- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു; പല്ലുകൾ പൊടിഞ്ഞു തുടങ്ങി; ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു; ഇപ്പോൾ പല്ല്... അടുത്തത് എല്ലു പൊടിയും; സിനിമാക്കാർക്ക് കല ലഹരിയാകണം; മകനെ അഭിനയിക്കാൻ വിടാത്തത് ലഹരി ഭയത്തിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ടിനി ടോം; എക്സൈസ് അന്വേഷണം നിർണ്ണായകമാകും
ആലപ്പുഴ: പൊതു വേദിയിൽ എല്ലാം തുറന്നു പറഞ്ഞ് നടൻ ടിനി ടോം. സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തി ടിനി ടോം ചർച്ചകൾക്ക് പുതുമാനം നൽകുകയാണ്. മകനു സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം. കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യാതിഥിയായി എത്തിയ ടിനി ടോം പ്രമുഖ താരങ്ങളുടെ ശബ്ദം അനുകരിച്ച് സദസ്സിനെ കയ്യിലെടുത്തു. ഇതിനൊപ്പമാണ് ലഹരിയിലെ വെളിപ്പെടുത്തൽ.
''സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവൾക്ക്. സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 161-8 വയസ്സിലാണു കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളു'' ടിനി ടോം പറഞ്ഞു. ലഹരിക്ക് അടിമയായ ഒരു നടനെ ഈയിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതു കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നു പലരും പറയുന്നു. ഇപ്പോൾ പല്ല് , അടുത്തത് എല്ലു പൊടിയും. അതു കൊണ്ടു കലയാകണം നമുക്ക് ലഹരി ടിനി ടോം പറഞ്ഞു.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിൽ സർക്കാർ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടനും അമ്മ എക്‌സിക്യൂട്ടിവ് അംഗവുമായ ടിനി ടോമിനെ മൊഴിയെടുക്കാൻ എക്‌സൈസ് വകുപ്പ് വിളിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ കൈവശമുണ്ടെന്ന ടിനി ടോമിന്റെ വെളിപ്പെടുത്തലിലാണു മൊഴിയെടുക്കൽ. ടിനിയുടെ മൊഴി എടുത്ത ശേഷം ആന്റണി പെരുമ്പാവൂരിനേയും വിളിപ്പിക്കും. നടൻ ബാബു രാജിന്റെ വെളിപ്പെടുത്തലും ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഈ മൊഴികളിൽ ബാബുരാജ് പറയുന്നതാകും കൂടുതൽ നിർണ്ണായകം. ഇതിനിടെയാണ് കൂടുതൽ വെളിപ്പെടുത്തൽ ടിനി ടോം നടത്തുന്നത്. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക താരസംഘടനയുടെ കൈവശമുണ്ടെന്ന ആരോപണത്തിൽ നടൻ ബാബുരാജിനെയും എക്‌സൈസ് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചേക്കും. ഗുരുതര ആരോപണമാണ് ബാബു രാജ് ഉന്നയിച്ചിട്ടുള്ളത്.
ലഹരി ഉപയോഗിക്കുന്നവരെ എല്ലാവർക്കും അറിയാം. പക്ഷെ, പട്ടിക തയാറാക്കിയിട്ടില്ലെന്നു വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു വ്യക്തമാക്കി. ലഹരി ഉപയോഗിക്കുന്നവരാൽ സിനിമാ മേഖല ബുദ്ധിമുട്ടുകയാണെന്നതു വാസ്തവമാണ്, എന്നാലും സംഘടന അത്തരമാളുകളുടെ പട്ടിക തയാറാക്കി സൂക്ഷിക്കുകയെന്നതു പ്രായോഗികമല്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു. അതേസമയം, ലഹരി ഉപയോഗം ശരിയല്ലെന്നു മാത്രമേ ഈ ഘട്ടത്തിൽ പ്രതികരിക്കാനാകൂ എന്ന് എക്‌സിക്യൂട്ടീവ് അംഗം സുധീർ കരമന പറഞ്ഞു.
ലഹരി ഉപയോഗത്തെക്കുറിച്ചു ചർച്ചചെയ്ത അമ്മയുടെ കഴിഞ്ഞ യോഗത്തിൽ പങ്കെടുക്കാത്തതിനാൽ ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനാകില്ലെന്നും സുധീർ വ്യക്തമാക്കി. രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കാനാകില്ലെന്നു കഴിഞ്ഞ ദിവസം ഫെഫ്കയുമായുള്ള ചർച്ചയിൽ നിർമ്മാതാക്കൾ നിലപാടെടുത്തതോടെയാണു സിനിമാമേഖലയിലെ ലഹരി ഉപയോഗം വീണ്ടും സജീവ ചർച്ചയായത്. ഇതിനിടെയാണ് ബാബുരാജും ടിനു ടോമും പരസ്യമായ നിലപാടുകൾ എടുത്തത്. ഇതോടെ ഇവരിൽ നിന്നും എക്സൈസിന് വിവരം തേടേണ്ട സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെയാണ് അന്വേഷണവുമായി സഹകരിക്കുമെന്ന് പരസ്യമായി ടിനി ടോം പ്രഖ്യാപിക്കുന്നത്.
മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിരവധി വിമർശനങ്ങളാണ് ഈയടുത്തായി ഉയരുന്നത്. മുതിർന്ന നടന്മാരും സംവിധായകരും അടക്കമുള്ളവർ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് എത്തുകയാണ്. സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണത്തിൽ താരസംഘടനയായ 'അമ്മ'യിൽനിന്നടക്കം വിവരങ്ങൾ തേടാൻ ഒരുങ്ങുകയാണ് എക്സൈസ് വകുപ്പ്.
മറുനാടന് മലയാളി ബ്യൂറോ