തിരുവനന്തപുരം: ചിറയൻ കീഴിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ച സംഭവത്തിൽ വൻദുരന്തം വഴിമാറ്റിയത് ബസിലെ ഡ്രൈവറുടയും കണ്ടക്ടറുടെയും സമയോചിത ഇടപെടൽ.കൃത്യസമയത്ത് ബസ്സിൽ നിന്നും യാത്രക്കാരെ ഇറക്കുകയും സമീപത്തെ വീടുകളിൽ വിവരമറിയിച്ച് വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തതാണ് വൻദുരന്തം വഴിമാറ്റിയത്.ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്.

സംഭവം നടക്കുന്ന സമയം 29 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.ആറ്റിങ്ങൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.അഴൂർ കാറ്റാടിമുക്കിലെ കയറ്റം കയറുന്നതിനിടെയാണ് ബസിന്റെ എഞ്ചിന്റെ ഭാഗത്തു നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം നാട്ടുകാർ ഡ്രൈവറോട് വിളിച്ചു പറയുകയായിരുന്നു.

അപ്പോഴാണ് ബസ് ജനവാസകേന്ദ്രത്തിലാണ് എന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്.ഉടൻ തന്നെ ബസ് കുറച്ച്കൂടി മുന്നിലേക്ക് മാറ്റി നിർത്തി യാത്രക്കാരെ മുഴുവൻ ഇറക്കി.പിന്നാലെ സമീപത്തെ വീടുകളിലേക്ക് ഓടിയെത്തി ബസിന് തീപിടിച്ചിട്ടുണ്ടെന്നും ഗ്യാസ് ഓഫ് ചെയ്യണമെന്നും പറഞ്ഞു.ഇവരുടെ വാക്കുകളോട് ജനങ്ങളും സഹകരിച്ചതോടെ ദുരന്തം വഴിമാറുകയായിരുന്നു.പിന്നാലെ ഫയർഫോഴ്‌സിലും വിവരമറിയിച്ചു.

ഇതിനു പിന്നാലെയാണ് ബസിൽ തീ ആളിപ്പടർന്നത്.യാത്രക്കാരെ ബസിൽ നിന്നും ഇറക്കി സുരക്ഷിതരാക്കിയതിനാൽ ആർക്കും പരിക്കില്ല. ഫയർ ഫോഴ്സിനെ വിവരമറിയിച്ചതോടെ അവർ സ്ഥലത്തെത്തി.ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്‌സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. ഏകദേശം 15 മിനിട്ടോളം എടുത്താണ് തീയണച്ചത്.

ബസ് ജീവനക്കാരുടെ ഇടപെടലിൽ യാത്രക്കാരും നന്ദിയറിയിച്ചും അഭിനന്ദിച്ചും രംഗത്തെത്തി. ഇന്ന് 11.45ഓടെയാണ് സംഭവം.ചിറയിൻ കീഴിൽ നിന്നും കണിയാപുരത്തേക്ക് പോയ ബസിനാണ് തീപിടിച്ചത്.കാറ്റാടിമുക്കിൽ ഒരു കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്നിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.ബസ് പൂർണ്ണമായും കത്തിനശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി. പൊലീസ് പരാതി അന്വേഷിച്ചു വരികയാണ്.