തലശ്ശേരി: ന്യൂ മാഹി ഇരട്ട കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി തെളിവുകള്‍ ഇല്ലാതാക്കിയെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിടാന്‍ കാരണം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് സംവിധാനം രാഷ്ട്രീയ സ്വാധീനത്തിന് അടിമപ്പെട്ട് ഭരണകക്ഷിയുടെ ഏജന്‍സികളായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കുടുക്കാന്‍ ഭരണസ്വാധീനം ഉപയോഗിച്ചതായും ടി.പി. സെന്‍കുമാര്‍ പറഞ്ഞു. സത്യസന്ധമായി കേസ് അന്വേഷിക്കാന്‍ ശ്രമിച്ച ഡി.വൈ.എസ്.പി. രാധാകൃഷ്ണന് ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. അന്നത്തെ അന്വേഷണത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച രണ്ട് ഡി.വൈ.എസ്.പി.മാര്‍ക്ക് രാഷ്ട്രീയ സഹായത്തോടെ സ്ഥാനക്കയറ്റങ്ങള്‍ നേടി വിരമിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ന്യൂമാഹി ഇരട്ടക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും തലശേരി അഡീഷനല്‍ സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് മൂന്ന് കോടതി ഇന്നലെയാണ് വെറുതെ വിട്ടത്. 2010 മേയ് 28ന് ന്യൂമാഹി പെരിങ്ങാടിയില്‍ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിലാണ് വിധി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോന്‍ പുറല്‍കണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്.

മാഹി കോടതിയില്‍ നിന്ന് മടങ്ങിവരികയായിരുന്ന ഇരുവരെ അക്രമിസംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കേസിലെ 16 പ്രതികളില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. ശേഷിച്ച 14 പ്രതികളാണ് വിചാരണ നേരിട്ടത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവരുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളും വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായിരുന്നു.

പ്രോസിക്യൂഷന്‍ വാദിച്ചത് അനുസരിച്ച്, പ്രതികളായ ഒന്നുമുതല്‍ ആറുവരെയും 10 മുതല്‍ 14 വരെയുമുള്ളവരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. എന്നാല്‍, മതിയായ തെളിവുകളില്ലാത്തതിനാല്‍ പ്രതികളെ വെറുതെ വിടാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ടി പി സെന്‍കുമാറിന്റെ കുറിപ്പ്

ഭരണതണലിലെ കൊലപാതകങ്ങളും പോലീസ് ശ്രേണിയുടെ ഉത്തരവാദിത്വവും

കണ്ണൂര്‍ ജില്ലയില്‍ ഒരു ഭാഗത്തു സിപിഎംഉം മറുഭാഗത്തു ആര്‍ എസ് എസ് /ബിജെപി, കോണ്‍ഗ്രസ്, എന്നിങ്ങനെയുള്ള കക്ഷികളും രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നത്, പ്രത്യേകിച്ചു സിപിഎം ഭരിക്കുമ്പോള്‍, 2017 വരെ സര്‍വ്വസാധാരണമായിരുന്നു. തലശ്ശേരി എഎസ്പി എന്ന നിലയില്‍ ജോലിചെയ്തിട്ടുള്ള എനിക്ക് ബോധ്യം ഉള്ളത് പോലീസ് നിഷ്പക്ഷമല്ലാതെ, നടപടികള്‍ എടുക്കുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതും പടരുന്നതും എന്നാണ്.

1986-1987 കാലഘട്ടത്തില്‍ ഞാന്‍ തലശ്ശേരി എഎസ്പി ആയിരുന്നപ്പോള്‍ ഒരൊറ്റ കൊലപാതകവും ഇത്തരത്തില്‍ ഉണ്ടായില്ല എന്ന് മാത്രമല്ല, ആക്രമങ്ങള്‍ പോലും ഉണ്ടായിരുന്നില്ല എന്ന് പറയാന്‍ അഭിമാനമുണ്ട്. എന്നാല്‍ പോലീസ് ശ്രേണി രാഷ്ട്രീയത്തിന് വഴിപ്പെടുകയും ഭരിക്കുന്ന പാര്‍ട്ടിയുടെ ഏജന്‍സി ആയി മാറുകയും ചെയ്യുമ്പോള്‍ കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിക്കുകയും പോലീസില്‍ വിശ്വാസമില്ലാത്തവര്‍ തിരിച്ചടിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

ഏതായാലും എം സാറിന്റെ സാന്നിധ്യത്തില്‍ നടന്ന സംഭാഷണങ്ങള്‍ക്ക് ശേഷം കഴിഞ്ഞ 7 വര്‍ഷങ്ങളായി താരതമ്യേനെ സമാധാനം നിലനില്‍ക്കുന്നു. പാര്‍ട്ടി ഗ്രാമങ്ങളും അവയിലേക്ക് മറ്റു പാര്‍ട്ടികള്‍ വരാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് കണ്ണൂരിനെ കണ്ണുനീരാക്കുന്നത്.

2006-2011 എല്‍ഡിഎഫ് ഭരണത്തിന്റെ കാലഘട്ടത്തില്‍ നടന്ന നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിലെ രണ്ടു കൊലപാതകങ്ങളാണ് 2008ല്‍ നടന്ന ഫസല്‍ കൊലക്കേസും 2010ല്‍ നടന്ന ന്യൂമാഹി ഇരട്ടകൊലപാതകവും.

ഫസല്‍ കൊലക്കേസില്‍ ആര്‍എസ്എസ്‌നെ പ്രതിയാക്കുവാന്‍ ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമിക്കുകയും അതില്‍ സത്യസന്ധമായി അന്വേഷിക്കുവാന്‍ ശ്രമിച്ച രാധാകൃഷ്ണന്‍ എന്ന ഡിവൈഎസ്പിക്ക് അതീവ ദുരന്തങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അന്നത്തെ പോലീസ് ശ്രേണി ആ ഡിവൈഎസ്പിയെ സഹായിച്ചില്ല എന്ന് മാത്രമല്ല, പട്ടികജാതിക്കാരനായ അദ്ദേഹത്തെ ഉപദ്രവിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. ഏതായാലും ഫസല്‍ കേസ് കോടതി മുഖാന്തിരം സിബിഐ ഏറ്റെടുക്കുകയും ചാര്‍ജ് ചെയ്യുകയും ചെയ്തു.

അതിന്റെ ഭാഗമായി രാഷ്ട്രിയ പ്രേരിതമായി പ്രവര്‍ത്തിച്ച 2 ഡിവൈഎസ്പിമാര്‍ക്കെതിരെ നടപടിയും ശുപാര്‍ശ ചെയ്തിരുന്നു. ഒന്നും ഉണ്ടായില്ല.

അതിനിടക്കാണ് ഇന്ന് തലശ്ശേരി അഡിഷണല്‍ ജില്ലാ കോടതിയില്‍ ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിധി വന്നിരിക്കുന്നത്. തെളിവിന്റെ അഭാവത്തില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടു. ആരാണ് തെളിവില്ലാതാക്കിയത്? പോലീസ് തന്നെ.

ഇതിനു മുന്‍പുണ്ടായ കെ.ടി ജയകൃഷ്ണന്‍ കൊലക്കേസിലെ വിധിയില്‍ പോലീസ് നടത്തിയിരുന്ന കള്ളത്തരങ്ങള്‍ കോടതി കണ്ടെത്തി നിശിതമായി വിമര്‍ശിക്കുകയും നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പോലീസ് നേതൃത്വങ്ങള്‍ ഒരു നടപടിയും എടുക്കാറില്ല.

എസ്പിസി മുതല്‍ എസ്പി വരെയുള്ള പോലീസ് അധികാരികള്‍ ഈ കൂട്ടുനില്കലിനു എന്തിന് തയ്യാറായി? അവരെല്ലാം ഹോനൗറബിള്‍ ആയി എല്ലാ സ്ഥാനമാനങ്ങളും നേടി റിട്ടയര്‍ ആയവരുണ്ട്. ജനത അവരെ അറിയുമോ? അവര്‍ ചെയ്ത ക്രൂരമായ പക്ഷപാതിത്വം അറിയുമോ?

ഇല്ല. എല്ലാവരും മാന്യന്മാര്‍.

ഇതാണ് ജനാധിപത്യ കേരളം.

ഇതിലെ എത്ര പ്രതികളാണ് ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടി കൊന്നത് എന്ന് കൂടി നോക്കുക.!