- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പട്ടാപ്പകൽ കടുവ വന്നു; ഉടമസ്ഥൻ നോക്കി നിൽക്കേ പശുവിനെ കടിച്ചു കീറി; ജീവൻ കൈയിലെടുത്ത് ദമ്പതികളുടെ പലായനം; ചിറ്റാർ കട്ടച്ചിറയിൽ ഭീതിയുടെ രാപ്പകലുകൾ; കൈമലർത്തി വനംവകുപ്പും
പത്തനംതിട്ട: ജനവാസ മേഖലകളിൽ രാത്രികാലങ്ങളിൽ മാത്രം അജ്ഞാത സാന്നിധ്യമായിരുന്ന കടുവ പട്ടാപ്പകലും നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയതോടെ ചിറ്റാർ കട്ടച്ചിറ നിവാസികൾ ഭീതിയിൽ. മുന്നിൽ വച്ച് തന്നെ പശുവിനെ ആക്രമിച്ച് കൊന്ന കടുവയുടെ വീര്യം നേരിട്ടു കണ്ട ദമ്പതികൾക്ക് ഇനിയും ശ്വാസം നേരെ വീണിട്ടില്ല. ഇരുളിന്റെ മറവിൽ വന്യമൃഗം ഇനി ആരെയാകും ഇരയാക്കുക എന്ന ഭയപ്പാടിലാണ് ഗ്രാമവാസികൾ. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് വനപാലകർ.
കട്ടച്ചിറയിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടു കൂടിയാണ് കടുവയുടെ ആക്രമണം നടന്നത്. കട്ടച്ചിറ ഈറനിൽക്കുന്നതിൽ വീട്ടിൽ അച്യുതന്റെ ഉടമസ്ഥതയിലുള്ള രണ്ടു പശുക്കളിൽ ഒന്നിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. അച്യുതനും ഭാര്യയും നോക്കി നിൽക്കുമ്പോഴാണ് സംഭവം. രാവിലെ അച്യുതനും ഭാര്യ ഉഷയും വീടിനു സമീപമുള്ള തോട്ടിൽ പശുക്കളെ കുളിപ്പിക്കാൻ കൊണ്ടു വന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ഒരു പശുവിനെ തോടിന്റെ കരയിൽ കെട്ടിയിരുന്നു. മറ്റൊന്നിനെ അച്യുതൻ തോട്ടിൽ കുളിപ്പിക്കുകയായിരുന്നു.
ഭാര്യ ഉഷ തോട്ടിൽ തുണി കഴുകുകയുമായിരുന്നു. പശുവിന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് കേട്ട് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. കരയിൽ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതു കണ്ട് പേടിച്ച് റോഡിലേക്ക് കയറി ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു.പിന്നീട് നാട്ടുകാർ കൂടിയപ്പോഴേക്കും കടുവ പശുവിനെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടി.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തെരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവം അറിഞ്ഞ കെ.യു. ജനീഷ് കുമാർ എംഎൽഎ സ്ഥലത്തെത്തി കടുവാ ഭീഷണി നേരിടാൻ നടപടികൾ സ്വീകരിക്കും എന്ന് നാട്ടുകാർക്ക് ഉറപ്പു നൽകി.
ഈ സംഭവത്തോടെ കട്ടച്ചിറ നിവാസികളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. നിരന്തരമായി ആനയുടെയും കരടിയുടെയും പന്നിയുടെയും കടുവയുടെയും ആക്രമണത്തെ ഭയന്ന് ഗ്രാമവാസികൾ ഒട്ടാകെ ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലാണ്. കഴിഞ്ഞ മാസം 21 ന് ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ വടശേരിക്കര മുക്കുഴിയിലും കടവ ഇറങ്ങി പോത്തിനെ കൊന്നിരുന്നു.