, ത്രിമൂര്‍ത്തി സംഗമത്തെയോ, കേളപ്പജിയുടെ സ്മാരക മന്ദിരത്തെയോ, ബാധിക്കാതെ, നാലുകോടി എസ്റ്റിമേറ്റ് കുറച്ചുകൊണ്ട് പാലം നിര്‍മ്മിക്കാമെന്ന രൂപരേഖ തയ്യാറാക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്. അദ്ദേഹം സ്ഥലം പരിശോധിക്കുന്ന സമയത്താണ് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തിയത്. തടഞ്ഞുനിര്‍ത്തി, അദ്ദേഹത്തിന്റെ കാലു പിടിക്കുക, കയ്യുപിടിക്കുക, താങ്കള്‍ ഇതില്‍ നിന്ന് ഒഴിവാകണം, താങ്കള്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസുമൂലം ഈ പാലം വരില്ല എന്നൊക്കെ അദ്ദേഹത്തോട് പറഞ്ഞു. ഹൈക്കോടതി വിധി എതിരാകുമെന്ന് അവരെങ്ങനെ വിലയിരുത്തി? അപ്പോള്‍ തെറ്റായ അലൈമെന്റാണെന്ന് സിപിഎമ്മിന്, സര്‍ക്കാരിന് ബോധ്യമുണ്ട്. ഏതൊക്കെയോ മാഫിയയെയും അജണ്ടയെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ പ്രവൃത്തി നടത്തിയിട്ടുള്ളതെന്ന് സിപിഎമ്മിന് അറിയാം. ഹൈക്കോടതി തീരുമാനം എടുക്കാന്‍ പോകുമ്പോള്‍, സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇ ശ്രീധരനെ തടഞ്ഞത്', ബിജെപി നേതാക്കള്‍ പറഞ്ഞു.



ശ്രീധരനെ തടഞ്ഞുവെന്ന് ആക്ഷേപം

പാലത്തിനെതിരെ രംഗത്തുവന്ന ഇ.ശ്രീധരനെതിരെ തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതിഷേധിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 'തവനൂരിന്റെ ചിരകാല സ്വപ്നമായ തവനൂര്‍ തിരുനാവായ പാലം എന്ന സ്വപ്ന പദ്ധതിക്കു തുരങ്കം വയ്ക്കുന്ന സംഘപരിവാരത്തോടും സമീപകാലത്തു സംഘപരിവാരത്തോടൊപ്പം ചേര്‍ന്ന തവനൂര്‍ തിരുനാവായ പാലം പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാനും ശ്രമിക്കുന്ന ഇ. ശ്രീധരനോട് തവനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗവുമായ സ. ബാബു' നിലപാട് വ്യക്തമാക്കുന്നുവെന്ന തരത്തിലാണ് സൈബര്‍ ഇടത്തെ സിപിഎമ്മിന്റെ വീഡിയോ പ്രചരണം. മെട്രോ അടക്കമുള്ള വികസന പദ്ധതികളുടെ നെടുംതൂണായ ശ്രീധരനെ വികസന വിരോധിയാക്കി മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഈ തടയലിനെതിരെയാണ് ബിജെപി രംഗത്തു വന്നത്.




ഹൈക്കോടതി വിധി പ്രതികൂലമാകുമെന്ന് തിരച്ചറിഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തി ശ്രീധരനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റി മെമ്പര്‍ ടിവി ശിവദാസന്റെ നേതൃത്വത്തില്‍ വന്ന സംഘമാണ് ഭീഷണിപ്പെടുത്തിയത്. ഇതിന് പുറകില്‍ കെ ടി ജലീല്‍ ആണെന്നും ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രന്‍ പറഞ്ഞു. ശ്രീധരന് പോലീസ് സംരക്ഷണം നല്‍കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. എത്ര ഭീഷണിപ്പെടുത്തിയാലും ശ്രീധരന്‍ മുമ്പോട്ട് തന്നെ പോകുമെന്നും സുരേന്ദ്രന്‍ വിശദീകരിക്കുന്നു. എന്നാല്‍ പാലത്തിന് ശ്രീധരന്‍ എതിരാണെന്ന് വരുത്താനാണ് സിപിഎം നീക്കം.

2009 ജൂലൈ 14നാണ് പാലത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ഭരണാനുമതി ലഭിച്ചത്. 2021 ലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ചത്. പാലം പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട്-കൊച്ചി യാത്രയുടെ ദൂരം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ത്രിമൂര്‍ത്തി സംഗമസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമാകുന്നതോടെ തീര്‍ഥാടന ടൂറിസം രംഗത്തും ഏറെ ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്.