പേരാവൂർ: ഉളിക്കൽ മേഖലയിൽ ഇറങ്ങിയ കടുവയുടെ ദൃശ്യം ആറളം ഫാമിൽ നിന്നും ലഭിച്ചു. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവ ഇപ്പോഴുള്ളത്. ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളിൽ നിന്നാണ് മൊബൈലിൽ ദൃശ്യം പകർത്തിയത്. 10 ദിവസത്തിനിടെ മൂന്ന് പഞ്ചായത്തുകളിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതുകൊണ്ടു തന്നെ ഇതിനെ വനത്തിലേക്ക് തുരത്തുകയെന്നത് ഏറെ ദുഷ്‌കരമാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഉളിക്കൽ മേഖലയിൽ ഭീതി പരത്തിയ കടുവയെ തിരയുന്നത് വനം വകുപ്പ് അധികൃതർ നിർത്തിയിരുന്നു.

ഉളിക്കൽ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ആറളം ഫാമിലേക്ക് കടന്നതോടെ വെട്ടിലായത്് ഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളികളും ഇവിടെ വസിക്കുന്ന നൂറുകണക്കിന് ദളിത് കുടുംബങ്ങളുമാണ്. ഫാമിൽ കടുവ കയറിയതിനാൽ ഇനി തെരച്ചിൽ നടത്തേണ്ടതില്ലെന്ന വാദമുയർത്തി വനംവകുപ്പ് ഇന്നലെ ഉച്ചയോടെ തിരച്ചിൽ മതിയാക്കി പോയി.

ഇതോടെ കാട്ടാനപ്പേടി കൂടാതെ കടുവയെയും ഭയക്കേണ്ട അവസ്ഥയിലായി ഇവിടെയുള്ള പാവങ്ങൾ. കഴിഞ്ഞ എട്ടുവർഷത്തിനിടെ പന്ത്രണ്ടു പേരാണ് ആറളം ഫാമിൽ കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ടത്. ഇപ്പോഴും ഇവർ ജീവഭയത്തിലാണ് കഴിയുന്നത്. തൊട്ടടുത്ത കർണാടക വനത്തിൽ നിന്നാണ് കാട്ടാനകളിലിറങ്ങി ഫാമിൽ തമ്പടിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഫാമിൽ വ്യാപകമായ കൃഷിനാശമാണ് വരുത്തി വയ്ക്കുന്നത്.

ഇതുകാരണം കൃഷിയിറക്കാൻ കഴിയാത്ത സ്ഥലങ്ങൾ മൂന്നാൾ പൊക്കത്തിലുള്ള ഈറ്റക്കാടുകളായി മാറിയിരിക്കുകയാണ്. ഇതിനിടെയിൽ കടുവ കയറിപ്പറ്റിയാൽ ഡ്രോൺ പറത്തിയാൽ പോലും കണ്ടെത്താനാവില്ല. എന്നാൽ ഫാം വഴി പത്തുകിലോമീറ്റർ അകലെയുള്ള വന്യജീവി സങ്കേതത്തിലേക്ക് കടുവ പോയിക്കൊള്ളുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വനംവകുപ്പ്. അഥവാ പോയില്ലെങ്കിൽ ആറളം ഫാം ആദിവാസി മേഖലയിലടക്കം ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന ഉപദേശവും നൽകാൻ ഇവർ മറന്നിട്ടില്ല. അക്രമകാരിയെല്ലാഞ്ഞിട്ടു കൂടിയും തുടക്കത്തിലെ കടുവയെ മയക്കുമരുന്ന് വെടിവച്ചു പിടികൂടാൻ വനംവകുപ്പിന്കഴിഞ്ഞില്ലെന്ന ആരോപണം പ്രദേശവാസികൾ ഉയർത്തിയിരുന്നു. പടക്കം പൊട്ടിച്ചു കടുവയെ വനത്തിലേക്ക്തുരത്താൻ ശ്രമിച്ചതാണ് ജനവാസ കേന്ദ്രങ്ങളിൽകൂടുതൽ ദിവസങ്ങളിൽ കടുവതങ്ങാൻ ഇടയാക്കിയത്.

എട്ട് ദിവസം ജനവാസമേഖലയെ ഭീതിയിലാഴ്‌ത്തിയ കടുവ ആറളം വന്യജീവി സങ്കേതത്തിലേക്ക് പോയെന്ന നിഗമനത്തിൽ വനംവകുപ്പ് തിരച്ചിൽ അവസാനിപ്പിച്ചു പെട്ടിയുമെടുത്തു മടങ്ങുമ്പോൾ ജനങ്ങളിൽ ആശങ്ക ഇപ്പോഴും മാറിയിട്ടില്ല.കടുവയുടെ കാൽപ്പാട് പിന്തുടർന്നശേഷമാണ് ഈ നിഗമനത്തിലെത്തിയതെന്ന് കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത് അറിയിച്ചു. വ്യാഴം രാത്രി എടൂർ ടൗൺ റോഡിൽ കടുവയുടെ കാൽപ്പാട് കണ്ടിരുന്നു.

വെള്ളിയാഴ്ച ചെടിക്കുളത്തെ കൊക്കോട്ടെ വയലിങ്കൽ ജിജിയുടെ പാടവരമ്പിലെ ചെളിയിൽ പുതഞ്ഞനിലയിലും കാൽപ്പാടുകൾ കണ്ടെത്തി. വനപാലകർ നടത്തിയ തിരച്ചിലിൽ കൊക്കോട് പുഴയിറമ്പിലും അടയാളങ്ങൾ കണ്ടെത്തി. ഇതോടെ ആറളം ഫാം വഴി പത്ത് കിലോമീറ്റർ അകലെയുള്ള വന്യജീവി സങ്കേതത്തിലേക്ക് കടുവ പോയെന്ന് അനുമാനിക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.കഴിഞ്ഞ വെള്ളിയാഴ്‌ച്ച പകൽ പതിനൊന്നരയോടെയാണ് തിരച്ചിൽ നിർത്തിയത്. എട്ട് ദിവസം മുമ്പ് ഉളിക്കൽ പീടികക്കുന്നിലാണ് ആദ്യ കടുവാ സാന്നിധ്യമുണ്ടായത്. പായം, അയ്യങ്കുന്ന് പഞ്ചായത്ത് മേഖല വഴിയാണ് ആറളത്തെത്തിയത്.