- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇരുചക്ര വാഹനത്തിൽ കുട്ടികളായാലും മൂന്നുപേരുടെ യാത്ര നിയമലംഘനം; മൊബൈൽ ഫോൺ ഉപയോഗം അടക്കം അഞ്ച് നിയമലംഘനങ്ങൾ പിടികൂടും; എ ഐ ക്യാമറ സർക്കാരിന് വരുമാനമുണ്ടാക്കാനല്ലെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ; വരുമാനം കണ്ടെത്താനെന്ന വിമർശനത്തിന് മറുപടി
തിരുവനന്തപുരം: എ ഐ ക്യാമറ ജനങ്ങളെ പിഴിഞ്ഞ് സർക്കാർ ഖജനാവിലേക്ക് വരുമാനം കണ്ടെത്താനെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി റോഡ് സേഫ്റ്റി കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്. മോട്ടോർ വാഹന വകുപ്പുൾപ്പെടെ ഈടാക്കുന്ന പിഴയുടെ പകുതി റോഡ് സേഫ്റ്റി ആക്ട് അനുസരിച്ച് റോഡ് സേഫ്റ്റി അഥോറിറ്റിക്കാണ് നൽകുന്നത്.
അങ്ങനെ ലഭിച്ച 118 കോടിയിൽ നിന്നാണ് ഇപ്പോൾ സംസ്ഥാനത്തുടനീളം എഐ ക്യാമറ പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ പിഴത്തുക ഈടാക്കുന്നത് സർക്കാരിന് വരുമാനമുണ്ടാക്കാനുള്ള മാർഗമാണെന്നുള്ളത് തെറ്റായ പ്രചാരണമാണ്. അതിൽ ആരും വീണുപോകരുതെന്ന് അദ്ദേഹം പറഞ്ഞു. അബദ്ധജടിലമായ ഇത്തരം പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
നികുതിവരുമാനം മാത്രമെടുത്താൽ ഏകദേശം 5,300 കോടി രൂപയാണ് മോട്ടോർവാഹന വകുപ്പ് ഈടാക്കുന്നത്. പൊലീസും മോട്ടോർവാഹന വകുപ്പും ഉൾപ്പെടെ എല്ലാ എൻഫോഴ്‌സ്‌മെന്റുകളും ചേർന്ന് റോഡിൽ നടക്കുന്ന നിയമലംഘനങ്ങൾക്ക് 2018-ലാണ് ഏറ്റവും കൂടുതൽ പിഴ ഈടാക്കിയതെന്നാണ് കണക്കുകൾ. അത് 236 കോടി മാത്രമാണ്. അപ്പോൾ രണ്ട് കണക്കുകളും തമ്മിലുള്ള വ്യത്യാസം മനസിലാക്കണം. 5300 കോടിയെന്ന നികുതി വരുമാനത്തിന്റെ അഞ്ച് ശതമാനം പോലുമില്ല പിഴത്തുകയെന്നും എസ്. ശ്രീജിത്ത് കൂട്ടിച്ചേർത്തു.
നിസാര കുറ്റങ്ങളെന്ന് ആളുകൾ കരുതുന്ന, ഹെൽമെറ്റ് ധരിക്കാതിരിക്കുക, സീറ്റ്‌ബെൽറ്റ് ഇടാതിരിക്കുക ഫോണിൽ സംസാരിച്ച് വാഹനമോടിക്കുക തുടങ്ങിയവകൊണ്ടുണ്ടാകുന്ന മരണങ്ങളാണ് റോഡപകടങ്ങളിൽ സംഭവിക്കുന്നതിൽ 54 ശതമാനവുമെന്നും അദ്ദേഹം പറഞ്ഞു. ഈ 54 ശതമാനം മരണവും കുറയ്ക്കാനായാൽ ഏകദേശം 2000 പേരെയെങ്കിലും ഒരുവർഷം റോഡപകട മരണങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കും. ഇത് നിസാരമായ കാര്യമല്ല.
അപകടം മൂലമുണ്ടാകുന്ന മരണം, അതുമൂലമുണ്ടാകുന്ന ദുഃഖം, സമൂഹത്തിന് പൊതുവിലുണ്ടാകുന്ന ഉത്പാദനക്ഷമതയുടെ നഷ്ടം ഇതൊക്കെ കുറയ്ക്കാനാകും. പലപ്പോഴും വാഹനാപകടങ്ങളിൽ മരിക്കുന്നത് കുടുംബങ്ങളിലെ ഗൃഹനാഥന്മാരായിരിക്കും. അവരായിരിക്കും ആ കുടുംബത്തിലെ ഏക വരുമാനമുള്ളയാൾ. അയാൾ മരിക്കുന്നത് മൂലം ആ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം വലുതാണ്. ഇനി ഒരു കുടുംബത്തിലെ ഏറ്റവും ഇളമുറക്കാരാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെടുന്നതെന്നിരിക്കട്ടെ, അയാൾ ജീവിതത്തിൽ മുന്നോട്ടുപോയി സമൂഹത്തിന് ഒരുപാട് മുതൽക്കൂട്ടുണ്ടാക്കേണ്ടയാളാണ്.
അങ്ങനെ നോക്കിയാൽ ഇത്തരം അപകടങ്ങളൊക്കെ തടയാൻ വേണ്ടിയാണ് ഈ സംവിധാനം വിഭാവനം ചെയ്ത് നടപ്പാക്കുന്നത്. അതിന്റെ യഥാർഥ അന്തസത്ത ഉൾക്കൊണ്ടുതന്നെ എല്ലാവരും ഇതിനോട് സഹകരിക്കണം. ഒരു നിയമം പോലും ലംഘിക്കാതെ ഒരുപിഴപോലും അടയ്ക്കാതെ റോഡുപയോഗിക്കണമെന്നാണ് തനിക്ക് റയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇരുചക്രവാഹനത്തിൽ കുട്ടികളായാലും രണ്ട് പേരിൽ കൂടുതലാവുന്നത് നിയമലംഘനമെന്ന് ഗതാഗത കമ്മിഷണർ എസ്.ശ്രീജിത്ത്. കഴിയുന്നതും കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോവരുതെന്നും അദ്ദേഹം പറഞ്ഞു.
''ഇരുചക്രവാഹനത്തിലെ മൂന്നുപേരുടെ യാത്രയടക്കം പരക്കെയുള്ള അഞ്ച് നിയമലംഘനങ്ങളാണ് ആദ്യഘട്ടത്തിൽ എ ഐ ക്യാമറ വഴി പിടികൂടുക. നിയമം ലംഘിക്കാത്തവരുടെ ദൃശ്യം ക്യാമറയിൽ പതിയുകയില്ലെന്നും എസ്.ശ്രീജിത്ത് പറഞ്ഞു. ഹെൽമറ്റ്, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ്, റെഡ് ലൈറ്റ് മറികടക്കുക, ഇരുചക്രവാഹനത്തിൽ മൂന്നുപേരുടെ യാത്ര എന്നിവയ്ക്ക് പിഴ ഈടാക്കും.
''മുൻസീറ്റ് യാത്രക്കാരുടെ സീറ്റ് ബെൽറ്റ് ഉപയോഗം മാത്രമാകും പരിശോധിക്കുക. വാഹനത്തിലെ ബ്ലൂടൂത്ത് സിസ്റ്റം ഉപയോഗിക്കുന്നത് നിയമലംഘനമാകില്ല. മറ്റ് സംവിധാനങ്ങളിലൂടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പിഴ വരുത്തും. എമർജൻസി വിഭാഗത്തിലുള്ള വാഹനങ്ങൾക്ക് എഐ ക്യാമറകൾ ബാധകമാകില്ലെന്നും എസ്. ശ്രീജിത്ത് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ