തിരുവനന്തപുരം: ടിപി കേസിലെ പ്രധാന പ്രതിയായ കൊടി സുനിക്ക് അടക്കം ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് തകർന്നു വീണു. ജയിലിന് അകത്തു നിന്ന് പോലും കൊടി സുനിയും ടീമും ക്വട്ടേഷൻ ഏറ്റെടുക്കുന്ന വാർത്തകളുമെത്തി. നേരത്തെ കൊടി സുനിക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം പൊളിഞ്ഞ് വീണത് മറുനാടൻ ഇടപെടലിലാണ്. ഇപ്പോഴിതാ വീണ്ടും ടിപി കേസിലെ ചില പ്രതികൾക്ക് ഇളവ് നൽകാൻ നീക്കം. കെ ടി രജീഷും അണ്ണൻ സജിത്തും മുഹമ്മദ് ഷാഫിയുമാണ് അതിവേഗം പുറത്തിറങ്ങാൻ സാധ്യതയുള്ളവർ. ടിപി കേസിലെ കൊടി സുനി വിഭാഗം സിപിഎമ്മുമായി അകലത്തിലാണ്. ഈ സാഹചര്യത്തിൽ പാർട്ടിയോട് ഇപ്പോഴും കൂറുണ്ടെന്ന് വിശ്വസിക്കുന്ന മൂന്നു പേരെ അതിവേഗം പുറത്തു കൊണ്ടു വരാനുള്ള നീക്കം.

.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആറുപേർക്കും പരോൾ ഈയിടെ നൽകിയിരുന്നു. കണ്ണൂർ ജയിലിലുള്ള മുപ്പതു പേർക്ക് പരോൾ അനുവദിച്ചതിനൊപ്പമാണ് ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, എം.സി അനൂപ്, അണ്ണൻ സജിത്ത്, കെ. ഷിനോജ് എന്നിവർക്കും പരോൾ അനുവദിച്ചത്. തവന്നൂർ ജയിലിൽ കഴിയുന്ന കൊടി സുനി പരോളിനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും ജയിൽ സുരക്ഷാ വാർഡന്മാരെ ആക്രമിച്ച കേസുള്ളതുകൊണ്ടു തള്ളികളയുകയായിരുന്നു. എന്നാൽ ബംഗളൂരു പൊലീസിന്റെ തോക്കുകടത്ത് കേസിലെ പ്രതിയാണ് ടി.കെ രജീഷ്്. രജീഷിനും പരോൾ കിട്ടി. ഇതിനൊപ്പമാണ് പരോൾ നൽകിയവരിൽ മൂന്ന് പേർക്ക് ശിക്ഷാ ഇളവ് നൽകുന്നത്.

വടകരയിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സിപിഎമ്മുമായി പലരും അകലുന്നതു കൊണ്ടാണെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. വടകരയിലും കണ്ണൂരിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഎം പ്രതീക്ഷച്ചതിലും അപ്പുറമുള്ള തോൽവിയാണ് ഏറ്റുവാങ്ങിയത്. ഈ സാഹചര്യത്തിലാണ് ജയിലിലുള്ള മൂന്ന് പേർക്ക് അനുകൂല നിലപാട് ഉണ്ടാകുന്നത്. മൂന്ന് പേരെ മോചിപ്പിക്കുന്നതിന് മുന്നോടിയായി ജയിൽ സൂപ്രണ്ട് നടപടികളിലേക്ക് കടന്നു. പൊലീസിന് സുരക്ഷാ പ്രശ്‌നങ്ങൾ അടക്കം നൽകാനുള്ള നോട്ടീസാണ് ജയിൽ വകുപ്പ് നൽകിയത്. പൊലീസ് റിപ്പോർട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് നീക്കം. അങ്ങനെ അനുകൂല റിപ്പോർട്ട് നൽകിയാൽ ഇവരെ മൂന്ന് പേ്ർക്കും ശിക്ഷാ ഇളവിന് വഴിയൊരുങ്ങും. പൊലീസിന് കണ്ണൂർ ജയിൽ സൂപ്രണ്ട് അച്ച കത്ത് പുറത്തു വന്നതോടെയാണ് സർക്കാർ നീക്കം ചർച്ചകളിൽ എത്തുന്നത്.

ഇളവില്ലാ ജീവപര്യന്തമാണ് ഇവർക്ക് കോടതി വിധിച്ച ശിക്ഷ. ഹൈക്കോടതിയുടെ അപ്പീൽ തള്ളലിലും ഇത് വ്യക്തമായി. അതുകൊണ്ട് തന്നെ ഇത്തരമൊരു ശിക്ഷാ ഇളവ് നീക്കം നിയമവിരുദ്ധവുമാണ്. സുപ്രീംകോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടെങ്കിലേ ഇവരെ പുറത്തു വിടാനും കഴിയൂ. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഒരാൾ ഒഴികെ മുഴുവൻ പ്രതികൾക്കും പരോൾ ലഭിച്ചത് ആശങ്കയുളവാക്കുന്നുവെന്ന് കെ.കെ.രമ എംഎ‍ൽഎ. പ്രതികരിച്ചിരുന്നു. കൊടും ക്രിമിനലുകളായ പ്രതികൾ ഒരേ സമയം പുറത്തിറങ്ങുന്നത് നാടിന്റെ സമാധാനത്തിന് ഭീഷണിയാണ്. പരോൾ അനുവദിക്കുന്നതിനു പോലും വിലക്കുള്ള പ്രതികളെ പുറത്തിറക്കിയതിന് പിന്നിൽ ഇവരുടെ രാഷ്ട്രീയ നേതൃത്വത്തിന് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും രമ ആരോപിച്ചിരുന്നു.

വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മെയ്‌ 4ന് ആർഎംപി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം വിട്ട് ഒഞ്ചിയത്ത് ആർഎംപി എന്ന പാർട്ടിയുണ്ടാക്കിയതിന്റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.