തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ ശബരിമല പൊന്നമ്പല മേട്ടിൽ തമിഴ്‌നാട് സ്വദേശികൾ അതിക്രമിച്ച് കയറി പൂജ നടത്തിയ വിവരം ബന്ധപ്പെട്ട അധികൃതർ അറിഞ്ഞത് പൂജ ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ശേഷം. ചെന്നൈ സ്വദേശി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പൂജ നടത്തിയത്. നാരായണ സ്വാമി മുൻപ് ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പൂജ ചെയ്യുന്ന വിഡിയോ സംഘം സമൂഹമാധ്യമത്തിൽ ഇട്ടതിനെ തുടർന്നാണ് അധികൃതർ വിവരം അറിഞ്ഞത്.

സംഭവം നടന്നതായി ദേവസ്വം ബോർഡും സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശികൾക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. അനധികൃതമായി വനത്തിൽ കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. അതേ സമയം ചില ഉദ്യോഗസ്ഥരുടെ സഹായം സംഘത്തിന് ലഭിച്ചതായാണ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

വനംവകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്ന തറയിലിരുന്നാണ് നാരാണൻ പൂജ ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൂജ നടന്ന കാര്യം പുറത്തറിയുന്നത്. ദേവസ്വം ബോർഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ എത്തുകയായിരുന്നു. എന്നാൽ എപ്പോഴാണ് വീഡിയോ പകർത്തിയതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ വിവരമില്ല.

സംഭവത്തിൽ തുടർനടപടികൾ വേണമെന്ന് ദേവസ്വത്തിന് നിർബന്ധമുണ്ടെന്നും അതിനാലാണ് പൊലീസ് മേധാവിയും വനംവകുപ്പും ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ കെ അനന്തഗോപൻ പങ്കെടുത്തു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ദേവസ്വം ബോർഡും നടത്തും.

ഒരുമാസം മുൻപാണ് പൂജ നടന്നതെന്നാണ് ദേവസ്വം ബോർഡ് കരുതുന്നത്. നാരായണൻ മുൻപ് പല തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുള്ളതായി ദേവസ്വം ബോർഡ് വൃത്തങ്ങൾ പറയുന്നു. മുൻപ് തന്ത്രി എന്ന ബോർഡ് വച്ച കാറിൽ സഞ്ചരിച്ചതിന് പൊലീസ് ഇയാളെ പിടികൂടിയിരുന്നു. കീഴ്ശാന്തിയുടെ സഹായിയായി നിന്ന സമയത്ത് പൂജയ്ക്ക് എത്തുന്നവർക്ക് വ്യാജ രസീതുകൾ നൽകി എന്നതുൾപ്പെടെയുള്ള പരാതികളും നാരായണനെതിരായുണ്ട്.

മകരവിളക്ക് തെളിക്കുന്ന സ്ഥലമായ പൊന്നമ്പലമേട്, ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനം എന്നാണ് അയ്യപ്പ ഭക്തർ വിശ്വസിക്കുന്നത്. റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലാണ് പൊന്നമ്പലമേട്. ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള അതീവ സുരക്ഷാ മേഖലയാണിത്. വനംവകുപ്പിനാണ് സുരക്ഷാ ചുമതല. ഇവിടെ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി ഓഫിസിലേക്ക് സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് ആളെ കടത്തി വിടുന്നത്. മൊബൈലോ ക്യാമറകളോ അനുവദിക്കില്ല. പൊന്നമ്പല മേട്ടിൽനിന്നാൽ ശബരിമല ക്ഷേത്രം കാണാനാകും.

വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല. ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. വനം വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മൂഴിയാർ പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് പ്രദേശം. ഇങ്ങനെ ഒരു സംഭവം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അവർ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് നാലു പേർക്കെതിരേ അതിക്രമിച്ച് കയറിയതിന് കേസെടുത്തുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, മറുനാടൻ പച്ചക്കാനത്ത് ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് ഇതേപ്പറ്റി അറിവില്ലെന്ന വിവരമാണ് ലഭിച്ചത്.

കർശന നിരീക്ഷണത്തിലുള്ള പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി ഒരു സംഘം മണിക്കൂറുകളോളം പൂജ നടത്തിയിട്ടും അധികൃതകർ അറിഞ്ഞില്ല എന്നതാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം ജ്യോതി തെളിക്കുന്ന സ്ഥലമാണ് പൊന്നമ്പല മേട്. ഇവിടെ ആദിവാസികളും മറ്റും താമസിക്കുന്നുണ്ട്.

സംഭവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അടിയന്തിര റിപ്പോർട്ട് തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ശബരിമലയുടെ പരിപാവനത കളങ്കപ്പെടുത്താനാണെന്നുള്ള നീക്കമാണു നടന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് ഡിജിപി, വനം മേധാവി എന്നിവർക്ക് പരാതി നൽകി. അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറി പൂജ നടത്തിയതിന് കേസെടുത്തതായി വനം വകുപ്പ് അധികൃതർ പ്രതികരിച്ചു.

അതീവ സുരക്ഷാ മേഖലയിൽ കടന്നു കയറി മണിക്കൂറുകളോളം പൂജ നടത്തിയിട്ടും അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അവർ വ്യക്തമാക്കി.