- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലങ്കാനയിലെ ഓപ്പറേഷൻ താമരയുടെ സൂത്രധാരൻ തുഷാർ വെള്ളാപ്പള്ളി; സർക്കാരിനെ അട്ടിമറിക്കാൻ ബിഡിജെഎസ് നേതാവ് വാഗ്ദാനം ചെയ്തത് 100 കോടി; മുഴുവൻ ഓപ്പറേഷന്റെയും ചുമതല വെള്ളാപ്പള്ളിയുടെ മകന്; തുഷാർ അമിത്ഷായുടെ നേരിട്ടുള്ള നോമിനി; ആരോപണശരങ്ങളുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു; വീഡിയോയും കോൾ രേഖകളും അടക്കം പുറത്തുവിട്ടിട്ടും പ്രതികരിക്കാതെ തുഷാർ
ഹൈദരാബാദ് :തെലങ്കാനയിലെ ഭരണ കക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടി.ആർ.എസ്) എംഎൽഎമാരെ ഓപ്പറേഷൻ താമരയിലൂടെ ബിജെപിയിലെത്തിക്കാനെത്തിയ മൂന്ന് ഇടനിലക്കാരെ ഹൈദരാബാദ് അസീസ് നഗറിലുള്ള ഫാം ഹൗസിൽ നിന്ന് കഴിഞ്ഞ മാസം 28 ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ മൂന്നു ഇടനിലക്കാരും ബന്ധപ്പെട്ടത് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായിട്ടാണ് എന്നാരോപിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു രംഗത്തെത്തി.
സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് കെ.സി.ആർ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. കേസിൽ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആർ ആരോപിച്ചു. 100 കോടിയാണ് സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ കൂടി വീഴ്‌ത്താനായിരുന്നു പദ്ധതിയിട്ടത്.
ഏജന്റുമാർ ടിആർ എസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെസിആർ പുറത്തുവിട്ടു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്‌ത്തിയെന്ന് ഏജന്റുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിന്റെ നിർദ്ദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചു. നിലവിൽ കേരള എൻഡിഎ കൺവീനറാണ് തുഷാർ. എന്നാൽ പ്രതികരിക്കാൻ തുഷാർ തയ്യാറായില്ല. എംഎൽഎമാരെ പണം നൽകി ചാക്കിലാക്കാൻ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോൾ റെക്കോർഡിങ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെസിആർ 'ഓപ്പറേഷൻ താമര' ആരോപണം ആവർത്തിച്ചത്.
എജന്റുമാർ എംഎൽഎമാരോട് സംസാരിച്ച ശേഷം, ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതിന്റെയും തെളിവുകളുമുണ്ടെന്ന് കെസിആർ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും വിവിധ പാർട്ടി അധ്യക്ഷന്മാർക്കും ഈ തെളിവുകൾ അയച്ചുനൽകുമെന്ന് കെസിആർ അറിയിച്ചു. ബിജെപി എന്താണ് ചെയ്യുന്നതെന്നും എങ്ങനെയാണ് ഭരണം പിടിക്കുന്നതെന്നും രാജ്യം അറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടനിലക്കാരുടെ പക്കൽ നിന്ന് പിടികൂടിയത് 15 കോടി
മൂന്ന് ഇടനിലക്കാരെയാണ് കഴിഞ്ഞ മാസം 28 ന് ഹൈദരാബാദ് അസീസ് നഗറിലുള്ള ഫാം ഹൗസിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് 15 കോടി രൂപയും പിടികൂടി. വ്യവസായിയും ഡക്കാൻ പ്രൈഡ് ഹോട്ടൽ ഉടമയും കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡിയുടെ അടുപ്പക്കാരനുമായ നന്ദകുമാർ, ഹരിയാനയിലെ ഫരീദാബാദിൽ പുരോഹിതനായ സ്വാമി രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ്മ, തിരുപ്പതി സ്വദേശി ഡി. സിംഹയാജുലു എന്നിവരാണ് തെലങ്കാന പൊലീസിന്റെ പിടിയിലായത്.
ടി.ആർ.എസ് എംഎൽഎമാരായ രേഗകാന്ത റാവു, ഗുവ്വല ബാലരാജു, ബീരം ഹർഷവർദ്ധൻ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരുമായി ചർച്ച നടത്താനാണ് ഇവരെത്തിയത്. അതേസമയം എംഎൽഎമാരെ കുറുമാറ്റിക്കാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടെന്ന് ടി.ആർ.എസ് പറഞ്ഞു. വ്യാജ തിരിച്ചറിയൽ രേഖകളുമായാണ് ഇടനിലക്കാർ എംഎൽഎമാരുമായുള്ള ചർച്ചയ്ക്കായി രോഹിത് റെഡ്ഡിയുടെ ഫാം ഹൗസിലെത്തിയത്. ചർച്ചയെക്കുറിച്ച് രോഹിത് റെഡ്ഡിയാണ് പൊലീസിലും പരാതി നൽകിയിരുന്നത്.
ഓരോ എംഎൽഎമാർക്കും 50 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ടി.ആർ.എസിന്റെ ആരോപണം. കൂടാതെ ഒരു പ്രധാന നേതാവിന് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ഫാം ഹൗസിലെ റെയ്ഡിന് നേതൃത്വം നൽകിയ സൈബരാബാദ് പൊലീസ് കമ്മിഷണർ സ്റ്റീഫൻ രവീന്ദ്ര പറഞ്ഞിരുന്നു. പ്രധാനപ്പെട്ട സ്ഥാനങ്ങളും വാഗ്ദാനം ചെയ്തു.കാര്യങ്ങൾ ഏകോപിപ്പിച്ചതും മറ്റ് രണ്ട് പേരെ ഹൈദരാബാദിലെത്തിച്ചതും നന്ദകുമാറാണ്. ഇവർ വന്ന കാറും നിരവധി ബാഗുകളും പൊലീസ് പിടിച്ചെടുത്തു. രോഹിത് റെഡ്ഡി എംഎൽഎ വിവരം നൽകിയതിനെ തുടർന്നായിരുന്നു റെയ്ഡ്.
മറുനാടന് മലയാളി ബ്യൂറോ