പാലക്കാട്: വടക്കഞ്ചേരിയിൽ വിദ്യാർത്ഥികളടക്കം ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നതിന് പിന്നാലെ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് ടൂർ ഓപ്പറേറ്ററാണെന്നും ഒന്നും അറിഞ്ഞില്ലെന്നും കള്ളം പറഞ്ഞശേഷം. അപകടസ്ഥലത്തു വച്ച് എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് അടക്കമാണ് താൻ ടൂർ ഓപ്പറേറ്ററാണെന്നും അപകടം നടക്കുമ്പോൾ ഉറങ്ങുകയായിരുന്നുവെന്നും ജോമോൻ കള്ളം പറഞ്ഞത്. ജോമോൻ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

ഡ്രൈവറാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ടൂർ ഓപ്പറേറ്റാണെന്നായിരുന്നു ജോമോന്റെ മറുപടി. ഉറങ്ങുകയായിരുന്നുവെന്നും ഒന്നും അറിയില്ലെന്നുമായിരുന്നു ഇന്നലെ രാത്രി സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുന്നതിന് മുൻപത്തെ അവസാന പ്രതികരണം. പൊലീസ് നിർബന്ധിച്ചിട്ടും ആശുപത്രിയിൽ പോയി പ്രാഥമിക ചികിത്സ പോലും എടുക്കാൻ തയ്യാറാവാതെയാണ് ജോമോൻ മുങ്ങിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബസ് ഓടിച്ചിരുന്നത് ആരാണ് എന്നതിനെക്കുറിച്ച് അവ്യക്തത നിലനിൽക്കെയാണ് കള്ളം പറഞ്ഞ് ജോമോൻ രക്ഷപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് ആരാഞ്ഞ പൊലീസ് സംഘത്തോടും ഡ്രൈവറാണെന്ന കാര്യം ജോമോൻ മറച്ചുവച്ചു.

ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും ചെറിയ പരുക്കേയുള്ളൂവെന്ന് പറഞ്ഞ് ജോമോൻ ഒഴിഞ്ഞു മാറി. അപകടസ്ഥലത്തു വച്ച് 'എന്താണ് സംഭവിച്ചത്' എന്ന് ആരാഞ്ഞ മാധ്യമപ്രവർത്തകരോട് ജോമോൻ പ്രതികരിച്ചത് ഇങ്ങനെ: ''എനിക്ക് അറിയില്ല ചേട്ടാ. ഞാൻ ഉറങ്ങുവാരുന്നു. എനിക്ക് അറിയില്ല' ഇതും പറഞ്ഞ് ജോമോൻ നടന്നുനീങ്ങുന്നതാണ് വിഡിയോയിലുള്ളത്. 'ആളെയൊന്നു വിടൂ ചേട്ടാ' എന്നു പറഞ്ഞ് ചിലർ ജോമോനെ അപകടസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടു പോകുന്നതും വിഡിയോയിൽ കാണാം.

ഒരു മണി വരെ അപകടസ്ഥലത്ത് ഒരു ആംബുലൻസിലാണ് ജോമോൻ ഇരുന്നത്. ആശുപത്രിയിൽ പോകാൻ വടക്കഞ്ചേരി സിഐ ഉൾപ്പെടെയുള്ള പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും ബസിനുള്ളിലെ എല്ലാ യാത്രക്കാരെയും മാറ്റിയ ശേഷം പോകാം എന്നായിരുന്നു ജോമോന്റെ ആദ്യ മറുപടി. പിന്നീട് ആശുപത്രിയിൽ പോകേണ്ടതില്ലെന്നും പരുക്ക് സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്തുകൊള്ളാമെന്നും പറഞ്ഞാണ് ജോമോൻ മുങ്ങിയത്.

അപകടത്തിന് പിന്നാലെ ഇയാൾ തൃശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ അവിടെ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കടക്കാനായിരുന്നു ശ്രമം. അഭിഭാഷകനെ കാണാനായി കാറിൽ പോകുമ്പോഴാണ് ഇയാൾ പൊലീസിന്റെ വലയിലായത്. ജോമോനെ രക്ഷപ്പെടാൻ സഹായിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആശുപത്രിയിൽനിന്ന് രക്ഷപെട്ട് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ജോമോനെ പൊലീസ് പിടികൂടിയിരുന്നു. ചവറയിൽ നിന്നാണ് ജോമോനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വടക്കഞ്ചേരി പൊലീസ് ജോമോനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്തിന് സമീപം ഇന്നലെ രാത്രി സ്‌കൂൾ വിദ്യാർത്ഥികൾ വിനോദയാത്രയ്ക്കായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം ചവറയിൽ വച്ചാണ് ഒളിവിൽ പോയ ജോമോൻ പിടിയിലായത്. തിരുവനന്തപുരത്തേയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ചവറ പൊലീസ് ജോമോനെ പിടികൂടിയത്.

ഇന്നലെ രാത്രി പതിനൊന്നരയോടെ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപം വച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിലേക്കു പാഞ്ഞുകയറി. ബസിൽ ഇടിച്ചശേഷം ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗത മണിക്കൂറിൽ 97.72 കിലോമീറ്റർ ആയിരുന്നുവെന്ന് ബസിലെ ജിപിഎസിൽ നിന്നും വ്യക്തമായിട്ടുണ്ട്.

സംഭവത്തിൽ വിദ്യാർത്ഥികളടക്കം ഒൻപത് പേരാണ് മരിച്ചത്. അമ്പതോളം പേർക്ക് പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്നു.