- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുനാട്ടിൽ തുടരെയുള്ള കടുവ ആക്രമണത്തിൽ ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ; ഒരു ക്ഷീരകർഷകന്റെ പശുവിനെ കൂടി കടുവ ആക്രമിച്ച് കൊന്നു; പകൽ സമയത്തും കടുവ എത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ; കൂട് വയ്ക്കണമെന്ന മുറവിളി ഉയരുന്നു
റാന്നി: പെരുനാട്ടിൽ തുടരെയുള്ള കടുവ ആക്രമണത്തിൽ ഒരു പശുകൂടി ചത്തു. മൂന്നാം ദിവസവും ഉറക്കം നഷ്ടപ്പെട്ടു പ്രദേശവാസികളായ നാട്ടുകാർ. പെരുനാട് ബഥനി പുതുവെൽ മാപ്രേത്ത് വീട്ടിൽ ക്ഷീര കർഷകനായ എബ്രഹാമിന്റെ പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്. രണ്ടു ദിവസം മുൻപ് ഇവിടെ നിന്നും ഒന്നര കിലോമീറ്റർ ദൂരത്ത് വളവനാൽ റെജി തോമസിന്റെ നാലുമാസം ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ചതിന് പിന്നലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
വൈകിട്ട് അഞ്ചു മണിയോടെ വീട്ടുമുറ്റത്തു നിന്ന പശു കിടാവിനെ വീണ്ടും ആക്രമിക്കുന്നത് റെജി നേരിട്ട് കണ്ടതോടെയാണ് കടുവയാണ് പശുവിനെ കടിച്ചു കൊന്നതെന്ന് സ്ഥിരീകരിച്ചത്. പകൽ സമയത്തും കടുവ എത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ജനങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഒരുപോലെ വന്യമൃഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവിടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.
സി.സി എഫിന്റെ അനുമതി കിട്ടിയാൽ മാത്രമെ കൂടു സ്ഥാപിക്കാൻ കഴിയു എന്ന നിലപാടിലാണ് വനം വകുപ്പുദ്യോഗസ്ഥർ. ഇന്നലെ വീണ്ടും ആക്രമണം ഉണ്ടായതോടെ റാന്നി ഡി എഫ് ഒ സ്ഥലം സന്ദർശിച്ച് കൂടുവെക്കാനായുള്ള നടപടികൾ സ്വീകരിച്ചതായി നാട്ടുകാർ പറഞ്ഞു . പശുവിന്റെ നഷ്ടത്തിനൊപ്പം മറവു ചെയ്യുന്നതുൾപ്പെടെയുള്ള മറ്റുചെലവുകളും കർഷകർ സ്വയം വഹിക്കേണ്ടി വന്നതല്ലാതെ ബന്ധപ്പെട്ട വകുപ്പിൽ നിന്നും സഹായം ലഭിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് നാട്ടുകാർ.
മേഖലയിൽ കാട്ടുപന്നി ഉൾപ്പടെ മറ്റു കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളുടെ ശല്യത്തിനു പിന്നാലെ കടുവയുടെ സാന്നിധ്യം കൂടെ എത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ് ജനങ്ങൾ. വടശ്ശേരിക്കര മേഖലയിലും സമാനമായി കഴിഞ്ഞ ദിവസം വളർത്തു നായയെ വന്യമൃഗം കടിച്ചു കൊന്നിരുന്നു. ഇതോടെ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും പകൽ സമയത്തുപോലും പുറത്തിറങ്ങാൻ പറ്റാതെയായി.
ഈ പ്രദേശങ്ങളിൽ ചെറുതും വലുതുമായ അറുപത്തഞ്ചിലധികം തോട്ടങ്ങളും, എസ്‌റേറ്റുകളും ഉണ്ട്. എന്നാൽ ഇവിടെയെല്ലാം വന്യജീവികൾക്ക് താമസിക്കുവാൻ കഴിയുന്ന തരത്തിൽ കാടുകൾ വളന്നു നിൽക്കുകയാണ്. തുടരെയുള്ള വന്യജീവി ആക്രമണങ്ങൾക്ക് പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത് ഇതാണ്. പഞ്ചായത്തുകൾ ഇടപെട്ടു കാടുകൾ വെട്ടിത്തെളിപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയും കടുവയും ആനയും കാടുവിട്ടു നാട്ടിലേക്ക് ഇരച്ചെത്തുന്നത് തടയാൻ വനംവകുപ്പ് നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുമെന്ന് പ്രദേശത്തെ ജനങ്ങൾ പറയുന്നു .
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്