മലപ്പുറം: തിരൂരിൽ അനധികൃതമായി വിദേശ നിർമ്മിത ഉത്പ്പന്നങ്ങൾ സൂക്ഷിച്ച ക്വാർട്ടേഴ്‌സിൽ വൻ തീപ്പിടുത്തം. മദ്യപിച്ച് ലക്കുകെട്ട് ക്വാർട്ടേഴ്‌സിനകത്ത് കിടന്നിരുന്ന വാടകക്കാരനെ രക്ഷിച്ചത് നാട്ടുകാർ. സമീപത്തെ ക്വാർട്ടേഴ്‌സുകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീപ്പിടുത്തത്തിന് കാരണമായത് സുഗന്ധ ദ്രവ്യങ്ങളുടെ വൻ ശേഖരം അടക്കമുള്ളവയാണ്. ഈ വസ്തുക്കൾ സൂക്ഷിച്ചിരുന്ന തിരൂർ തൃക്കണ്ടിയൂരിലെ സഹീറ ക്വാർട്ടേഴ്‌സിൽ ഇന്നലെ രാത്രി പത്തരയോടെയാണ് തീപ്പിടുത്തമുണ്ടായത്.

രണ്ട് നിലയുള്ള ക്വാർട്ടേഴ്‌സിന്റെ താഴെ നിലയിലെ ഒരു ഭാഗത്താണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ നിന്ന് തീയുരയുരുന്നത് മുകൾ നിലയിലെ താമസക്കാരനായ ബാബുവാണ് കണ്ടത്. അതോടെ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. പരിസരവാസികളും നാട്ടുകാരും ഓടിയെത്തുമ്പോൾ വാടകക്കാരനായ താനൂർ പുതിയകടപ്പുറം സ്വദേശി റസാക്ക് മദ്യപിച്ച് ലക്കുകെട്ട് കിടക്കുകയായിരുന്നു. നാട്ടുകാർ വലിച്ച് പുറത്തേക്ക് മാറ്റിയതിനാൽ ഇയാൾക്ക് ജീവൻ തിരിച്ചുകിട്ടി.

മുറികളിൽ നിറയെ വിവിധ തരം സ്‌പ്രേ, ക്രീമുകൾ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയായിരുന്നു. നിമിഷ നേരം കൊണ്ട് ക്വാർട്ടേഴ്‌സിനകത്ത് തീ പടർന്നു. നാട്ടുകാർ സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ മോട്ടോർ ഉപയോഗിച്ച് വെള്ളം അടിച്ചതിനാൽ തീ മറ്റ് ക്വാർട്ടേഴ്‌സുകളിലേക്ക് പടരുന്നത് തടയാനായി. രണ്ട്
കിടപ്പ് മുറികളും ഒരു ഹാളും കിച്ചണും അടങ്ങുന്നതാണ് ക്വാർട്ടേഴ്‌സ്. ഹാളിലും കിടപ്പ്മുറികളിലുമെല്ലാം നിറെയ വിദേശനിർമ്മിത ഉത്പ്പന്നങ്ങളാണ്. സ്്രേപ കുപ്പികളും മറ്റും പൊട്ടിത്തെറിച്ചത് നാട്ടുകാരിൽ ഭീതിയുയർത്തി. ഫയർഫോഴ്‌സ് സംഘമെത്തി രണ്ട് മണിയോടെയാണ് തീ പൂർണ്ണമായും അണച്ചത്. ക്വാർട്ടേഴ്‌സിന്റെ ചുമരുകൾ വരെ കത്തിച്ചാമ്പലായി. കെ.എസ്.ഇ.ബി മീറ്റർ ഉൾപ്പടെ കത്തിയമർന്നു.

മുറികളിലെ സാധനങ്ങളെല്ലാം കത്തി ചാരക്കൂമ്പാരമാണ്. തിരൂർ ഗൾഫ് മാർക്കറ്റിൽ വെള്ളിയാഴ്ചകളിൽ തെരുവ് കച്ചവടം നടത്തുന്ന റസാക്ക്, ഗോഡൗണായാണ് ക്വാർട്ടേഴ്‌സ് ഉപയോഗിച്ചിരുന്നത്. മുമ്പും ഇവിടെ തീപ്പിടുത്തമുണ്ടായിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു. വാടക കൃത്യമായി ലഭിക്കുന്നതിനാൽ റസാക്കിനെ ഒഴിപ്പിക്കില്ലെന്നായിരുന്നുവെത്രെ ക്വാർട്ടേഴ്‌സ് ഉടമയുടെ നിലപാട്. ശക്തിയിൽ വെള്ളമടിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ സൗകര്യം ലഭിച്ചതിനാലാണ് നാട് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. അല്ലെങ്കിൽ നിമിഷനേരം കൊണ്ട് കെട്ടിടത്തെ തീ വിഴുങ്ങുമായിരുന്നു. താഴെയും മുകളിലുമായി ആറ് കുടുംബങ്ങളാണ് താമസിക്കുന്നത്.