- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അടിച്ചു മോനേ ലോട്ടറി എന്ന് കരുതി വിളിച്ച തട്ടിപ്പുകാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; മുന്‍ ആഭ്യന്തരമന്ത്രിയെ തന്നെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യാന്‍ നോക്കിയ 'മുംബൈ പോലീസിന്' സംഭവിച്ചത് എന്ത്? സൈബര്‍ ക്രിമിനലുകള്‍ക്ക് തിരുവഞ്ചൂരിന്റെ വക 'മാസ്സ്' മറുപടി; ആധാര്‍ തട്ടിപ്പില്‍ ഡിജിപിക്ക് പരാതിയും

തിരുവനന്തപുരം: മുന്‍ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വെര്‍ച്വല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം ചര്‍ച്ചകളില്‍. മുംബൈ പോലീസ് എന്ന വ്യാജേനയെത്തിയ തട്ടിപ്പുകാര്‍ക്ക് മുന്നില്‍ പതറാതെ നിലയുറപ്പിച്ച തിരുവഞ്ചൂര്‍ ആദ്യ മിനിറ്റുകളില്‍ തന്നെ ചതി തിരിച്ചറിയുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന് ഫോണ്‍ കോള്‍ വരുന്നത്.
ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ച തട്ടിപ്പുകാര്‍ തിരുവഞ്ചൂരിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്നും ആള്‍മാറാട്ടം വഴി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടെന്നും ആരോപിച്ചാണ് സംസാരം തുടങ്ങിയത്. മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉടന്‍ തന്നെ വെര്‍ച്വല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇവര്‍ അവകാശപ്പെട്ടപ്പോള്‍ അതിന്റെ നമ്പര ചോദിച്ച തിരുവഞ്ചൂരിന് ലഭിച്ചത് സ്വാഭാവികമായ നമ്പരുകളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു. ഇതോടെ തട്ടിപ്പ് സംഘമാണെന്ന ബോധ്യം അദ്ദേഹത്തിന് ഉറച്ചു.
സംഭവത്തില്‍ അസ്വാഭാവികത തോന്നിയ അദ്ദേഹം കേരള പോലീസുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും രേഖകള്‍ അവിടെ ഹാജരാക്കാമെന്ന് മറുപടി നല്‍കി കോള്‍ വിച്ഛേദിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ തട്ടിപ്പുകാര്‍ വാട്സ്ആപ്പ് വഴി ഓഡിയോ കോളും വീഡിയോ കോളും ചെയ്ത് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം തുടര്‍ന്നു. പോലീസ് യൂണിഫോം ധരിച്ച ഒരാള്‍ വീഡിയോ കോളിന്റെ മറുതലക്കല്‍ നില്‍ക്കുന്നത് തിരുവഞ്ചൂരിന്റെ സ്റ്റാഫ് അംഗങ്ങള്‍ കണ്ടിരുന്നു.
മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വീഡിയോ കോളില്‍ വരാന്‍ അവര്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. ഉന്നതരായ വ്യക്തികളെപ്പോലും ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ വലവിരിക്കുന്നു എന്നതിന്റെ തെളിവാണ് മുന്‍ ആഭ്യന്തരമന്ത്രിക്ക് നേരെ ഉണ്ടായ ഈ നീക്കം. തട്ടിപ്പുകാരുടെ പക്കല്‍ തന്റെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ എത്തിയത് എങ്ങനെയെന്നത് ഗൗരവകരമായ കാര്യമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇനി മറ്റൊരാള്‍ക്കും ഇത്തരം ചതിക്കുഴികള്‍ സംഭവിക്കാതിരിക്കാനാണ് താന്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) പരാതി നല്‍കിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോണ്‍ വിളിക്കാന്‍ ഉപയോഗിച്ച രണ്ട് നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.


