കൽപ്പറ്റ: വയനാട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പൊന്മുടി കോട്ട ഭാഗത്ത് ഭീതിപരത്തിയതെന്നു കരുതുന്ന കടുവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയിരിക്കുന്നത്. നെന്മേനി പാടി പറമ്പിൽ സ്വകാര്യ ത്തോട്ടത്തിൽ കുരുക്കിൽ പെട്ട് ചത്ത നിലയിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവാ ഭീതിയിലായിരുന്നു വയനാട്ടിലെ പൊന്മുടി കോട്ട പ്രദേശം.

ഈ പ്രദേശത്ത് നിരവധി വളർത്തുമൃഗങ്ങൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിരുന്നില്ല. അതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിൽ കടുവയെ മരിച്ച നിലയിൽ കണ്ടെത്തിയതും.

അതേസമയം കടുവശല്യം രൂക്ഷമായ പൊന്മുടിക്കോട്ടയിൽ കൂടുതൽ വനപാലകരെയും ആർ.ആർ.ടി. സംഘത്തെയും ഉടൻ എത്തിക്കുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎ‍ൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊന്മുടി കോട്ട, അമ്പുകുത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ കുറേ നാളുകളായി കടുവാ സാന്നിദ്ധ്യമുള്ളത്. രണ്ടു കടുവകൾ പ്രദേശത്തുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതാണ്. ഈ സാഹചര്യത്തിൽ കടുവകളെ പിടിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടുവരികയായിരുന്നു. എന്നിട്ടും അധികൃതർ വേണ്ടത്ര നടപടി എടുക്കുന്നില്ലെന്നായിരുന്നു ഉയർന്ന പരാതി

ജനുവരിയിൽ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മാനന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നിൽ തോമസ് എന്നയാളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജനുവരി 12നായിരുന്നു സംഭവം. കൃഷിയിടത്തിൽ നിൽക്കുകയായിരുന്ന സാലുവിനെ കടുവ ആക്രമിക്കുകയായിരുന്നു.

കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാലുവിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. സാലുവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

അതേസമയം കേരളത്തിൽ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 123 ജീവനുകൾ. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഏകദേശം 60ലധികം പേർ മരിച്ചത് പാമ്പ് കടിയേറ്റാണ്. സംസ്ഥാന വനംവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലും വന്യജീവി ആക്രമണത്തെപ്പറ്റി വിശദമാക്കുന്നുണ്ട്.