കടമ്പനാട്: കുടുംബാരോഗ്യ കേന്ദ്രത്തിന് ഭീഷണിയായി നിൽക്കുന്നുവെന്ന് ആരോപിച്ച് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ലക്ഷങ്ങൾ വില മതിക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി. ഇതിനുള്ള ചെലവ് പഞ്ചായത്ത് കമ്മറ്റിയിൽ നിന്ന് ഈടാക്കുകയും ചെയ്തു. പാഴ്തടിയെന്ന പേരിൽ വലിയ വില കിട്ടുന്ന മരങ്ങൾ മുറിച്ചതിനെതിരേ കോൺഗ്രസ് നേതാക്കൾ പൊലീസിൽ പരാതി കൊടുത്തതോടെ തടി മില്ലിൽ നിന്നും തടിക്കഷണങ്ങൾ കൊണ്ട് മരം മുറിച്ച സ്ഥലത്തിട്ടു. ഇതിനൊപ്പം മില്ലിൽ അറുത്ത ഉരുപ്പടികൾ കൂടി കണ്ടതോടെ കള്ളി പൊളിഞ്ഞു. സിപിഎമ്മിന്റെ നേതാവായ പഞ്ചായത്ത് ആറാം വാർഡംഗം ലിന്റോ യോഹന്നാൻ ആണ് വെട്ടിലായിരിക്കുന്നത്.

ലിന്റോയുടെ വാർഡിൽ തുവയൂർ തെക്ക് കന്നാട്ടുകുന്നിലുള്ള കുടുംബാരോഗ്യ ഉപകേന്ദ്രത്തിന് ഭീഷണിയായി നിൽക്കുന്ന പാഴ്മരങ്ങൾ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ ഓഫീസറെ ലിന്റോ തന്നെ സമീപിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസർ പാഴ്മരങ്ങൾ മുറിച്ചു നീക്കാൻ അനുമതി നൽകി. വയണ, വട്ട, പന, കവുങ്ങ് എന്നിവ മുറിച്ചു മാറ്റാനായിരുന്നു അനുമതി. എന്നാൽ, വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആ പറമ്പിലുണ്ടായിരുന്ന വൻ മരങ്ങൾ ഉൾപ്പെടെ ഒരാഴ്ച മുൻപ് മുറിച്ചു കടത്തുകയായിരുന്നു. ഉപകേന്ദ്രത്തിന് യാതൊരു തരത്തിലും ഭീഷണിയില്ലാതെ വടക്ക് കിഴക്കേ മൂലയിൽ നിന്നിരുന്ന കൂറ്റൻ ആഞ്ഞിലി, ഒന്നര ലക്ഷം രൂപ വിലവരുന്ന പ്ലാവ് എന്നിവയും മുറിച്ചു കടത്തി. ഇത് മുറിച്ചതിനുള്ള ലേബർ ചാർജായി 9900 രൂപയുടെ ബിൽ തിങ്കളാഴ്ച ചേർന്ന പഞ്ചായത്ത് കമ്മറ്റിയിൽ പാസാക്കുകയും ചെയ്തു.

ഇതിനിടെ കോൺഗ്രസ് നേതാക്കളായ മണ്ണടി മോഹൻ, സുരേഷ് കുഴിവേലി എന്നിവർ ഉപകേന്ദ്രത്തിന്റെ പരിസരത്ത് ചെന്നു നോക്കുമ്പോഴാണ് മെമ്പറുടെ നേതൃത്വത്തിൽ നടന്ന 'വനം കൊള്ള' മനസിലായത്. ആർക്കും വേണ്ടാത്ത രണ്ടു പനയും എതാനും ഇലയും തോലും മാത്രമാണ് അവിടെയുണ്ടായിരുന്നത്. ഇവർ ഇതിന്റെയെല്ലാം ചിത്രം പകർത്തി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഏതൊക്കെ മരങ്ങളാണ് മുറിക്കാൻ അനുമതി നൽകണമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കടമ്പനാട് പഞ്ചായത്ത് മെഡിക്കൽ ഓഫീസർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകുകയും ചെയ്തു.

ഇതിന് പുറമേ ഏനാത്ത് പൊലീസിലും പരാതി നൽകി. പിന്നെ നടന്നത് വിചിത്രമായ സംഗതികളാണെന്ന് നേതാക്കൾ പറയുന്നു. ചൊവ്വാഴ്ച രാവിലെ നോക്കുമ്പോൾ തിങ്കളാഴ്ച ആ സ്ഥലത്ത് കാണാതിരുന്ന ഏതാനും തടിക്കഷണങ്ങൾ ആരോ ഇറക്കിയിട്ടിരിക്കുന്നു. തടി മില്ലിൽ മുറിച്ച് അറുക്കാനിട്ടിരുന്ന കഷണങ്ങളാണ് ഇവിടെ കൊണ്ടിട്ടിരിക്കുന്നത്. പൊലീസ് കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി തിടുക്കത്തിൽ തടിക്കഷണം എത്തിക്കുന്നതിനിടെ മില്ലിൽ അറുത്തിട്ടിരുന്ന മുട്ടികളും ഉൾപ്പെട്ടിരുന്നു. ഇതോടെ പഞ്ചായത്തംഗം വെട്ടിലാണ്.

സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പഞ്ചായത്താണ് കടമ്പനാട്. ഇവിടെ സിപിഎം ഏരിയാ സെക്രട്ടറിയുടെ പിൻസീറ്റ് ഡ്രൈവിങാണ് നടക്കുന്നതെന്ന് നേരത്തേ തന്നെ പരാതിയുണ്ട്. ലിന്റോ യോഹന്നാൻ എന്ന സിപിഎം അംഗവും വഴി വിട്ട പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. തൊഴിലുറപ്പ് തൊഴിലാളിക്ക് തൊഴിൽ നൽകാതിരിക്കുന്നതിന് വേണ്ടി കള്ളക്കളി കളിച്ച ലിന്റോയെയും സംഘത്തെയും ഓംബുഡ്സ്മാൻ പറപ്പിച്ചിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ കേസും നിലനിൽക്കുന്നുണ്ട്.