തിരുവല്ല: പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് കൊണ്ടു വന്ന സ്പിരിറ്റ് യാത്രാമധ്യേ മറിച്ചു വിറ്റ് ലക്ഷങ്ങൾ തട്ടിയ കേസിന്റെ അന്വേഷണം രണ്ടു വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. കുറ്റപത്രം സമർപ്പിക്കുന്നത് അനിശ്ചിതമായി വൈകുന്നതിനിടെ കേസിലെ അവശേഷിച്ച പ്രതിയെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.

സ്പിരിറ്റ് മറിച്ചു വിൽക്കാൻ സഹായിച്ച മഹാരാഷ്ട്ര ജൂലൈ ജില്ലയിലെ ഷിർപൂർ പല്ലാസർ സ്വദേശി രാമേശ്വർ കൈലാസ് ഗെയ്ക്ക്വാദി (32) നെയാണ് പുളിക്കീഴ് പൊലീസ് മഹാരാഷ്ട്രയിലെ സാഗ്വിയിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ വ്യാഴാഴ്ച ഉച്ചയോടെ ട്രെയിൻ മാർഗ്ഗം തിരുവല്ലയിൽ എത്തിച്ചു. എട്ടാം പ്രതിയാണ് ഇയാൾ. 2021 ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശിലെ ബറുവ എന്ന സ്ഥലത്തു നിന്നും ട്രാവൻകൂർ ഷുഗേഴ്സിലേക്ക് രണ്ട് ടാങ്കറുകളിലായി എത്തിച്ച സ്പിരിറ്റിൽ 20,386 ലിറ്ററാണ് മോഷ്ടിച്ചു വിറ്റത്.

എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിൽ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ജനറൽ മാനേജർ അലക്സ് പി. എബ്രഹാം, ടാങ്കർ ഡ്രൈവർമാരായ തൃശൂർ പാട്ട് കോന്നാട്ട് നന്ദകുമാർ, ഇടുക്കി അറക്കുളം കാവുംപടി വട്ടക്കുന്നേൽ സിജോ തോമസ്, കമ്പനി ഉദ്യോഗസ്ഥനായ ചെങ്ങന്നൂർ പാണ്ടനാട് മണിവീണയിൽ അരുൺകുമാർ, പേഴ്സൊണൽ മാനേജർ പി.യു. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി, മധ്യപ്രദേശ് സ്വദേശി സതീഷ് ബാലചന്ദ് വാനി എന്നിവരെ അന്ന് തന്നെ അറസ്റ്റ് ചെയ്തരുന്നു.

12 ലക്ഷം രൂപയ്ക്ക് സ്പിരിറ്റ് മറിച്ചു വിറ്റതായി സതീഷ് ബാലചന്ദ് വാനി പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതിൽ 10.28 ലക്ഷം രൂപ ടാങ്കർ ഡ്രൈവർമാരിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു. സംഭവം സംബന്ധിച്ച് പുളിക്കീഴ് പൊലീസ് കേസെടുക്കുകയും പ്രതികൾ അറസ്റ്റിലാകുകയും ചെയ്തെങ്കിലും അന്വേഷണം പൂർത്തിയായില്ലെന്ന കാരണത്താൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. പ്രതികളുടെ സ്വാധീനം നിമിത്തം അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന ആക്ഷേപം വ്യാപകമായിരുന്നു. അത് ശരി വയ്ക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോയിരുന്നത്.

എസ്. അഷാദ് ഡിവൈ.എസ്‌പിയായി ചുമതലയേറ്റതോടെയാണ് അന്വേഷണത്തിന് ജീവൻ വച്ചത്. പുളിക്കീഴ് പൊലീസ് ഇൻസ്പെക്ടർ ഇ. അജീബിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം പുനരാരംഭിക്കുകയായിരുന്നു. എസ്ഐ ജെ. ഷെജിം, എഎസ്ഐ എസ്.എസ്. അനിൽകുമാർ, സീനിയർ സി.പി.ഓ രാജേഷ്, സി.പി.ഒ സുദീപ് എന്നിവർ അടങ്ങുന്ന സംഘമാണ് മഹാരാഷ്ട്രയിൽ നിന്നും പ്രതിയെ പിടികൂടിയത്.