കണ്ണൂർ: ശിക്ഷയിളവിനുള്ള അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ നിയമപരമായി കഴിയില്ലെന്ന് അറിഞ്ഞിട്ടും ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ 3 പ്രതികളെ ജയിൽ മോചിതരാക്കാൻ നടത്തിയ നീക്കത്തിന് പിന്നിൽ പി ജയരാജനോ? സിപിഎം സംസ്ഥാന സമിതി അംഗമായ പി ജയരാജൻ അധ്യക്ഷനായ ജയിൽ ഉപദേശക സമിതിയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതൃത്വത്തിനും ഈ തീരുമാനത്തിൽ പങ്കുണ്ടെന്ന് വ്യക്തം. ഏതായാലും ഈ തീരുമാനം ഇനി നടക്കില്ല. ടിപി കേസ് പ്രതികളെ പുറത്തു വിടില്ലെന്ന് ജയിൽ മേധാവി അറിയിച്ചിട്ടുണ്ട്.

ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് 20 വർഷം തടവു പൂർത്തിയാക്കുംവരെ ഇളവു പാടില്ലെന്ന വിധി നിലവിലുള്ളത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന് അറിയാത്തതല്ല. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വിചാരിച്ചാൽ മാത്രം പ്രതികളെ മോചിപ്പിക്കാനും കഴിയില്ല. പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്നതു വ്യക്തമായിരുന്നു. അതിനിടെയാണ് ജയിൽ ഉപദേശക സമിതിയിലേക്ക് സംശയം എത്തുന്നത്. പട്ടികയെക്കുറിച്ചു പ്രതികരിക്കാൻ ജയിൽ സൂപ്രണ്ട് തയാറാകാത്തതും ദുരൂഹമാണെന്ന വിലയിരുത്തലുണ്ട്. ഉപദേശക സമിതി യോഗത്തിൽ ജയരാജൻ പങ്കെടുത്തിരുന്നോ എന്നതും വ്യക്തതയില്ല.

ജയിലിൽ നിന്നും മോചിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ട തടവുപുള്ളികളുടെ പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികൾ ഉൾപ്പെട്ട വിഷയം വൻ വിവാദമായിരിക്കെ ഇവരെ വിട്ടയയ്ക്കില്ലെന്ന് ജയിൽ മേധാവി വിശദീകരിച്ചിരുന്നു. പത്തുവർഷം ജയിലിൽ കിടന്നവർ എന്ന നിലയിൽ പട്ടികയിൽ ഇവർ സ്വാഭാവികമായി ഉൾപ്പെടുകയായിരുന്നു ഇവരെന്നും പ്രതികൾക്ക് ശിക്ഷാ ഇളവുകൾ നൽകരുത് എന്ന ഹൈക്കോടതി ഉത്തരവ് ജയിൽ സൂപ്രണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നും ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞു. എന്നാൽ ഇതിന് അപ്പുറത്തേക്ക് രാഷ്ട്രീയ ഇടപെടലുണ്ടായി എന്നതാണ് വസ്തുത.

സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിന്റെ ഭാഗമായി ജയിൽമോചനത്തിനായി പരിഗണിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയപ്പോൾ പത്തുവർഷത്തിലേറെ ജയിലിൽ കിടക്കുന്നവർ എന്ന നിലയിൽ ടിപി പ്രതികളും പട്ടികയിൽ വന്നതാണെന്നും ഇദ്ദേഹം പറയുന്നു. ടി.പി. വധക്കേസിലെ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് ശിക്ഷായിളവ് നൽകാനുള്ളവരുടെ പട്ടികയിൽ ഇടം പിടിച്ചത്. ഇവരുടെ മോചവുമായി ബന്ധപ്പെട്ട് ജയിൽ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് അയച്ച കത്താണ് വിവാദത്തിന് തുടക്കമിട്ടത്. കത്ത് പുറത്തു വന്നതോടെ പ്രതിപക്ഷം കടന്നാക്രമണം തുടങ്ങി. ഇതിനിടെയാണ് ജയിൽ മേധാവി വിശദീകരണവുമായി എത്തിയത്. ഈ കത്ത് ചോർന്നതിൽ അന്വേഷണം നടത്തും.

2022 ലെ സർക്കാർ ഉത്തരവ് അനുസരിച്ച് മൂന്ന് പ്രതികളെ വിട്ടയയ്ക്കാൻ ആലോചനയുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നുമായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. നേരത്തേ വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടായിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയ കോടതി ഇവരുടെ ശിക്ഷ കൂട്ടുകയും ചെയ്തിരുന്നു. 20 വർഷം വരെ പ്രതികൾക്ക് ശിക്ഷായിളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇത്തരത്തിൽ 59 പ്രതികളെയാണ് ജയിൽ സൂപ്രണ്ടിന്റെ പട്ടികയിൽ ഉള്ളത്. ഇതെല്ലാം ജയിൽ ഉപദേശക സമിതിയുടെ ശുപാർശയാണ്.

സി.ആർ.പി.സി. 432 അടക്കമുള്ള വകുപ്പുകളാണ് ശിക്ഷയിൽ ഇളവുനൽകാൻ സർക്കാരിന് അനുമതി നൽകുന്നത്. ഇതിന് നടപടിക്രമങ്ങൾ ഏറെയുണ്ട്. ഈ നടപടിക്രമങ്ങൾ പാലിക്കാതെ ശിക്ഷയിൽ ഇളവുനൽകിയതിനാലാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്. സ്വാമി ശ്രദ്ധാനന്ദയടക്കമുള്ള കേസുകളിലെ ഉത്തരവുകളിലൂടെയാണ് സുപ്രീംകോടതി വധശിക്ഷ ഒഴിവാക്കുന്ന അവസ്ഥയിൽ ഹീനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ജീവപര്യന്തം കഠിനതടവിനപ്പുറം നിശ്ചിതകാലത്തേക്ക് ശിക്ഷ ഇളവ് നൽകാതെ കഠിനതടവിന് ശിക്ഷിക്കാമെന്ന് വ്യക്തമാക്കിയത്. ശിക്ഷ കഠിനമായിരിക്കേണ്ടതുണ്ടെന്ന റിട്ട. ജസ്റ്റിസ് വി എസ്. മാലിമത്തിന്റെ റിപ്പോർട്ട് അടക്കം പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

പക്ഷേ പരോൾ ലഭിക്കുന്നതിന് ഇത് തടസ്സമല്ല. ഹൈക്കോടതി ഉത്തരവിനെതിരേ പ്രതികൾക്ക് സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. എന്നാൽ ശിക്ഷയിൽ ഇളവ് നൽകുക എന്നത് സർക്കാരിന്റെ അധികാരത്തിൽ ഉൾപ്പെട്ട വിഷയമായതിനാൽ ഹൈക്കോടതി ഉത്തരവുതന്നെ നിയമപരമായി ചോദ്യംചെയ്യാവുന്ന ഒന്നാണെന്ന വാദവും സജീവമാണ്.