കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവാക്രമണം. ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചു കൊന്നു. വീട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ആടിനെ ഉപേക്ഷിച്ച് കടുവ പോകുകയായിരുന്നു. വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.

ഇതോടെ കടുവ പിടിച്ച വളര്‍ത്തുമൃഗങ്ങളുടെ എണ്ണം നാലായി. ഇന്നലെ തൂപ്രയില്‍ ഒരാടിനെ കടുവ കൊന്നിരുന്നു. ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. ഇന്നു തന്നെ കടുവയെ പിടികുടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുവയെ കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കടുവയെ നിരീക്ഷിച്ചു വരികയാണ്. എന്നാല്‍ കാപ്പിത്തോട്ടത്തിനുള്ളില്‍ വെച്ച് മയക്കുവെടി വെക്കുക ദുഷ്‌കരമാണ്. അതിനാല്‍ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടി വെച്ച് പിടികൂടാനാണ് ശ്രമം നടത്തുന്നതെന്നും ഡിഎഫ്ഒ അറിയിച്ചു.

മേഖലയില്‍ നാലുകൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവ ഇപ്പോഴും കാണാമറയത്താണ്. വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഏതു വിധേനയും കൂട്ടിലേക്ക് കടുവയെ കയറ്റാനുള്ള ദൗത്യമാണ് തുടരുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

കുങ്കികളായ വിക്രമിനെയും സുരേന്ദ്രനെയും ഉപയോഗിച്ചുള്ള തിരച്ചിലും നടത്തിയരുന്നു. എല്ലാ വര്‍ഷവും വന്യജീവി ആക്രമണം ഉണ്ടാകുന്നതോടെ കടുത്ത ആശങ്കയിലാണ് പുല്‍പ്പള്ളി അമരക്കുനിയിലെ പ്രദേശവാസികള്‍. ഇത്തവണയെത്തിയ കടുവ ഒരാഴ്ചയായി സമീപത്തു തന്നെ നിലയുറപ്പിച്ചതോടെ ജോലിക്കു പോകാന്‍ പോലുമാവാതെ പ്രതിസന്ധിയിലാണ് നാട്ടുകാര്‍.

വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ഗ്രാമമാണ് അമരക്കുനി. എല്ലാ കാലവും വന്യജീവി ആക്രമണമുണ്ടാകുന്ന ഇടം. ഇത്തവണയും മുറ തെറ്റാതെ കടുവയെത്തി, വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു. ഏഴു ദിവസമായി കടുവ പ്രദേശത്ത് തുടരുകയാണ്. നെഞ്ചിടിപ്പിലാണ് പ്രദേശവാസികള്‍. പലതവണ കടുവ വീടുകളിലെത്തി, ചിലരുടെ മുന്നിലും പ്രത്യക്ഷപ്പെട്ടു. ഇതോടെ പകല്‍ സമയം പോലും പുറത്തിറങ്ങാന്‍ ഭയമാണ്. ജോലിക്കു പോകാന്‍ പോലും പറ്റാത്ത ആശങ്കയിലാണ് നാട്ടകാര്‍.

കഴിഞ്ഞ വര്‍ഷവും ഇതേ സമയം കടുവയെത്തിയിരുന്നു. വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചതോടെ വലിയ പ്രതിഷേധങ്ങള്‍ക്ക് അന്ന് സാക്ഷിയായി. കടുവയെ പിടിക്കാന്‍ വനം വകുപ്പ് പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. കൂട് വച്ചും കുങ്കികളെ ഉപയോഗിച്ചും കടുവയെ അകപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പിടിതരാതെ കടുവ പ്രദേശത്ത് തന്നെ തുടരുന്നതില്‍ നാട്ടുകാര്‍ക്ക് കടുത്ത ആശങ്കയുണ്ട്.