- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്രഷറിയിലുള്ള ആർക്കും വേണ്ടാത്തത് സർക്കാരെടുക്കും
തിരുവനന്തപുരം: മക്കൾ അറിയാതെ അച്ഛനും അമ്മയും നിക്ഷേപിച്ച പണമെല്ലാം ഇനി സർക്കാരിന് സ്വന്തം. സംസ്ഥാനത്തെ ട്രഷറികളിലെ നിർജീവ അക്കൗണ്ടുകളിലുള്ള തുക സർക്കാരിലേക്ക് വകമാറ്റി സാമ്പത്തിക പ്രതിസന്ധയിൽ ആശ്വാസം കണ്ടെത്താനാണ് പിണറായി സർക്കാരിന്റെ ശ്രമം. ട്രഷറികൾ കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. നിർജ്ജീവ അക്കൗണ്ടുകൾ ലക്ഷ്യമിട്ടാണ് ഇത്. ഇതിന്റെ പേരിലാണ് നിർജ്ജീവ അക്കൗണ്ടുകൾ സർക്കാരിന്റേതാക്കാനുള്ള ശ്രമം.
ഏകദേശം 3000 കോടി രൂപ ആർക്കും വേണ്ടാത്തതായി ഖജനാവിലുണ്ട്. ഇതിൽ അവകാശികൾ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉൾപ്പെടും. ചില ട്രഷറികളിൽ ജീവനക്കാർ തട്ടിപ്പുനടത്താൻ തുടങ്ങിയതോടെയാണ് സർക്കാർ പുതിയ ചർച്ചകൾ തുടങ്ങിയത്. ഈ പണം റവന്യു അക്കൗണ്ടിലേക്കുമാറ്റാനാണ് സർക്കാർ തീരുമാനം. മൂന്നുവർഷമോ അതിലേറെയോ തുടർച്ചയായി ഇടപാടുകൾ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളാണ് മരിവിപ്പിച്ച് പണം സർക്കാരെടുക്കുക. ഇത്തരം അക്കൗണ്ടുകളെ നിർജീവമെന്ന് കണക്കാക്കി പണം സർക്കാർ അക്കൗണ്ടിലേക്കു മാറ്റാൻ നിയമവകുപ്പ് ശുപാർശചെയ്തിരുന്നു.
കടമെടുത്താണ് സർക്കാർ മുമ്പോട്ട് പോകുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ 8000 കോടി കടമെടുത്തു. അതുകൊണ്ട് തന്നെ ട്രഷറിയിൽ ആർക്കും വേണ്ടാതെ കിടക്കുന്ന 3000 കോടി കിട്ടിയാൽ അത് പിണറായി സർക്കാരിന് വലിയ ആശ്വാസമാകും. മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ ഇതുകൊണ്ട് കൊടുക്കാം. ഈ സാഹചര്യത്തിലാണ് നിർജ്ജീവ അക്കൗണ്ടുകൾ സർക്കാരിന്റേതാക്കി മാറ്റുന്നത്.
കഴക്കൂട്ടം സബ്ട്രഷറിയിൽ പെൻഷൻകാരിയുടെയും പരേതരുടെയും അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിൻവലിച്ചതിന് ആറു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. മറ്റ് ചില ട്രഷറികളിലും നിർജീവ അക്കൗണ്ടുകളിൽനിന്ന് പണം തിരിമറി നടത്തുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം അക്കൗണ്ടുകളിൽനിന്ന് ജീവനക്കാർ പണം പിൻവലിച്ചാൽ കണ്ടെത്തുക പ്രയാസമാണ്. നിർജ്ജീവ അക്കൗണ്ടുകളായതിനാൽ ആരും പരാതിയുമായി എത്തുകയും ഇല്ല.
ഇടപാടുകൾ നടക്കാതെയും അവകാശികൾ എത്താത്തതുമായ അക്കൗണ്ടുകൾ എത്രകാലം നിലനിർത്തണമെന്നതിൽ അവ്യക്തതയുണ്ട്. മൂന്നുവർഷം തുടർച്ചയായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളെ നിർജീവമായി കണക്കാക്കാമെന്നാണ് നിയമവകുപ്പ് അറിയിച്ചിട്ടുള്ളത്. മൂന്നുവർഷം കഴിഞ്ഞാൽ ഈ പണം സർക്കാരിന്റെ റവന്യു അക്കൗണ്ടിലേക്കു മാറ്റാം. തുടർന്നും അക്കൗണ്ട് ഉടമകളോ നിയമപ്രകാരം അനന്തരാവകാശികളോ എത്തിയാൽ പണം തിരിച്ചുനൽകാനും വ്യവസ്ഥചെയ്യണമെന്ന് നിർദ്ദേശമുണ്ട്. ഇതിൽ ധനവകുപ്പ് തീരുമാനം എടുത്തിട്ടില്ല.
വിരമിച്ച പല സർക്കാർ മുൻ ഉദ്യോഗസ്ഥരും സുരക്ഷിതത്വമെന്ന നിലയിൽ ട്രഷറിയിൽ സ്ഥിര നിക്ഷേപങ്ങൾ നടത്താറുണ്ട്. പെൻഷൻ ബാങ്ക് അക്കൗണ്ട് വഴി വാങ്ങുന്ന ഇത്തരക്കാർ ഉയർന്ന പലിശയും മറ്റും ആഗ്രഹിച്ച് കൂടിയാണ് ട്രഷറിയിൽ നിക്ഷേപിക്കാറുള്ളത്. പലപ്പോഴും ഇത് അനന്തരാവകാശികൾ അറിയാറില്ല. നിക്ഷേപിച്ചവരുടെ മരണ ശേഷം അതുകൊണ്ട് തന്നെ ആവശ്യക്കാരും ഇല്ലാതാകും. ഇത് മനസ്സിലാക്കിയാണ് ചില ട്രഷറി തട്ടിപ്പുകളും നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഈ ആസ്തിയെല്ലാം സർക്കാരിന്റേതാക്കാനുള്ള നീക്കം.