കൊച്ചി: മതവിദേഷ പ്രസംഗത്തിന്റെ പേരില്‍ സലഫി പണ്ഡിതനും പ്രഭാഷകനുമായ മുജാഹിദ് ബാലുശേരിക്കെതിരെയുള്ള കേസില്‍ വിചാരണ ആരംഭിക്കുന്നു. നീണ്ട 9 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് വിചാരണ തുടങ്ങുന്നത്. അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവും, ഹിന്ദു സേവാ കേന്ദ്രം സ്ഥാപകനുമായ പ്രതീഷ് വിശ്വനാഥ് 2016 ല്‍ നല്‍കിയ പരാതിയിലാണ് സലഫി പണ്ഡിതന് എതിരായ വിചാരണ തുടങ്ങുന്നത്.

ക്ഷേത്രങ്ങള്‍ വേശ്യാലയം എന്ന് പറഞ്ഞ് നടത്തിയ പ്രസംഗത്തിന് എതിരെയായിരുന്നു പരാതി. മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗങ്ങള്‍ ഹിന്ദു ആചാരങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ ഉള്ളതാണെന്നായിരുന്നു പരാതി. ഏകദൈവാരാധനയില്‍ പങ്കുചേര്‍ക്കുന്ന ''ശിര്‍ക്ക്'' നെപ്പറ്റി പറയുന്ന മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗങ്ങളുടെ യുട്യൂബ് ലിങ്കുകളാണ് പരാതിയില്‍ തെളിവായി നല്‍കിയിരുന്നത്.

വേശ്യാലയങ്ങള്‍ക്ക് പണം നല്‍കുന്നതിനേക്കാള്‍ മോശമാണ് അമ്പലങ്ങള്‍ക്ക് പണം നല്‍കുന്നതെന്ന തരത്തിലുള്ള മുജാഹിദ് ബാലുശേരിയുടെ തീവ്രനിലപാടുകള്‍ നേരത്തെ വലിയ വിവാദമായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ് ഇങ്ങനെ:

വ്യാജമല്ലാത്ത ഒരു വാര്‍ത്ത പറയാം .. ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്നതിനേക്കാള്‍ നല്ലതു വേശ്യാലങ്ങളില്‍ പൈസ കൊടുക്കുന്നതാണെന്നും , അമൃതാനന്ദമയി ദേവിയുടെ അടുത്ത് പോകുന്നത് മോശപ്പെട്ട കാര്യമാണ് എന്നും പ്രസംഗിച്ചു ഹിന്ദുക്കളെ അപമാനിച്ചു പ്രസംഗിച്ച ഒരു മുസ്ലിം പണ്ഡിതന്‍ കേരളത്തില്‍ ഉണ്ട് . പേര് .. മുജാഹിദ് ബാലുശ്ശേരി .. 2016 ല്‍ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഇതിനെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടു പരാതി നല്‍കിയിരുന്നു .. 9 വര്‍ഷത്തെ നിയമ യുദ്ധങ്ങള്‍ക്ക് ശേഷം കേസിന്റെ വിചാരണ ആരംഭിക്കുകയാണ് .. ഇന്ന് മുജാഹിദ് ബാലുശ്ശേരിയോട് ജൂലൈ 10 നു പാസ്‌പോര്ട്ട് surrender ചെയ്യാന്‍ കോടതി നിര്‍ദേശിച്ചു .... മുജാഹിദ് ബാലുശ്ശേരിയോട് വിചാരണ തീരും വരെ ഇന്ത്യ വിട്ടു പോകരുതെന്നും നിര്‍ദേശിച്ചു .. അപമാനിക്കപ്പെട്ട ഹിന്ദു സമൂഹത്തിനു നീതി കിട്ടും വരെ മത മൗലികവാദികള്‍ക്കെതിരെ ഉള്ള പോരാട്ടം തുടരും.

പ്രതീഷ് വിശ്വനാഥ്


ഹൈക്കോടതിയില്‍ ഹിന്ദു അഡ്വക്കേറ്റ്‌സ് ഫോറം സംസ്ഥാന കമ്മിറ്റിയംഗം എന്ന നിലയിലാണ് പ്രതീഷ് വിശ്വനാഥ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് മുജാഹിദിനെതിരെ കേസെടുത്തത്. ബഹുദൈവ വിശ്വാസം തെറ്റാണെന്ന് പറയുന്നത് കുറ്റകരമല്ലെന്നായിരുന്നു മുജാഹിദ് ബാലുശേരിയുടെ വാദം. ഇസ്ലാമിക പണ്ഡിതനെന്ന് അവകാശപ്പെടുന്ന മുജാഹിദ് ബാലുശേരി മറ്റുമതങ്ങള്‍ പിന്തുടരുന്നവരുടെ വികാരം വ്രണപ്പെടുത്താതെ വാക്കുകള്‍ വളരെ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിയിരുന്നു എന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി നിരീക്ഷിച്ചിരുന്നു. ഒരാളുടെ വിശ്വാസത്തെ ഉയര്‍ത്തി കാട്ടാന്‍ മറ്റൊരാളുടെ വിശ്വാസത്തെ ഇകഴ്ത്തി കാട്ടേണ്ടതില്ല. മതവും വിശുദ്ധ ഗ്രന്ഥങ്ങളും വെറുപ്പും അനൈക്യവും പടര്‍ത്താനല്ല, മറിച്ച് ഐക്യവും സഹിഷ്ണുതയും, സാഹോദര്യവും വ്യാപിപ്പിക്കാനാണ് ഉപയോഗിക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.

നേരത്തെ മാതാ അമൃതാനന്ദമയിയുമായി ബന്ധപ്പെട്ട മുജാഹിദ് ബാലുശേരിയുടെ പ്രസംഗവും വിവാദമായിരുന്നു. അമൃതാനന്ദമയിയെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു പ്രസംഗം. 'ഇന്നലെ മാതാ അമൃതാനന്ദമയിയുടെ അമ്പത്തിയെട്ടാം പിറന്നാളായിരുന്നു. ആരുടെ അമ്മ, അറിയില്ല, ആരുടെ അമ്മയാണ് അവര്‍. അറിയില്ല. ഭാര്യയായാലേ അമ്മയാകൂ. മാതാ അമൃതാനന്ദമയിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് മുജാഹിദ് ബാലുശേരി നടത്തി പരാമര്‍ശങ്ങളാണ വിവാദമായത്.

2018 ല്‍ സ്ത്രീകളെ കുറിച്ചുളള മോശം പരാമര്‍ശത്തില്‍ മുജാഹിദ് ബാലുശേരി ഖേദം പ്രകടിപ്പിച്ചിരുന്നു. സ്ത്രീകള്‍ പൊതുവെ അഹങ്കാരികളാണെന്നും അതവരുടെ മുഖമുദ്രയാണെന്നുമുള്ള തന്റെ പരാമര്‍ശം സ്ത്രീ സമൂഹത്തോടുള്ള അനീതിയായി പോയെന്നും അത് ശരിയല്ലെന്നും അത് അവരോട് ക്ഷമാപണം നടത്തേണ്ടതാണെന്നുമായിരുന്നു ഒരുപരാമര്‍ശം. ഭാര്യയും ഭര്‍ത്താവും ജോലിക്കു പോവുന്ന വീടുകള്‍ ഡിസോഡര്‍ ആയിരിക്കുമെന്നും അവിടെയൊരു വൃത്തിയും ഉണ്ടാകില്ലെന്നും മുജാഹിദ് ബാലുശേരി പറഞ്ഞിരുന്നു. തന്റെ ചില പരാമര്‍ശങ്ങള്‍ ജോലിക്കു പോകുന്ന സ്ത്രീ പുരുഷന്മാരെ വളരെയേറെ വേദനിപ്പിച്ചു എന്ന് മനസ്സിലാക്കിയതിനാല്‍ മാപ്പ് ചോദിക്കുന്നുവെന്നായിരുന്നു മുജാഹിദ് ബാലുശേരിയുടെ കുറിപ്പ്.