ന്യൂഡല്‍ഹി: ഇന്ത്യയിലെ വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു.അഞ്ചാം തലമുറ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ഉടന്‍ ഇന്ത്യയിലേക്കെത്തും.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 1 ന് അമേരിക്കയിലാണ് വാഹനം ഔദ്യോഗികമായി അവതരിപ്പിച്ചത്.വടക്കേ അമേരിക്കന്‍ വിപണികളില്‍, എസ്യുവിയെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നും മറ്റ് വിപണികളില്‍ ഇത് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ ആയും തുടരും.ഇതാദ്യമായാണ് ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ വടക്കേ അമേരിക്കയില്‍ വില്‍പനയ്‌ക്കെത്തിയത്.

പിന്നാലെയാണ് വാഹനപ്രമേികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രാഡോ ഇന്ത്യയിലേക്കെത്തുന്നത്.എല്‍.സി 300-നെ പോലെ പ്രാഡോയും പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ടൊയോട്ട പദ്ധതിയിടുന്നത് എന്നാണ് വിവരം. എല്‍.സി 300-ന് താഴെയാവും പുതിയ തലമുറ പ്രാഡോയുടെ സ്ഥാനം. ഇന്ത്യയിലെ ലോഞ്ചിനോട് അടുക്കുമ്പോഴേ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിടൂ. 'ഓട്ടോ കാര്‍ ഇന്ത്യ' ആണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്.




പവറാണ് മോനെ മെയിന്‍.. ഓഫ് റോഡുകളില്‍ പറപറക്കും

കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ അവതരിപ്പിച്ചിട്ടും പല രാജ്യങ്ങളിലേക്കും പതിയെ പതിയെയാണ് ഈ വാഹനം കടന്നുചെല്ലുന്നത്. അതില്‍ പ്രധാനപ്പെട്ട വിപണിയായി ടൊയോട്ട കാണുന്ന ഇടമാണ് ഇന്ത്യ. ചില വിപണികളില്‍ ലാന്‍ഡ് ക്രൂയിസര്‍ 250 എന്ന പേരിലാണ് വാഹനം വില്‍ക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ പ്രാഡോയുടെ പേരിലാവും ഈ വാഹനം വില്‍ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

റെട്രോ ബോക്സി ഡിസൈനിലാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചത്.ഏത് ഭൂപ്രദേശത്തും അനായാസ യാത്രയാണ് പ്രാഡോ വാ?ഗ്ദാനം ചെയ്യുന്നത്.ഇതിനായി മെച്ചപ്പെടുത്തിയ ഓള്‍ ടെറയിന്‍ സംവിധാനമാണ് വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.

അത്യാവശ്യം നല്ല വലുപ്പമുള്ള ഒരു വാഹനം തന്നെയാണ് പ്രാഡോ.ടി.എന്‍.ജി.എ- എഫ് ലാഡര്‍ ഓണ്‍ ഫ്രെയിം ചേസിസിലാണ് പ്രാഡോയുടെ നിര്‍മാണം. 4920 എം.എം. നീളവും 2139 എം.എം. വീതിയും 1870 എം.എം. ഉയരവുമാണ് ഈ കരുത്തനായ എസ്.യു.വിക്കുള്ളത്.

2850 എം.എം വീല്‍ബേസും 221 എം.എം.?ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ട്.റെട്രോ ബോക്സി ഡിസൈനിലാണ് കമ്പനി വാഹനത്തെ അവതരിപ്പിച്ചത്.കറുപ്പ് നിറത്തിലുള്ള ഫ്രണ്ട് ബമ്പറും ഉണ്ട്.ഇതെല്ലാം പരുക്കല്‍ ലുക്കാണ് വാഹനത്തിന് നല്‍കുന്നത്.ഓഫ് റോഡ് ഡ്രൈവിങ് മോഡുകളുടെ നവീകരണം, മള്‍ട്ടി ട്ടെറൈന്‍ മോണിറ്റര്‍ ഇന്റര്‍ഫെയ്സിന്റെ അപ്ഡേറ്റ് ഇവയെല്ലാം ഓഫ് റോഡ് ഡ്രൈവിന് സഹായമാകുമെന്നാണ് ടൊയോട്ട വ്യക്തമാക്കുന്നത്.

കൂടുതല്‍ ഫീച്ചറുകളും സാങ്കേതിക വി?ദ്യയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ ക്യാബിനാണ് പുതിയ പ്രാഡോയിലുള്ളത്. 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് സീറ്റുകള്‍, ഹെഡ് അപ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജര്‍ എന്നിങ്ങനെ നീളുന്നു സവിശേഷതകള്‍.യൂറോപ്പ്, ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, ഓസ്ട്രേലിയന്‍ വിപണികളില്‍ 48വി എം.എച്ച്.ഇ.വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 2.8 ലിറ്റര്‍ ഓട്ടോമാറ്റിക് ഡീസല്‍ എഞ്ചിനാണ് പ്രാഡോയിലുള്ളത്.

അമേരിക്കയില്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ 2.4 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് പ്രാഡോയ്ക്ക് സ്വന്തമായുള്ളത്.ആഗോളതലത്തില്‍ ഒന്നിലധികം ടൊയോട്ട, ലെക്സസ് മോഡലുകള്‍ക്ക് കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്.




പ്രാഡോ ഇന്ത്യയിലേക്ക് വരുമ്പോള്‍

2025 മധ്യത്തോടെ പ്രാഡോ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.എന്‍സി300 പോലെ തന്നെ പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോയും ഇന്ത്യയില്‍ ഒരു സിബിയു ആയി അവതരിപ്പിക്കും.നിലവില്‍ യൂറോപ്യന്‍, ജാപ്പനീസ്, മിഡില്‍ ഈസ്റ്റേണ്‍, ഓസ്‌ട്രേലിയന്‍ വിപണികള്‍ക്കായി ഇന്ത്യയില്‍ ഫോര്‍ച്യൂണര്‍ എസ്യുവിക്ക് കരുത്ത് പകരുന്ന 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് പുതിയ ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ വരുന്നത്. ഇന്ത്യയിലും ഈ എഞ്ചിന്‍ തന്നെയാവും ഉള്‍പ്പെടുത്തുക.

ഇന്ത്യയില്‍ ലാന്‍ഡ് ക്രൂയിസര്‍ 300 മോഡല്‍ നിലവിലുള്ളതിനാല്‍ തന്നെ പ്രാഡോ ബ്രാന്‍ഡിംഗിന് കീഴില്‍ തന്നെയാവും മോഡലിന്റെ വരവ്. പുതിയ ഇന്ത്യന്‍ വിപണിയിലെ എസ്യുവി സെഗ്മെന്റില്‍ ഒരു ഗെയിം ചേഞ്ചര്‍ ആവുമെന്നാണ് കരുതപ്പെടുന്നത്. ഓണ്‍ റോഡ് -ഓഫ് റോഡ് ശേഷിയുടെ കാര്യത്തില്‍ മറ്റേതൊരു എസ് യു വിയോടും അടിച്ചു നില്‍ക്കാന്‍ ഈ മോഡലിന് കഴിയുമെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.

പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ടൊയോട്ട പദ്ധതിയിടുന്നത്.വില്‍പന കണക്കുകളില്‍ ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയല്ല ടൊയോട്ട.പക്ഷേ ലോകമെമ്പാടും ടൊയോട്ട വാഹനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്നും പല കമ്പനികള്‍ക്കും സ്വപ്നം മാത്രമാണ്.ഏത് പരിതസ്ഥിതിയിലും വാഹനത്തില്‍ ഇരിക്കുന്ന, അത് ഓടിക്കുന്ന ആള്‍ക്ക് ധൈര്യമായി മുന്നോട്ട് പോവാന്‍ ടൊയോട്ടയുടെ വാഹനങ്ങള്‍ കഴിഞ്ഞേ മറ്റേത് കമ്പനിയുമുള്ളൂ.അതാണ് അവരുടെ ക്വാളിറ്റിയുമെന്നാണ് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. അത്തരത്തില്‍ ടൊയോട്ടയുടെ ഒരു പുതിയ വാഹനം ഇന്ത്യന്‍ വിപണിയിലേക്ക് വരുമെന്ന പ്രഖ്യാപനത്തിന്റെ ആഹ്ളാദത്തിലാണ് രാജ്യത്തെ വാഹനപ്രേമികള്‍.