കല്‍പ്പറ്റ: കടുവയുടെ ഭീഷണി തുടരുന്നു. ഈ സാഹചര്യത്തില്‍ പനമരം പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒമ്പത്, 14, 15 വാര്‍ഡുകളിലെയും കണിയാമ്പറ്റ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലെയും സ്‌കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഡി ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കും.

പച്ചിലക്കാട് പടിക്കംവയല്‍ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച എത്തിയ കടുവയെ ചൊവ്വാഴ്ച ചീക്കല്ലൂരിലെ പുളിക്കലില്‍ കാടുമൂടിയ വയലില്‍ വനംവകുപ്പ് കണ്ടെത്തിയതോടെയാണ് ആശങ്ക കൂടുന്നത്. രാത്രി വയലിലൂടെ രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചാണ് കടുവ പുളിക്കലില്‍ എത്തിയത്. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് കടുവയുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. വയനാട് വന്യജീവി സങ്കേതത്തില്‍ ഡാറ്റബേസിലുള്ള 'ഡബ്ല്യുഡബ്ല്യുഎല്‍ 112' കടുവയാണിത്.

ആരോഗ്യവാനായ അഞ്ച് വയസ്സുള്ള ആണ്‍ കടുവയാണ് ഭീതി പടര്‍ത്തുന്നത്. പാതിരി വനമേഖലയുടെ ഭാഗമായ നീര്‍വാരം വനത്തില്‍ നിന്നുമെത്തിയ കടുവ തിരിച്ച് കാടുകയറുമെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും. ഇതുവരെ ആളുകളെയോ വളര്‍ത്തുമൃഗങ്ങളെയോ ആക്രമിച്ചിട്ടില്ലാത്ത കടുവയാണിതെന്നതാണ് ഏക ആശ്വാസം.

കടുവ നിലയുറപ്പിച്ച പ്രദേശത്തിനുചുറ്റും നൂറിലധികം ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചിട്ടുണ്ട്. നീര്‍വാരം വനത്തിലേക്കുള്ള വഴിമാത്രം തുറന്നിട്ട് ജനവാസ മേഖലയെ സുരക്ഷിതമാക്കിയുള്ള ദൗത്യമാണ് നടക്കുന്നത്. അടിയന്തരഘട്ടമുണ്ടായാല്‍ മയക്കുവെടി വയ്ക്കും. മുന്‍കരുതലുകളുടെ ഭാഗമായി ഡോ. അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടര്‍മാരും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വ രാവിലെ മുത്തങ്ങയില്‍നിന്ന് രണ്ട് കുങ്കി ആനകളെയും സ്ഥലത്ത് എത്തിച്ചു. പുളിക്കലില്‍ ആടിനെ ഇരയാക്കിവച്ച് കടുവയ്ക്കായി കൂടും സ്ഥാപിച്ചിട്ടുണ്ട്.

പൊലീസുകാരുടെയും വനം ജീവനക്കാരുടെയും നേതൃത്വത്തില്‍ പട്രോളിങ്ങും ശക്തമാണ്. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. കടുവയെ രാത്രിയോടെ കുങ്കിയാനകളെ രംഗത്തിറക്കി വനമേഖലയിലേക്ക് മടക്കാനും അത് സാധ്യമല്ലെങ്കില്‍ കൂട്ടിലാക്കി പിടികൂടാനും ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ഡോ.പ്രമോദ് ജി. കൃഷ്ണന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇത് രണ്ടും സാധ്യമല്ലെങ്കില്‍ മയക്കുവെടി വച്ച് പിടികൂടും.

ചൊവ്വാഴ്ച രാവിലെ പനമരം മേച്ചേരി വയല്‍ പ്രദേശത്ത് കടുവയുടെ കാല്‍പാടുകള്‍ കണ്ടതാണ് വഴിത്തിരിവായത്. തിങ്കളാഴ്ച കടുവയുടെ ദൃശ്യം ഡ്രോണില്‍ പതിഞ്ഞ പടിക്കംവയലിലെ ജനവാസപ്രദേശത്തിന് ഏതാണ്ട് നാലു കിലോമീറ്റര്‍ ദൂരത്തായിരുന്നു ഇത്. പ്രദേശത്ത് ഭാരതീയ ന്യായസംഹിത വകുപ്പ് 163 പ്രകാരം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ വയലിനോട് ചേര്‍ന്നുള്ള കാടുപിടിച്ച പ്രദേശത്ത് കടുവയുടെ സാന്നിധ്യം വ്യക്തമാണ്.