തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികൾ മുറുകിയതോടെ ബില്ലുകൾ പാസാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ് ധനകാര്യ വകുപ്പ്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഈ നീക്കത്തിലേക്ക് എത്തിയതും. എന്നാൽ, പണം പരാമാവധി ചെലവിടാൻ വേണ്ടി തന്ത്രങ്ങൾ പയറ്റി വകുപ്പുകൾ രംഗത്തുവരികയാണിപ്പോൾ. വളഞ്ഞ വഴിയിൽ ആണെങ്കിലും ബില്ലുകൾ പാസാക്കാനാണ് വകുപ്പുകളുടെ ശ്രമം.

10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന വിലക്കാണ് ട്രഷറി നിയന്ത്രണത്തിന്റെ ഭാഗമായി ധനവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. വലിയ തുകയുടെ ബില്ലുകൾ 10 ലക്ഷം രൂപയിൽ താഴെയുള്ള ബില്ലുകളായി വിഭജിച്ച് ധനവകുപ്പിന്റെ അനുമതിയില്ലാതെ ഒട്ടേറെ വകുപ്പുകൾ കഴിഞ്ഞ ദിവസം മാറിയെടുത്തു. സാമ്പത്തിക വർഷം അവസാനിക്കാൻ 3 ദിവസം മാത്രം ബാക്കി നിൽക്കെ പരമാവധി പണം ചെലവിടുന്നതിന്റെ ഭാഗമായാണ് വകുപ്പുകൾ ഈ വളഞ്ഞ വഴി പ്രയോഗിച്ചത്.

ഇതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് കർശന പരിശോധനയ്ക്കു ശേഷമേ ബില്ലുകൾ മാറാവൂ എന്നും ഒരു ബിൽ പല ബില്ലുകളായി വിഭജിച്ചു സമർപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ട്രഷറിക്ക് ധനവകുപ്പ് നിർദ്ദേശം നൽകി. ഇത്തരത്തിൽ ബില്ലുകൾ വിഭജിച്ച് സമർപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും ധനസെക്രട്ടറി മുന്നറിയിപ്പു നൽകി. കർശനമായ പരിശോധനയ്ക്കു ശേഷമേ ബില്ലുകൾ മാറാവൂ. ഇല്ലെങ്കിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽ നിന്നു തുക ഈടാക്കുമെന്നും ധനസെക്രട്ടറി നൽകിയ കുറിപ്പിൽ പറയുന്നു. ഒരാഴ്ച മുൻപു ട്രഷറിയിൽ സമർപ്പിച്ച ബില്ലുകൾ പോലും അനുവദിക്കുന്നില്ലെന്ന പരാതി ചില വകുപ്പുകൾ ഉന്നയിക്കുന്നുണ്ട്. ഇത് സോഫ്റ്റ്‌വെയർ തകരാർ കാരണമെന്നാണ് ട്രഷറിയിൽ നിന്ന് ഇവർക്കു ലഭിച്ച മറുപടി.

അതേസമയം സർക്കാർ 5300 കോടി അടുത്തിടെ കടമെടുക്കുകയും ചെയ്തു. റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി പൊതുവിപണിയിൽ നിന്നാണ് പണം കടമെടുത്തത്. എൽഐസി പോലുള്ള ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളുമാണ് പതിവായി സംസ്ഥാനങ്ങളുടെ കടപ്പത്രം വാങ്ങാറുള്ളത്. 2,263 കോടി രൂപ 16 വർഷത്തേക്ക് 7.83% പലിശയ്ക്കാണു ലഭിച്ചത്. 28 വർഷത്തേക്ക് 1,037 കോടി രൂപ 7.76% പലിശയ്ക്കും 35 വർഷത്തേക്ക് 2,000 കോടി രൂപ 7.76% പലിശയ്ക്കും കിട്ടി. ഇത് താരതമ്യേന ഉയർന്ന പലിശ നിരക്കാണ്.

ഇത് കൂടാതെ ഏപ്രിലിൽ വിഷുവിന് മുമ്പ് ക്ഷേമ പെൻഷൻ വിതരണം ചെയ്യേണ്ടി വരും. ഇതെല്ലാം ലക്ഷ്യമിട്ടാണ് വൻതുക കടമെടുത്തിരിക്കുന്നത്. രണ്ടു കടപ്പത്രങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചത്. ആദ്യം 1037 കോടിയുടേതും തുടർന്ന് 4263 കോടിയുടേയും. രണ്ടിന്റെയും ലേലം ചൊവ്വാഴ്ച മുംബൈ റിസർവ് ബാങ്ക് ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം സർക്കാറിന് പണം ലഭിക്കും. കടമെടുപ്പ് പരിധിയിൽ കേന്ദ്രം നിയന്ത്രണം കൊണ്ടു വന്നത് സർക്കാറിന് പ്രയാസം സൃഷ്ടിച്ചിരുന്നു. എന്നാൽ, വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങളുടെ പേരിൽ 4000 കോടി രൂപ അധികം കടമെടുക്കാൻ കേന്ദ്രം അനുവദിച്ചു. കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ പോയ സംസ്ഥാനത്തിന് ഇതു വലിയ ആശ്വസമായി. സർക്കാറിന്റെ വിവിധ സ്ഥാപനങ്ങൾ വഴിയും ട്രഷറിയിൽ കൂടുതൽ പണം ലഭ്യമാക്കാൻ ശ്രമിച്ചിരുന്നു.

അതേസമയം, വാർഷിക പദ്ധതി വിനിയോഗം ഇഴഞ്ഞു നീങ്ങുകയാണ്. 39,640.19 കോടിയുടെ മൊത്തം പദ്ധതിയിൽ ഇതുവരെ 71.13 ശതമാനം മാത്രമേ വിനിയോഗമുള്ളൂ. സംസ്ഥാന പദ്ധതിയുടെ 22,322 കോടിയിൽ 67.58 ശതമാനമാണ് ചെലവിട്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ 8048 കോടിയിൽ 81.66 ശതമാനം ചെലവിടാനായി. കേന്ദ്ര സഹായ പദ്ധതികളുടെ 9270.19 കോടിയിൽ 70.52 ശതമാനം മാത്രമാണ് വിനിയോഗം. ശേഷിക്കുന്ന നാലു ദിവസംകൊണ്ട് വൻകുതിപ്പിന് സാധ്യതയില്ല.

പല വകുപ്പിലും വിനിയോഗം മെച്ചപ്പെട്ടിട്ടില്ല. കാർഷിക പദ്ധതികളിൽ 50 ശതമാനമാണ് വിനിയോഗം. ട്രഷറികളിൽ ബിൽ സമർപ്പിക്കുന്നതിന് സമയ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. അവസാന സമയം ബില്ലുകൾ കൂട്ടത്തോടെ കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ട്. അതേസമയം, ബജറ്റ് വിഹിതം നഷ്ടപ്പെടാതെ എങ്ങനെയും അനുവദിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പുകൾ.