പന്തളം: ദേശീയ പാതാ നിർമ്മാണത്തിന് മണ്ണും കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറി ബഹുനിലക്കെട്ടിടം ഭാഗികമായി തകർന്നു. ഗ്രൗണ്ട് ഫ്ളോറിലുണ്ടായിരുന്ന വർക്ക് ഷോപ്പിൽ നിന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. പണിക്ക് എത്തിച്ച ബൈക്കുകൾ തകർന്നു. കെട്ടിടത്തിന് ബലക്ഷയം നേരിട്ടു.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം തോന്നല്ലൂർ കാവിൽ കൃഷ്ണപിള്ളയുടെ ഉടമസ്ഥതത്തിലുള്ള ബഹുനില കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ഞായറാഴ്ച രാവിലെ 7. 30 ഓടുകൂടിയായിരുന്നു അപകടം. നാഷണൽ ഹൈവേ നിർമ്മാണത്തിനുള്ള മണ്ണുമായി പോവുകയായിരുന്ന ടോറസ് റോഡിന് ഇടതുവശത്തേക്കുള്ള കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.

ഇവിടെ പ്രവർത്തിച്ചിരുന്ന രശ്മി ടൂവീലർ വർക്ക് ഷോപ്പ് ഉടമ മങ്ങാരം കുന്നിക്കുഴി കിഴക്കേതിൽ രമേശനും വാഹനം നന്നാക്കാനായി എത്തിയ പടനിലം സ്വദേശി വിനോദും വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നു. തൊട്ടടുത്ത മുറിയിൽ ലോറി ഇടിച്ചു കയറിയതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് മേൽക്കൂര ഉൾപ്പെടെ നീങ്ങി കെട്ടിടത്തിന്റെ എല്ലാ വശത്തും ഭിത്തിയിൽ ഉടനീളം വിള്ളലും രൂപപ്പെട്ടു .കെട്ടിടം ഉപയോഗശൂന്യമായി. സമീപത്ത് തട്ടുകട ഉണ്ടായിരുന്നെങ്കിലും ഞായറാഴ്ച ആയതിനാൽ തുറന്നു പ്രവർത്തിക്കാതിരുന്നതും തിരക്കില്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി. അപകടത്തിൽ സമീപത്തുണ്ടായിരുന്ന ബൈക്കുകൾക്കും കേടു സംഭവിച്ചിട്ടുണ്ട്.