- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാറി ഉൽപ്പന്നങ്ങൾക്കും ഇനി തമിഴ്നാടിനെ ആശ്രയിക്കണമോ? സർക്കാർ റോയൽറ്റി വർധിപ്പിച്ചതിന്റെ മറവിൽ അന്യായമായ വില വർദ്ധന; പ്രതിഷേധവുമായി ടിപ്പർ ലോറികളുടെ സംഘടന; ക്വാറി ഉടമകളുമായി ചർച്ച നടത്തിയ സർക്കാർ തങ്ങളുടെ വിഷമം കണ്ടില്ലെന്ന് നടിച്ചെന്നും പരാതി
കോട്ടയം: അന്യായമായ കരിങ്കൽ ക്വാറി വില വർധനവ് നിർമ്മാണ മേഖലയെ പ്രതിസന്ധിലാക്കുമെന്ന് ടിപ്പർ ഓണേഴ്സ് ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ. സർക്കാരിന്റെ ഭേദഗതിയിൽ റോയൽറ്റിയും നികുതിയും വർധിപ്പിച്ചതോടെ ക്വാറികൾ അന്യായമായി വില കുത്തനെ ഉയർത്തുകയായിരുന്നു.
കരിങ്കല്ലിന് ഒരു ടണ്ണിന് 24 രൂപയാണ് സർക്കാർ വർധിപ്പിച്ച റോയൽറ്റി. എട്ട് വർഷത്തിന് ശേഷം റോയൽറ്റി 48 രൂപയായി മാറി. എന്നാൽ ക്വാറി ഉടമകൾ ഒരു അടിക്ക് 10 രൂപ മുതൽ 15 രൂപ വരെയാണ് വാങ്ങുന്നത്. ഇതിനെതിരെയാണ് 20 ദിവസത്തോളമായി ടിപ്പർ ഓണേഴ്സ് ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ പണിമുടക്കി പ്രതിഷേധിക്കുന്നത്. ഈ വിവരം ജില്ല കളക്ടറെയും ബന്ധപ്പെട്ട അധികൃതരെയും രേഖാമൂലം അറിയിച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് ജില്ല പ്രസിഡന്റ് സുലൈമാൻ പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽ ഇവിടുത്തെ വിലയുടെ പകുതി വിലയാണുള്ളത്. ഒരടി മെറ്റലിന് 14 രൂപയാണ് തമിഴ്‌നാട്ടിലെ വില. ഇപ്പോൾ തന്നെ തമിഴ്‌നാട്ടിൽ നിന്നും ക്വാറി ഉൽപ്പന്നങ്ങൾ എത്തിക്കുന്നുണ്ട്. റോയൽറ്റിയുടെ മറവിൽ തുക വർധിപ്പിച്ചതോടെ കരിങ്കൽ, എം. സാൻഡ്, പി സാൻഡ്, മെറ്റൽ എന്നിവയ്ക്ക് ഒരു ലോഡിന് 2000 രൂപയാണ് അധികം വാങ്ങേണ്ടി വരിക. ഈ വിഷയത്തിൽ ബിൽഡിങ് കോൺട്രാക്ടേഴ്സ്് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു.
എന്നാൽ ഇവരുടെയൊന്നും പ്രതിഷേധം കാണാതെയാണ് സർക്കാർ ക്വാറി ഉടമകളുമായി ചർച്ച നടത്തിയത്. ചർച്ചയിൽ അമിതമായി വില വർധിപ്പിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇപ്പോഴും അമിത വില തന്നെയാണ് വാങ്ങുന്നത്. സാധാരണക്കാരന് ഗുണകരമാകുന്ന രീതിയിലുള്ള പരിശോധന നടക്കുന്നില്ല. അതത് ജില്ലകളിൽ വില നിർണയിക്കുന്നതിന് റെഗുലേറ്ററി അഥോറിറ്റിയെയും നിയമിക്കുമെന്ന് ചർച്ചയിൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ ഭേദഗതി ചെയ്ത കെ. എം. എം. സി. നിയമത്തിലെ അപാകതകൾ പരിഹരിക്കുക, പട്ടയ ഭൂമിയിലെ ഖനനം നിയമാസൃതമാക്കാനുള്ള നടപടിയെടുക്കുക, സർക്കാർ ഭൂമിയിൽ നൽകി വന്നിരുന്ന ഖനനാനുമതി പുനഃസ്ഥാപിക്കുക, അനാവശ്യ പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ക്വാറി ഉടമകൾ സമരം ചെയ്തത്. പുതിയ ഭേദഗതി പ്രകാരം റോയൽറ്റി 28 ൽ നിന്ന് 48 ആക്കി വർധിപ്പിച്ചപ്പോൾ സെക്യുരിറ്റി ഫീസ് ഒരു ലക്ഷം എന്നത് അഞ്ച് ലക്ഷം ആക്കി. ലീസ് നിയമം തെറ്റിച്ചാൽ പിഴ 25000 എന്നത് അഞ്ച് ലക്ഷമാക്കി. വില വർധനവിൽ നിർമ്മാണ മേഖലയും പ്രതിസന്ധിയിലായി കഴിഞ്ഞു. ലൈഫ് മിഷൻ, റോഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തികൾ അനിശ്ചിതത്വത്തിലാകും. ടിപ്പർ സംഘടനകൾക്ക് പുറമെ അനുബന്ധ ജോലികൾ ചെയ്യുന്നവരുടെ സംഘടനകളും ഉടൻ വൻ പ്രതിഷേധത്തിലേയ്ക്ക് ഇറങ്ങുമെന്നാണ് സൂചന.