കൊച്ചി: ശമ്പളം നൽകാത്തതിൽ പരസ്യമായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലം മാറ്റിയ കെഎസ്ആർടിസി പ്രതിഷേധങ്ങൾ ഏറ്റുവാങ്ങുകയാണ്. നഷ്ടത്തിൽ മുങ്ങി നിവരാൻ പ്രയാസപ്പെടുന്ന കോർപറേഷന്റെ നടപടിയെ സ്വാഗതം ചെയ്യുന്നവർ കുറവാണ്. ആപത്ത് കാലത്ത് ജീവനക്കാരെ കൂടി പിണക്കണോ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. ശമ്പളരഹിത സേവനം 41 ാം ദിവസം എന്ന ബാഡ്ജ് ധരിച്ചതിനാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായരെ സ്ഥലംമാറ്റിയത്.

തനിക്ക് പ്രതിഷേധിക്കാൻ ഭയമില്ലെന്ന് അഖില എസ് നായർ ടെലിവിഷൻ ചാനലിനോട് പറഞ്ഞു. ശമ്പളത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നത്. ശമ്പളം വൈകുന്തോറും പലരോടും മറുപടി പറയേണ്ടി വരുന്നത് അപമാനമാണ്. വളരെ മാന്യവും ശാന്തവുമായിട്ടാണ് തന്റെ പ്രതിഷേധമെന്നും അഖില പറഞ്ഞു.

'ഈ വരുമാനത്തിൽ മാത്രം ജീവിക്കുന്ന കുടുംബമാണ് എന്റേത്. ശമ്പളം വൈകുന്തോറും ഏതൊക്കെ ആളുകളോട് മറുപടി പറയേണ്ടി വരും എന്നത് ഞാൻ നേരിട്ട അപമാനമാണ്. മകന്റെ സ്‌കൂളിൽ ഫീസ് അടക്കാൻ പറ്റുന്നില്ല, കടയിൽ പറ്റ് തീർക്കാനാകുന്നില്ല, ബാങ്കിൽ ലോണടവ് തിരിച്ചടക്കാനുള്ള സമയം കഴിഞ്ഞു, അങ്ങനെ കുറേ കാര്യങ്ങൾ നമുക്ക് ബുദ്ധിമുട്ടായി. ഏതെങ്കിലും രീതിയിൽ നമ്മുടെ മാനസിക സംഘർഷം പ്രതിഷേധമായി രേഖപ്പെടുത്തണം എന്നാഗ്രഹിച്ചു. എന്നാൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തെ അത് ബുദ്ധിമുട്ടിക്കരുതെന്ന കണക്ക്കൂട്ടലും ഉണ്ടായിരുന്നു. ഡ്യൂട്ടിയിൽ നിന്നും വിട്ട് നിൽക്കുകയോ, ഡ്യൂട്ടി ചെയ്യാതിരിക്കുകയോ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയോ ഒന്നും ചെയ്തിട്ടില്ല.' അഖില പ്രതികരിച്ചു.

പ്രതിഷേധം വൈറലാവുമെന്നെന്നും ചിന്തിച്ചിട്ടില്ല. ബാഡ്ജ് ധരിച്ചതിന്റെ ഫോട്ടോ എടുക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഫേസ്‌ബുക്ക് അക്കൗണ്ട് പോലും ഇല്ലാത്തയാളാണ് താനെന്നും അഖില വിശദീകരിച്ചു. എംഎസ്സി- ബിഎഡ് കഴിഞ്ഞൊരാളാണ് താൻ. നിരവധി ടെസ്റ്റുകൾ എഴുതിയാണ് ജോലി കിട്ടിയത്. 13 വർഷമായി ആസ്വദിച്ചാണ് ശമ്പളം ചെയ്യുന്നതെന്നും അഖില കൂട്ടിചേർത്ത്.

പാല ഡിപ്പോയിലാണ് പുതിയ നിയമനം. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജനുവരി 11-ാം തിയതി മുതൽ അഖില ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയിരുന്നത്. പ്രതിഷേധ ബാഡ്ജ് ധരിച്ച അഖിലയുടെ ചിത്രം നേരത്തെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഖിലയുടെ പ്രതിഷേധം സർക്കാരിനേയും കോർപ്പറേഷനേയും അപകീർത്തിപ്പെടുത്തിയെന്ന് കെഎസ്ആർടിസിയുടെ സ്ഥലം മാറ്റ ഉത്തരവിൽ പറയുന്നുണ്ട്.

അഖിലയെ സ്ഥലംമാറ്റിയ ഉത്തരവിൽ പറയുന്നത് ഇങ്ങനെ: ''11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30 കളക്ടറേറ്റ് സർവീസ് പോയ കണ്ടക്ടർ അഖില എസ് നായർ ഒരു ജീവനക്കാരി എന്ന നിലയിൽ പാലിക്കേണ്ട ചട്ടങ്ങൾക്ക് വിരുദ്ധമായി സ്വന്തം നിലയിൽ സർക്കാരിനും കോർപ്പറേഷനും എതിരെ പ്രതിഷേധിച്ച് 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിർവഹിക്കുകയും ആയത് നവമാധ്യമങ്ങൾ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സർക്കാരിനെയും കോർപ്പറേഷനെയും അപകീർത്തിപ്പെടുത്തുന്നതിന് ഇടവരികയും ചെയ്തു. പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേൽക്കാരണങ്ങളാൽ അഖില നായരെ ഭരണപരമായ സൗകര്യാർത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിടുന്നു.''

ശമ്പളം നൽകാതിരിക്കുന്നതിൽ പ്രതിഷേധിക്കുമ്പോൾ എന്തുകൊണ്ടാണ് ഇത്തരം നടപടികൾ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. എന്നാൽ സ്ഥലം മാറ്റം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ഉത്തരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് സ്ഥലം മാറ്റ വിവരം താൻ അറിഞ്ഞതെന്നും അഖില പ്രതികരിച്ചു. ശമ്പളം ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധിയിലായതോടയാണ് താൻ പ്രതിഷേധിച്ചത്. അതും ജോലി കൃത്യമായി ചെയ്തുകൊണ്ടുതന്നെ യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നിശബ്ദമായാണ് പ്രതിഷേധിച്ചത്. ജനുവരി 11നായിരുന്നു അഖിലയുടെ ഈ മൗന പ്രതിഷേധം. അതിനുശേഷം കോട്ടയം ഡിപ്പോയിലെ സ്‌ക്വാഡ് ഐസി വിളിപ്പിച്ച് സംഭവത്തിൽ അഖിലയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന് രണ്ട് മാസങ്ങൾക്കു ശേഷം മാർച്ച് 23നാണ് ഇപ്പോൾ അഖിലയെ സ്ഥലം മാറ്റിയിരിക്കുന്നത്.

അതേസമയം ശനിയാഴ്ച തന്നോട് ജോലിക്ക് വരേണ്ടതില്ലെന്ന് ഡിപ്പോയിൽ നിന്നും അറിയിക്കുകയുണ്ടായി. അതല്ലാതെ കെഎസ്ആർടിസി സ്ഥലംമാറ്റ രേഖയൊന്നും തനിക്ക് നൽകിയിട്ടില്ലെന്നും അഖില പറഞ്ഞു. കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില. കെഎസ്ആർടിസിയുടെ ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിഎംഎസ് അറിയിച്ചു.

അതേസമയം, ജോലി ചെയ്താൽ കൂലി കിട്ടണമെന്നും കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.സർക്കാരിന്റെ വാർഷികം ആഘോഷിച്ച് കോടികൾ പൊടിക്കുന്നതിന് പകരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകൂ എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

വി ഡി സതീശന്റെ പോസ്റ്റ്

41 ദിവസം ജോലി ചെയ്തു. മാസ ശമ്പളം കിട്ടിയില്ല. ജോലി ചെയ്താൽ കൂലി കിട്ടണം. കിട്ടിയില്ലെങ്കിൽ തൊഴിലാളികൾ അത് ചോദിച്ച് വാങ്ങും.ശമ്പള രഹിത സേവനം നാൽപ്പത്തി ഒന്നാം ദിവസമെന്ന് ഒരു തുണ്ടുകടലാസിൽ യൂണിഫോമിൽ പിൻ ചെയ്ത് വച്ചതാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില . എസ്.നായർ ചെയ്ത വലിയ തെറ്റ് . വൈക്കത്ത് നിന്ന് പാലയിലേക്ക് സ്ഥലം മാറ്റി നടപടിയും എടുത്തു. ചെയ്ത ജോലിക്ക് ശമ്പളം നൽകുന്നതിനേക്കാൾ ആർജ്ജവത്തോടെ ശമ്പളം ചോദിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന പൊതുമേഖല സ്ഥാപനമാണ് KSRTC.

സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുത ? ആവശ്യത്തിനും അനാവശ്യത്തിനും സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സിപിഎം നേതാക്കൾക്ക് എന്ത് പറയാനുണ്ട് ? തൊഴിലാളി വർഗത്തിന്റെ കരുത്തിൽ നിന്ന് ഉയർന്നു വന്നവരാണെങ്കിൽ , നിങ്ങൾ ഇപ്പോൾ തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്. സർക്കാരിന്റെ വാർഷികം ആഘോഷിച്ച് കോടികൾ പൊടിക്കുന്നതിന് പകരം തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകൂ .