തിരുവനന്തപുരം: മദ്യനയം അടക്കമുള്ള വിഷയങ്ങൾ എന്തെങ്കിലും തീരുമാനം എടുക്കുന്നെങ്കിൽ അതിന് മുമ്പു കൃത്യമായ രാഷ്ട്രീയ നീക്കങ്ങളുണ്ടാകും എന്നത് കേരളത്തിലെ സാഹചര്യങ്ങൾ വീക്ഷിക്കുന്ന ആർക്കും വ്യക്തമാകുന്ന കാര്യമാണ്. എന്നാൽ, വിഷയം രാഷ്ട്രീയ വിവാദമായി മാറിയതോടെ ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപെടാനാണ് മന്ത്രിതലത്തിൽ ഉള്ളവർ ശ്രമിക്കുന്നത്. ഇതോടെ ബലിയാടാകും മുമ്പ് ്‌സ്വന്തം തടി രക്ഷിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.

എക്‌സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മുഖേന മദ്യനയത്തിലെ വിവാദ ശുപാർശകൾക്ക് രൂപം നൽകാനുള്ള നീക്കം ആരംഭിച്ചതിനു പിന്നാലെ ടൂറിസം ഡയറക്ടർ ദീർഘാവധിയിൽ പ്രവേശിച്ചതാണ് ഈ സംഭവം. ടൂറിസം ഡയറക്ടറായ പി.ബി.നൂഹാണ് മൂന്നുമാസത്തെ അവധിയിൽ പോയത്. മന്ത്രിയുടെ ഓഫീസുമായി പലകാര്യങ്ങളിലും നൂഹിന് വിയോജിപ്പുണ്ടായിരുന്നു എന്ന സൂചനകളുണ്ട്. ഇതിനിടെയാണ് മദ്യനയ വിവാദം വരുന്നതും അവധിയിൽ പ്രവേശിക്കുന്നതും.

വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്ന് അവധി അപേക്ഷ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നു. പകരം ചുമതല കെ.ടി.ഡി.സി. എം.ഡി. ശിഖാ സുരേന്ദ്രനാണ് നൽകിയത്. എക്‌സൈസ് നയത്തിലെ മാറ്റം അജൻഡയാക്കി ബാറുടമാ സംഘടനകളെയടക്കം പങ്കെടുപ്പിച്ച് യോഗം വിളിച്ചത് ശിഖാ സുരേന്ദ്രനായിരുന്നു. മദ്യവ്യവസായത്തിന് ഏറെ ഇളവുകൾ ചർച്ചചെയ്ത, ചീഫ് സെക്രട്ടറി വിളിച്ച യോഗം നടന്നത് മാർച്ച് ഒന്നിനാണ്. ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുന്നത് സംബന്ധിച്ച ഒരു ചർച്ചയും സർക്കാരിൽ നടന്നില്ലെന്ന് മന്ത്രിമാർ പറയുമ്പോഴും ചീഫ് സെക്രട്ടറി നടത്തിയ സെക്രട്ടറിമാരുടെ യോഗത്തിന്റെ മിനുട്സ് പറയുന്നത് മറിച്ചാണ്. ചീഫ് സെക്രട്ടറി നിർദേശിക്കണമെങ്കിൽ അത് രാഷ്ട്രീയ താൽപ്പര്യത്തോടെ തന്നെയാകുമെന്നത് ഉറപ്പാണ്.

ഒന്നാംതീയതി ഡ്രൈഡേ ആചരിക്കുമ്പോൾ, വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ല എന്നതിനപ്പുറം, ടൂറിസം, ദേശീയ, അന്തർദേശീയ കോൺഫറൻസുകൾ എന്നിവയിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനുള്ള കാരണമായേക്കാമെന്ന വിഷയം ചർച്ച ചെയ്യപ്പെട്ടു എന്നു പറയുന്നുണ്ട്. ടൂറിസം വകുപ്പ് ഇതേപ്പറ്റി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് പരിശോധിച്ചശേഷം ഒരു കുറിപ്പ് സമർപ്പിക്കേണ്ടതാണ് എന്നും നിർദേശമുണ്ട്. ഈ യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പ് മദ്യനയ ഭേദഗതിക്കുള്ള നിർദേശങ്ങൾ തയ്യാറാക്കുന്നതിലേക്ക് കടന്നത്. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ടൂറിസം ഡയറക്ടർ പി.ബി. നൂഹ് ദീർഘാവധിയിൽ പ്രവേശിച്ചത്.

പലകാര്യങ്ങളിലും മന്ത്രിയുടെ ഓഫീസുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ മദ്യനയവും ഒരു നിമിത്തമായി. ഏപ്രിൽ 22-നാണ് നൂഹ് അവധി അപേക്ഷിക്കുന്നത്. മെയ്‌ മൂന്നിന് അവധി അനുവദിച്ചു. മെയ്‌ 21-നാണ് ടൂറിസം ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ.ടി.ഡി.സി. എം.ഡി. യോഗം വിളിക്കുന്നത്. 22-ന് എക്‌സൈസ് വകുപ്പിലും ഇതുസംബന്ധിച്ച് ഒരു ഉന്നതതല യോഗം നടന്നതായി സൂചനയുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല.

ഇളവുകൾ ലഭിക്കാൻ വേണ്ടപ്പെട്ടവർക്ക് നൽകുന്നതിനായി രണ്ടരലക്ഷം രൂപ വീതം പിരിവ് നൽകണമെന്ന് നിർബന്ധിക്കാൻ ബാർ ഉടമകളുടെ യോഗം എറണാകുളത്ത് ചേർന്നത് 23-നായിരുന്നു. ജൂൺ 10-ന് ബാറുടമകളുമായി എക്‌സൈസ് മന്ത്രിയുടെ യോഗം നടത്താനായിരുന്നു ഏകദേശ ധാരണ. 10-ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പുതിയ മദ്യനയം കൊണ്ടുവരത്തക്ക വിധമായിരുന്നു അണിയറയിലെ ആസൂത്രണം. എന്നൽ അനിമോന്റെ ശബ്ദരേഖ പുറത്തുവന്നതോടെ നീക്കങ്ങളെല്ലാം പൊളിഞ്ഞു.

മന്ത്രിയുമായുള്ള ചർച്ചയ്ക്കുമുമ്പുതന്നെ സാമ്പത്തിക സമാഹരണം ഉറപ്പാക്കാനാണ് ബാറുടമാസംഘം വൈസ് പ്രസിഡന്റ് അനിമോൻ അംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പിരിവ് സംബന്ധിച്ച പോസ്റ്റിട്ടതെന്നാണ് സൂചന. സർക്കാരിന്റെ നയം ഉൾപ്പെടുന്ന ഒരു വിഷയത്തിൽ ഭരണനേതൃത്വത്തിന്റെ താത്പര്യവും തീരുമാനവും അറിഞ്ഞേ ഉദ്യോഗസ്ഥർ യോഗത്തിന്റെ അജൻഡ തീരുമാനിക്കാറുള്ളൂ. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ഇത് സംബന്ധിച്ച അജൻഡ വരുമ്പോൾത്തന്നെ ഉന്നത ഭരണനേതൃത്വത്തിന്റെ നിർദേശത്തിലാണ് ഇക്കാര്യം അജൻഡയിൽ വന്നതെന്ന് വ്യക്തം. ചുരുക്കത്തിൽ വൻ അഴിമതിക്കുള്ള നീക്കമാണ് ഒരു വാട്‌സാപ്പ് വോയിസിന്റെ പേരിൽ പൊളിഞ്ഞടുങ്ങിയത്.