കൽപറ്റ: വയനാട്ടിൽ കടുവാ ആക്രമണം അടക്കം പതിവാകുമ്പോൾ ആരോഗ്യ സംവിധാനങ്ങളുടെ കുറവും ഏറെ ചർച്ചയാകുകയായിരുന്നു. വയനാട്ടിൽ മെഡിക്കൽ കോളേജ് പേരിന് ഉണ്ടെങ്കിലും ഒരു സൗകര്യങ്ങളെല്ലാം കുറവാണ്. കടുവാ ആക്രമണത്തിൽ മരിച്ച തോമസിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. നാട്ടുകാരുടെ പ്രക്ഷോഭത്തിന് ഒടുവിലാണ് തോമസിന് നഷ്ടപരിഹാര തുക അടക്കം പ്രഖ്യാപിച്ചത്.

ഇന്ന് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന് യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചു കുടുംബം രംഗതത്തുവന്നു. കുടുംബത്തെ സന്ദർശിക്കാനെത്തിയ വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിക്കും ഉദ്യോഗസ്ഥർക്കും മുന്നിൽ തോമസിന്റെ മകൾ സോന പൊട്ടിക്കരഞ്ഞു. തോമസിനെ കൊണ്ടുപോയ ആംബുലൻസിൽ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ലെന്ന് സോന ആരോപിച്ചു.

''എന്റെ ചാച്ചനോ പോയി. ഇനിയെങ്കിലും ആർക്കും ഇതുപോലൊന്നും വരുത്തരുത്, പ്ലീസ്. അവിടെ മെഡിക്കൽ കോളജ് എന്നൊരു വലിയ പേര് എഴുതിവച്ചിട്ടുണ്ട്. എന്നാൽ, മരുന്നിനുപോലും ഡോക്ടറോ നഴ്‌സോ ഇല്ല'' രോഷവും സങ്കടവും നിറഞ്ഞ കരച്ചിലിനിടെ സോന പറഞ്ഞു. തോമസിനെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിക്കാൻ ഐസിയു സൗകര്യമുള്ള ആംബുലൻസ് ലഭിച്ചില്ലെന്നും കുടുംബാംഗങ്ങൾ പരാതിപ്പെട്ടു.

തോമസിന്റെ മരണത്തിൽ അനുശോചനം അറിയിക്കാൻ വിളിച്ച രാഹുൽഗാന്ധിയോടും കുടുംബം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ജില്ലാ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളജ് എന്നാക്കിയതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ കാലങ്ങളായി വ്യക്തമാക്കുന്നത്. ഇപ്പോഴും അത്യാവശ്യഘട്ടം വന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിനെയാണ് ആശ്രയിക്കുന്നത്.

തോമസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോ ഐസിയു സൗകര്യമുള്ള ആംബുലൻസ് പോലും നൽകിയിരുന്നില്ലെന്നും കുടുംബം പറയുന്നു. അതേസമയം വന്യമൃഗശല്യം രൂക്ഷമായ വയനാട്ടിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷിയോഗം നടക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ ഇന്ന് തോമസിന്റെ വീട് സന്ദർശിക്കും. തോമസിനെ ആക്രമിച്ച കടുവയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ വച്ചാണ് മയക്കുവെടിവെച്ച് കടുവയെ കീഴടക്കിയത്. കടുവയെ കുപ്പാടിയിലെ വന്യജീവി പരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

തൊണ്ടർനാട് പുതുശ്ശേരി പള്ളിപ്പുറത്ത് തോമസിനെ വ്യാഴാഴ്ച തറവാടുവീടിനു സമീപത്തെ കൃഷിയിടത്തിൽ വച്ചാണ് കടുവ ആക്രമിച്ചത്. വലതു തുടയെല്ലിനും കൈയ്ക്കും നെഞ്ചിനും ഗുരുതരമായി പരുക്കേറ്റ തോമസിനെ ഒപ്പമുണ്ടായിരുന്നവർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതമുണ്ടായി. കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.

ചെറിയ തോതിലുള്ള കൃഷിപ്പണികളും കൂലിപ്പണിയും ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാണ് തോമസ് കുടുംബം പോറ്റിയിരുന്നത്. ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. വീട് നിൽക്കുന്ന 10 സെന്റ് സ്ഥലവും തറവാട് വീടിനു സമീപത്തെ കുറച്ച് തോട്ടവും മാത്രമാണ് സ്വന്തമായി ഉള്ളത്. കുടുംബനാഥൻ നഷ്ടമായതോടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് കുടുംബം.