തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് വലയുന്ന കെ എസ് ആർ ടി സിയെ നന്നാക്കാൻ ആരുഇറങ്ങിയാലും അവർക്ക് പണി കൊടുക്കുക എന്നതാണ് പൊതുപരിപാടി.. നേരത്തെ, ടോമിൻ തച്ചങ്കരി ഒരുകൈനോക്കി. നിർണായക ഘട്ടത്തിൽ അദ്ദേഹത്തെ പുറത്താക്കി. ബിജു പ്രഭാകർ തന്റെ മാനേജ്‌മെന്റ് രംഗത്തെ പരിചയം അടക്കം കോർപറേഷനെ കരകയറ്റാൻ സഹായകമാകുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയും പ്രകടിപ്പിച്ചുകൊണ്ടാണ് എംഡിയായി കടന്നുവന്നത്. ഗതാഗത സെക്രട്ടറി കൂടിയായ അദ്ദേഹം ഇന്നലെ കുറെ കാര്യങ്ങൾ തുറന്നടിച്ചിരുന്നു. അപ്രിയ സത്യങ്ങൾ പറയരുതെന്നാണ് വയ്‌പെങ്കിലും, ബിജു പ്രഭാകർ അതങ്ങ് വിളമ്പി. ഇങ്ങനെയൊരു അവസരം കാത്തിരിക്കുകയായിരുന്നു രാഷ്ട്രീയ നേതാക്കളും യൂണിയൻ നേതാക്കളും അടക്കം കുറെ പേർ. ചാടി വീഴാൻ മാസമുണ്ടായില്ല.  ബിജു പ്രഭാകർ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പൊതുമേഖലാ സ്വകാര്യവൽക്കരണത്തിനെ പിന്തുണക്കുന്നയാളാണ്. അങ്ങനെയുള്ള ഒരാളെ ഗതാഗത സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി എന്നീ സ്ഥാനത്തുനിന്ന് നീക്കാൻ സർക്കാർ തയ്യാറാവണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.

കെ എസ് ടി എ സംഘ് സംസ്ഥാന സമ്മേളന വേദിയിലെ ബിജു പ്രഭാകറിന്റെ പ്രസംഗമാണ് വിവാദമായത്. സ്വകാര്യവൽക്കരണം എൽഡിഎഫ് നയമല്ല. പൊതുവേദിയിൽ ബിജു പ്രഭാകർ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമെന്നും കാനം രാജേന്ദ്രന്റെ ആരോപിച്ചു. പൊതുഗതാഗതത്തിന് പിന്തുണയില്ലെന്നായിരുന്നു ബിജു പ്രഭാകറിന്റെ വിമർശനം. എല്ലാവർക്കും മെട്രോ മതി. മെട്രോയ്ക്ക് വേണ്ടി കോടികൾ ചിലവഴിച്ചെന്നും ബിജു പ്രഭാകർ വിമർശിച്ചു.

'പൊതുഗതാഗതം ശക്തിപ്പെടണമെങ്കിൽ അതിന് മാതൃക കാണിച്ചുകൊടുക്കണം. ജനങ്ങളിൽ വിശ്വാസ്യത ഉണ്ടാക്കണം. മിന്നൽപ്പണിമുടക്ക് നടത്താൻ പാടില്ല. ശത്രുക്കളെ സൃഷ്ടിക്കണമെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്താൽ മതി. അതാണിന്ന് കെഎസ്ആർടിസിയിൽ സംഭവിക്കുന്നത്. ഈ സ്ഥാപനം നിലനിൽക്കണമെന്നാണ് എന്നും ഞാൻ ആഗ്രഹിക്കുന്നത്. ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കോവിഡ് നിയന്ത്രണങ്ങളെയും ബസുകളിൽ ഇരുന്ന് യാത്ര ചെയ്യുന്നതിൽ സർക്കാർ ഏർപ്പെടുത്തിയ നിയമങ്ങളെയും അദ്ദേഹം വിമർശിച്ചു. ലക്ഷക്കണക്കിന് പേർ യാത്ര ചെയ്യുന്ന പൊതുഗതാഗതത്തിന് വേണ്ടി ആവശ്യമായ പിന്തുണ സർക്കാർ നൽകുന്നില്ലെന്നും ഇവിടെ മെട്രോ നടപ്പിലാക്കാൻ മാത്രമാണ് ചർച്ചകൾ നടക്കുന്നതെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാട് അല്ല കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ സംസ്ഥാന സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളെ ശക്തമായി വിമർശിക്കുന്നുണ്ട്. മദ്യ ശാലകൾ അടച്ചിട്ടതും ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് നിരോധിച്ചതിനേയും അദ്ദേഹം വിമർശിച്ചു. 20 ലക്ഷം ആളുകളെ കൊണ്ടു പോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയുമില്ല. എല്ലാവർക്കും മെട്രോ മതി. ചർച്ചകൾ മെട്രോ നടപ്പാക്കാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എന്താണ് ലോക്ക് ഡൗൺ കൊണ്ട് ഉണ്ടായത്? കെ.എസ്.ആർ.ടി.സി. ബസിനകത്ത് ഇരുന്ന് യാത്രചെയ്യാം, നിന്നാൽ കൊറോണ പിടിക്കും. കോവിഡ് നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങളെ എവിടെ കണ്ടാലും പിടിച്ചു നിർത്താം. പൊലീസുകാർ, മജിസ്ട്രേറ്റുമാർ അടുത്തടുത്ത് ഇരുന്നാൽ കൊറോണ പിടിക്കില്ല. അടുത്തടുത്ത് നിന്ന് പോയാൽ കൊറോണ പിടിക്കും. ബിവറേജസിൽ നിന്ന് രണ്ടെണ്ണം വാങ്ങി വീട്ടിൽ കൊണ്ടുവന്ന് അടിച്ചു കഴിഞ്ഞാൽ കൊറോണപിടിക്കും. അന്ന് ബിവറേജസ് അടച്ചിട്ടതുകൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന തരത്തിൽ ആളുകൾ മറ്റു മയക്കുമരുന്നുകളിലേക്ക് മാറിയിരിക്കുന്നത്. ബിവറേജസ് അടച്ചിടാൻ പാടില്ല എന്ന് ചീഫ് സെക്രട്ടറിയുടെ മീറ്റിൽ പറഞ്ഞിരുന്നു. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിന്റെ അനന്തരഫലം എന്താണെന്നുള്ളതെന്ന് നമ്മൾ മനസ്സിലാക്കണം.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാടല്ല കേരളത്തിനും കേന്ദ്രത്തിനും. ഇരുപത് ലക്ഷം ആൾക്കാരെ കൊണ്ടുപോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയുമില്ല. ചർച്ചകൾ മെട്രോ നടപ്പാക്കാൻ വേണ്ടി മാത്രമാണ്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള നയങ്ങളല്ല പലപ്പോഴും ചെയ്യുന്നത്. ഒറ്റ കാര്യം മാത്രമാണ് ചിന്തിക്കുന്നത്, മെട്രോ, മെട്രോ, മെട്രോ. മെട്രോയ്ക്ക് വേണ്ടി കോടിക്കണക്കിന് രൂപ മുടക്കുമ്പോൾ 20 ലക്ഷം ആൾക്കാരെ കൊണ്ടു പോകുന്ന കെ.എസ്.ആർ.ടി.സിക്ക് വേണ്ടി എത്ര രൂപ ചിലവഴിക്കുന്നുവെന്ന് ഠ ബിജുപ്രഭാകർ ചോദിച്ചു.

സിംഗിൾ ഡ്യൂട്ടി വിജയമായപ്പോൾ മിണ്ടാട്ടം മുട്ടിയ യൂണിയനുകൾ ചാടി വീണു

സിംഗിൾ ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കിയ പാറശാല ഡിപ്പോയുടെ വരുമാനത്തിൽ വൻ വർധനയെന്ന് കെഎസ്ആർടിസി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. നേരത്തെ ലഭിച്ചിരുന്ന വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ദിവസേന 80,000-90,000 രൂപ വരെ വർധിച്ചതായി കെഎസ്ആർടിസി അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണത്തിനെതിരായ ഹർജിയിലാണ് കെഎസ്ആർടിസി ഹൈക്കോടതിയിൽ വിശദീകരണം നൽകിയത്.

സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയത് സർക്കാർ നിർദേശ പ്രകാരമാണെന്നും ഇതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും കെഎസ്ആർടിസി കോടതിയിൽ അറിയിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമാണ് പരിഷ്‌കരണം നടപ്പിലാക്കിയത്. അടുത്ത ഘട്ടത്തിൽ മറ്റു ഡിപ്പോകളിലേക്കും ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

ആഴ്ചയിൽ ആറ് ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ആണ് നടപ്പിലാക്കിയത്. എട്ട് ഡിപ്പോകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനായിരുന്നു ധാരണയെങ്കിലും മാനേജ്മെന്റ് പിന്നീട് പിന്മാറുകയായിരുന്നു. സിഐടിയു ഒഴികെയുള്ള യൂണിയനുകൾ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെ എതിർപ്പ് അറിയിച്ചിരുന്നു. സംവിധാനത്തിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. എന്തായാലും തങ്ങൾക്ക് ഹിതകരമല്ലാത്തത് നടപ്പാക്കുന്ന ആളായാണ് യൂണിയനുകൾ ബിജു പ്രഭാകറിനെ കാണുന്നത്. അതുകൊണ്ടുതന്നെ കിട്ടിയ അവസരം മുതലാക്കാൻ തന്നെയാണ് അവരുടെ തീരുമാനം.