- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കക്കി ഡാമിൽ നിന്ന് കണ്ടെടുത്തു; കാണാതായത് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വഴിയേ; മൃതദേഹം കണ്ടെത്തിയത് മൂഴിയാർ പൊലീസും വനംവകുപ്പും കെ.എസ്.ഇ.ബി ജീവനക്കാരും നടത്തിയ സംയുക്ത തിരച്ചിലിൽ
സീതത്തോട്: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വഴി കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കക്കി ഡാമിൽ നിന്ന് കണ്ടെടുത്തു. ആങ്ങമൂഴി പാലത്തടിയാർ രാമചന്ദ്രന്റെ (45) മൃതദേഹമാണ് വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ മൂഴിയാർ പൊലീസും വനംവകുപ്പും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിൽ കണ്ടെത്തിയത്. കഴിഞ്ഞ 18 ന് രാവിലെയാണ് രാമചന്ദ്രൻ വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി പോയത്. ഇദ്ദഹത്തെ അന്നു മുതൽ കാണാനില്ലെന്ന് കാട്ടി ഒപ്പം കഴിഞ്ഞിരുന്ന കൃഷ്ണൻ കാണി മൂഴിയാർ പൊലീസിൽ 21 ന് പരാതി നൽകി.
ഇയാൾ സഞ്ചരിച്ചിരുന്ന ചങ്ങാടം കക്കി ഡാമിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. ഇതിൽ ഒരു കെട്ടു വിറകും ഭക്ഷണവും ഉണ്ടായിരുന്നു. രാമചന്ദ്രൻ ഡാമിൽ വീണിരിക്കാമെന്ന സംശയത്തിൽ 22 ന് ഫയർഫോഴ്സും സ്‌കൂബ ടീമും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസും വനംവകുപ്പും ചേർന്ന് തെരച്ചിൽ തുടർന്നു വരികയായിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മൂന്നു കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് മൃതദേഹം വെള്ളത്തിൽ നിന്ന് മുങ്ങിയെടുത്തത്. ദിവസങ്ങളുടെ പഴക്കമുണ്ട്. ഇൻക്വസ്റ്റ് പൂർത്തിയാക്കി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി മാറ്റി.
രാമചന്ദ്രൻ അവിവാഹിതനാണ്. ബന്ധുക്കളെ പറ്റിയും വിവരമില്ല. കൃഷ്ണൻ കാണിക്കൊപ്പമായിരുന്നു താമസം. വനവിഭവങ്ങൾ ശേഖരിച്ച് വിറ്റാണ് ജീവിക്കുന്നത്. രാവിലെ ഒരു ചങ്ങാടത്തിൽ ഡാം മുറിച്ചു കടന്ന് വനത്തിൽ കയറി കുന്തിരിക്കം പോലുള്ള വനവിഭവങ്ങൾ ശേഖരിച്ച് വൈകുന്നേരം മടങ്ങുന്നതാണ് പതിവ്. ഇയാൾക്ക് പല വിധ അസുഖങ്ങളും ഉള്ളതായി പറയുന്നു.
കൃത്യമായി എവിടേക്ക് പോകുന്നുവെന്ന് പറയാത്തതിനാൽ ആരും ഇയാളെ ശ്രദ്ധിക്കാറില്ലായിരുന്നു. വനവിഭവങ്ങൾ ശേഖരിച്ച് വിൽക്കാൻ പോയതാണെന്നാണ് പലരും കരുതിയിരുന്നത്. രണ്ടു ദിവസമായിട്ടും കാണാതെ വന്നപ്പോൾ ഇവർ നടത്തിയ തെരച്ചിലിൽ ഒഴുകി നടക്കുന്ന ചങ്ങാടം കണ്ടു. അതിനുള്ളിലെ ഭക്ഷണവും വിറകും കണ്ടപ്പോഴാണ് ഡാമിൽ വീണിരിക്കാമെന്ന് സംശയിക്കുന്നത്. കാണാതാകുമ്പോൾ കൈലിയും ഷർട്ടുമായിരുന്നു വേഷം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്