കോഴിക്കോട്: കേരളം കടുത്ത വേനൽച്ചൂടിലേക്ക് കടന്നതോടെ, എങ്ങനെ നിങ്ങളുടെ വീട്ടിലെ ചൂട് കുറക്കാം എന്ന ടിപ്പ്സും സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. 'വീട്ടിലെ ഫാൻ മാത്രം ഉപയോഗിച്ചുകൊണ്ട് എക്സ്ട്രാ ഒരു രൂപപോലും ചെലവില്ലാതെ, നനഞ്ഞ തുണി ഉപയോഗിച്ചു വീട്ടിൽ എ സിയുടെ തണുപ്പുണ്ടാക്കാം' എന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.

പലരും ഈ ടിപ്പ്സ് അനുകരിക്കുന്നുമുണ്ട്. പക്ഷേ ഇത് പൂർണ്ണമായും അസംബന്ധമാണെന്നും, ചൂട് കുറക്കുന്നതിന് പകരം ചൂട് കൂട്ടുകയാണ് ഇത്തരം ടിപ്സ് ഫോളോ ചെയ്താൽ ഉണ്ടാവുക എന്നും വിശദീകരിക്കയാണ്, ശാസ്ത്രപ്രചാരകൻ ശാസ്ത്രലോകം ബൈജുരാജ്. തന്റെ ശാസ്ത്രലോകം ഫേസ്‌ബുക്ക് പേജിലെ പുതിയ വീഡിയോയിൽ അദ്ദേഹം ഈ ആശയമാണ് പങ്കുവെക്കുന്നത്

.https://www.facebook.com/SasthralokamBaijuraj/videos/120289691036473

നമുക്ക് പരീക്ഷിച്ച് അറിയാം

ശാസ്ത്രലോകം ബൈജുരാജ് ആദ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ടിപ്പ് വീഡിയോ കാണിച്ചാണ് തുടങ്ങുന്നത്. ആ വീഡിയോയിൽ ഒരു സ്ത്രീ കാര്യങ്ങൾ ഇങ്ങനെ വിശദീകരിക്കുന്നു. 'ഹായ് ഫ്രണ്ട്സ്, നല്ല കൊടും ചൂട് അല്ലേ. ഈ ചൂടിൽ എ സി ഇടാതെ തന്നെ നമുക്ക് എ സിയുടെ ഇഫക്റ്റ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇന്നത്ത വീഡിയോയിൽ കാണിക്കുന്നത്. ഒരു ബക്കറ്റിൽ മുക്കാൽ ഭാഗത്തോളം വെള്ളം നിറച്ച്, അത് മുറിയിൽ ഫാനിന്റെ ചുവട്ടിൽ വെക്കുക. ഫാൻ ഇങ്ങനെ തിരിയുമ്പോൾ കുറേ നേരം കഴിയുമ്പോൾ മുറിയിൽ മുഴുവൻ, നല്ല തണുപ്പായിട്ട് വരും. ഇനി അടുത്ത ടിപ്പ് എന്ന് പറയുന്നത്, കട്ടിയുള്ള ബെഡ്ഷീറ്റോ തുണികളോ എന്തെങ്കിലും എടുക്കുക, അത് നനച്ചിട്ട്, ഒന്നുകിൽ ഒരു അയ കെട്ടിയിട്ട്, അയയിൽ തുണി വിരിച്ചിടുക. അല്ലെങ്കിൽ നിലത്ത് വിരിച്ചിടുക. അതിന്റെ ഈർപ്പം ഇങ്ങനെ നിൽക്കുമ്പോൾ ഒട്ടും തന്നെ ചൂട് അറിയില്ല'- ഇങ്ങനെയാണ് ആ വീഡിയോ അവകാശപ്പെടുന്നത്.

എന്നാൽ ഇതിന്റെ സത്യാവസ്ഥ പരീക്ഷിച്ച് കണ്ടെത്തുകയാണ് ബൈജുരാജ്. 'നമുക്ക് ഈ പരീക്ഷണം ഒന്ന് ചെയ്തുനോക്കി വീട്ടിൽ തണുപ്പ് കൂടുതൽ ഉണ്ടോ എന്ന് നോക്കാം. ഞാനിപ്പോൾ ഉള്ളത് എറണാകുളം ജില്ലയിലാണ്. ഇപ്പോൾ വൈകീട്ട്, 7 മണിയായി. താപനിലയും, ഹ്യുമിഡിറ്റിയും നോക്കാം. ടെമ്പറേച്ചർ 31 ഡിഗ്രി സെൽഷ്യസും, ഹ്യുമിഡിറ്റി 74 ശതമാനവുമാണ്്. ഇവിടെ നമ്മൾ വെള്ളം എടുത്ത് ബക്കറ്റിൽ വെച്ചിട്ടുണ്ട്. ഫാൻ ആണെങ്കിൽ മാക്സിമം സ്പീഡിലും ഇട്ടിട്ടുണ്ട്. ഇനി നമുക്ക് ഒരു മണിക്കൂറിനുശേഷം താപനിലയും, ഹ്യുമിഡിറ്റിയും പരിശോധിക്കാം.

ഇപ്പോൾ സമയം എട്ടുമണിയായിട്ടുണ്ട്. ചൂട് അതുതന്നെയാണ് 31 ഡിഗ്രി സെൽഷ്യസ്. പക്ഷേ ഹ്യുമിഡിറ്റി അൽപ്പംകൂടി 75 ശതമാനം ആയിരിക്കയാണ്. എനിക്ക് ചൂടിൽ കാര്യമായ വ്യത്യാസം അനുഭവപ്പെടുന്നില്ല, 7 മണിയിലെ അതേപോലെയാണ് കാര്യങ്ങൾ. ഇനി നമുക്ക് ഈ ബക്കറ്റിൽ വെച്ചിരിക്കുന്ന വെള്ളം കുടാതെ, തുണി ഒരു ബെഡ്ഷീറ്റിൽ നനച്ച് അയയിൽ ഇടാം. ഇപ്പോൾ സമയം രാത്രി 11 മണിയായി. നമ്മൾ പരീക്ഷണം തുടങ്ങിയത് 7 മണിക്കാണ്. നാലു മണിക്കുർ കഴിഞ്ഞു. ഇവിടെ ടെമ്പറേച്ചർ 29 ഡിഗ്രി സെൽഷ്യസ് ആണ്. അതായത് രണ്ട് ഡിഗ്രി കുറഞ്ഞു. അത് ഒരുപക്ഷേ രാത്രി ആയതിനാൽ ആവാം. സൂര്യൻ അസ്തമിച്ച് ഇത്രയും സമയം കഴിയുമ്പോൾ രണ്ട് ഡിഗ്രി സെൽഷ്യസ് കുറയുന്നത് സ്വാഭാവികം മാത്രമാണ്. എന്നാൽ ഹ്യുമിഡിറ്റിയാവട്ടെ 76 ശതമാനവും, ഹ്യുമിഡിറ്റി അൽപ്പം കുടിയിട്ടുണ്ട്. എനിക്ക് തണുപ്പായിട്ടില്ല കുറച്ചുകൂടി ചുട് ആയിട്ടാണ് തോന്നുന്നത്. വെള്ളം വെക്കാത്ത അടുത്ത ബെഡ്റൂമിൽ പോയപ്പോൾ അവിടെയും ചൂട് 29 ഡിഗ്രിയാണ്. പക്ഷേ അവിടെ ഹ്യുമിഡിറ്റി 74 ശതമാനമേയുള്ളൂ. അതായത് വെള്ളം വെക്കാത്തതുതന്നെയാണ് മെച്ചമെന്ന് വ്യക്തമാണ്.

കേരളത്തിൽ എയർകൂളർ വർക്ക് ആവില്ല

ഇതേ കാര്യങ്ങൾകൊണ്ടാണ്, എയർ കൂളർ കേരളത്തിൽ വർക്കാവാത്തത് എന്നും ബൈജുരാജ് ചൂണ്ടിക്കാട്ടുന്നു. 'ഇപ്പോൾ നമ്മൾ ഇവിടെ ചെയ്തതാണ് എയർ കൂളറിന്റെ ടെക്ക്നിക്ക്. ഇത് ഇപ്പോഴല്ല വളരെ പണ്ടുതന്നെ മാർക്കറ്റിലുണ്ട്. എന്നാൽ കേരളം പോലെ, ഹ്യുമിഡിറ്റി കൂടിയ ഒരു സ്ഥലത്ത് ഇത് ഇഫക്റ്റീവ് അല്ല. കാരണം കേരളത്തിൽ ഓൾറെഡി ഹ്യുമിഡിറ്റി കൂടുതയാണ്. ഇനി ബക്കറ്റിൽ വെള്ളം വെച്ചോ തുണി വഴിയോ, കൂടുതൽ വെള്ളം അന്തരീക്ഷത്തിലേക്ക് വന്നാൽ ഹ്യുമിഡിറ്റി കൂടുകയേ ഉള്ളൂ. സത്യം പറഞ്ഞാൽ കേരളത്തിൽ ഗൾഫിനെ അപേക്ഷിച്ച് ചൂട് കുറവാണ്. പക്ഷേ ഗൾഫിൽ 47, 48 ഡിഗ്രിവരെ വന്നാൽ നമുക്ക് താങ്ങുവാൻ പറ്റും. പക്ഷേ കേരളത്തിൽ 40 ഡിഗ്രിയും കുടെ ഹ്യുമിഡിറ്റിയും വന്നാൽ നമുക്ക് താങ്ങാവുന്നതിലും അപ്പുറം ആവും. കാരണം ഹ്യുമിഡിറ്റിയാണ് ഇവിടുത്തെ വില്ലൻ. ഇവിടെ നമ്മൾ ചെയ്ത പരീക്ഷണത്തിന്റെ അതേ ഫലമാണ് നമ്മുടെ ബെഡ്റൂമിൽ നനഞ്ഞ തുണി ഉണക്കാനിട്ടിരുന്നെങ്കിലും ഉണ്ടാവുക.

ചുരുക്കിപ്പറഞ്ഞാൽ കേരളം പോലെയുള്ള ഹ്യുമിഡിറ്റി കൂടുതലുള്ള സ്ഥലത്ത് ഇതുപോലെ ബക്കറ്റിൽ വെള്ളം വെക്കുന്നതുകൊണ്ടോ, തുണി നനച്ചിടുന്നതുകൊണ്ടോ, യാതൊരു ഫലവുമില്ല. തണുപ്പിന് പകരം നമുക്ക് കൂടുതൽ ചൂടാണ് തോന്നുക. -ബൈജുരാജ് വ്യക്തമാക്കുന്നു. അതായത് ചൂടു കുറക്കാനുള്ള ടിപ്പുകളെ അന്ധമായി വിശ്വസിക്കരുതെന്ന് ചുരുക്കം. അത് പലപ്പോഴു ചൂട് കുട്ടുകയാണ് ചെയ്യുന്നത്.