- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൈക്ക് ശസ്ത്രക്രിയക്കെത്തിയ കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ് പതിവാകുന്നു. വയറ്റിൽ കത്രിക കടുങ്ങിയ സംഭവത്തിന്റെ വിവാദം അടങ്ങും മുമ്പ് ഗുരുതരമായ മറ്റൊരു ചികിത്സാ പിഴവിന്റെ വിവരങ്ങളും പുറത്തുവന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൈക്ക് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാക്കിന് ശസ്ത്രക്രിയ ചെയ്‌തെന്ന വാർത്തയാണ് പുറത്തുവന്നത്.
ഗുരുതര ചികിത്സാപ്പിഴവെന്ന പരാതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് നേരെ ഉയരുന്നത്. നാല് വയസ്സുകാരിയുടെ കൈക്ക് ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാൽ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.
കുഞ്ഞിന്റെ കൈയിലെ ആറാം വിരൽ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടർ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
എന്നാൽ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.