- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരുന്തും കാക്കയും കൊക്കും ഉള്‍പ്പെട്ട പക്ഷിക്കൂട്ടങ്ങള്‍ ഉയര്‍ത്തുന്നത് വന്‍ സുരക്ഷാ ഭീഷണി; കുവൈറ്റ് എയര്‍വേയ്സ് വിമാനം പന്നിറങ്ങുമ്പോള് പാഞ്ഞടുത്ത് പക്ഷിക്കൂട്ടം; പൈലറ്റിന്റെ മനസാന്നിധ്യം സുരക്ഷിത ലാന്‍ഡിംഗ് ആയപ്പോള്‍ ഒഴിവായത് വന്‍ ദുരന്തം; ഒരാഴ്ചയ്ക്കിടെ കഷ്ടിച്ച് രക്ഷപ്പെട്ടത് നാലു വിമാനങ്ങള്‍; അദാനി എയര്‍പോര്‍ട്ട് സുരക്ഷിതമോ? പക്ഷി ഭീഷണിയില്‍ തിരുവനന്തപുരം
തിരുവനന്തപുരം: തിരുവനന്തപുരത്തെ അദാനി വിമാനത്താവളത്തിന് ഭീഷണിയായി പക്ഷി ശല്യം. പൈലറ്റുമാരുടെ ധീരത കൊണ്ട് മാത്രമാണ് അപകടം സംഭവിക്കാത്തത്. കഴിഞ്ഞ ദിവസവും ലാന്‍ഡിംഗിനിടെ പക്ഷിയിടിച്ചിട്ടും നിയന്ത്രണം തെറ്റാതെ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റ് ഒഴിവാക്കിയത് വന്‍ ദുരന്തമാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്ത് ലാന്‍ഡിഗിനെത്തിയ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, മാലി എയര്‍ലൈന്‍സ്, വിമാനങ്ങള്‍ക്ക് നേരെ പലവട്ടമാണ് പക്ഷികള്‍ പറന്നടുത്തത്. കാലങ്ങളായി തിരുവനന്തപുരം വിമാനത്താവളം പക്ഷിയിടിഭീഷണിയുടെ നിഴലിലാണ്. വിമാനത്താവള പരിസരത്ത് ഇറച്ചിമാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതാണ് പക്ഷികളുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് വിലയിരുത്തലുകളുണ്ട്. ഇതു നേരിടാന്‍ കോര്‍പ്പറേഷനും വിമാനത്താവള അധികൃതരും ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും പക്ഷികളെ പൂര്‍ണമായി തുരത്താന്‍ കഴിഞ്ഞിട്ടില്ല. വിമാനപാതയിലെ പക്ഷിക്കൂട്ടങ്ങളുടെ ഭീഷണി തുടരുന്നതില്‍ പൈലറ്റുമാരും ആശങ്കയിലാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ കുവൈറ്റില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുവൈറ്റ് എയര്‍വേയ്സ് വിമാനം റണ്‍വേയില്‍ പറന്നിറങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് പക്ഷി വിമാനത്തിന് നേരെയെത്തിയത്.സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൈലറ്റിന്റെ സമയോചിത ഇടപെടലും നിയന്ത്രണവും കാരണം വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ലാന്‍ഡിംഗ് നടത്തി. അതീവ ഗുരുതരമായ സംഭവമായതിനാല്‍ പൈലറ്റ് ഉടന്‍തന്നെ പക്ഷിയിടി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അന്വേഷണമുണ്ടാകും.
ഇന്‍ഡിഗോ വിമാനത്തിന്റെ ചിറകില്‍ ഇടിച്ച പക്ഷി വിമാനത്താവളത്തിനു പുറത്ത് വീണു. ചത്തുവീണ പക്ഷിക്ക് ചുറ്റുമായി പക്ഷിക്കൂട്ടം വട്ടമിട്ട് പറന്നതോടെ പലവിമാനങ്ങളും ലാന്‍ഡിഗ് നടത്താന്‍ ഏറെ ബുദ്ധിമുട്ടി.ലാന്‍ഡിംഗ് സമയത്ത് റണ്‍വേയില്‍ നിന്ന് പക്ഷികളെ പടക്കമെറിഞ്ഞ് തുരത്താനുള്ള സംവിധാനമുണ്ടെങ്കിലും ചുറ്റുമതിന് മുകളിലായി പറന്നിറങ്ങുന്ന പക്ഷികളെ തുരത്താനുള്ള സംവിധാനങ്ങള്‍ ഇനിയും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷി ഭീഷണി സംബന്ധിച്ച് പൈലറ്റുമാര്‍ പലഘട്ടങ്ങളിലും എയര്‍ട്രാഫിക് കണ്‍ട്രോള്‍ വഴി തങ്ങളുടെ പരാതിയും ആശങ്കയും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തും ഇറങ്ങുന്നതിനും പുറപ്പെടാന്‍ തയ്യാറായ വിമാനങ്ങളിലും പരുന്തും മൂങ്ങയുമുള്‍പ്പെട്ട പക്ഷികള്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കിയ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ മേയ് 25-ന് ഇറങ്ങാനെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഇടതുഭാഗത്തുള്ള എന്‍ജിനില്‍ കൊക്ക് ഇടിച്ചുകയറിയിരുന്നു.
വിമാനത്താവളത്തിനുള്ളിലും വിമാനപാതയിലുമെത്തുന്ന പക്ഷികളെ തുരത്തുന്നതിന് ബേര്‍ഡ് സ്‌കെയര്‍സ് എന്ന ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പടക്കങ്ങളും റോക്കറ്റുകളും ഉപയോഗിച്ചാണ് നിലവില്‍ ഇവയെ തുരത്തുന്നത്. വിമാനമെത്തുന്നതിനുമുന്‍പ് റണ്‍വേയിലും വിമാനപാതയിലും തുടര്‍ച്ചയായി ഇത്തരം വലിയ ശബ്ദ ആവൃത്തിയുള്ള പടക്കങ്ങള്‍ ഉപയോഗിച്ചാണ് പക്ഷികളെ തുരത്തുന്നത്. അറവുശാലകളില്‍നിന്നു വിമാനപാതയ്ക്കടുത്ത് മാംസാവശിഷ്ടങ്ങള്‍ കൊണ്ടിടുന്നതിന് നിയന്ത്രണം വന്നിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചിരുന്നു. നഗരസഭ ഏര്‍പ്പെടുത്തിയിട്ടുള്ള ഏജന്‍സികള്‍ വഴിയാണ് ഇവ നീക്കംചെയ്യുന്നത്. എന്നാല്‍ വിമാനപാതയായ പരുത്തിക്കുഴിക്കുസമീപം ഒഴിഞ്ഞ സ്ഥലത്ത് അറവുമാലിന്യങ്ങള്‍ കൊണ്ടിടുന്നുണ്ട്. ഇത് ഉച്ചയ്ക്കും രാവിലെയും പരുന്തും കാക്കയും കൊക്കും ഉള്‍പ്പെട്ട പക്ഷിക്കൂട്ടങ്ങള്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അധികൃതര്‍ പറഞ്ഞു. മുട്ടത്തറ പൊന്നറ പാലത്തിനുസമീപം വിമാനം ഇറങ്ങുന്ന മേഖലയില്‍ രാവിലെ മീന്‍വില്‍പ്പനക്കാര്‍ എത്തുന്നതും പക്ഷികളെ ആകര്‍ഷിക്കുന്നുവെന്നും വിലയിരുത്തലുണ്ട്.
തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാരും അറിയിച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മാസങ്ങള്‍ക്ക് മുമ്പ് യോഗവും നടന്നു. അറവ് മാലിന്യം ശാസ്ത്രിയമായി സംസ്‌ക്കരിക്കാനും അറവ് കേന്ദ്രീകൃതമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയും ചെയ്തു. പൊതുസ്ഥലത്തെ അറവും ലൈസന്‍സ് ഇല്ലാത്ത സ്റ്റാളുകളും ബദല്‍ സംവിധാനം ഉറപ്പാക്കി ഒഴിവാക്കണം. കൊര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിമാനത്താവളത്തിന്റെ സിഎസ്ആര്‍ ഫണ്ടു കൂടി ഉപയോഗിക്കണം. മാലിന്യ നിക്ഷേപ സാധ്യതാ സ്ഥലങ്ങളില്‍ സിസിടിവി നിരീക്ഷണം ഉറപ്പാക്കണം. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരണം. അജൈവ മാലിന്യ സംസ്‌ക്കരണവും ശക്തിപ്പെടുത്തണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
എയര്‍പോര്‍ട്ട് പരിസര പ്രദേശം മുഴുവന്‍ സമ്പൂണ മാലിന്യ മുക്തമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ മാതൃകപരമായ നടപടി സ്വീകരിക്കണം. അറവ് മാലിന്യം ഉള്‍പ്പെടെ തള്ളുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണം. ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം. റസിഡന്‍സ് അസോസിയേഷന്‍, കുടുംബശ്രീഅയല്‍കൂട്ടം, സാമൂഹ്യ, സമുദായിക, സാംസ്‌കാരിക സംഘടനകളുടെ യോഗം വിളിച്ച് പക്ഷി ശല്യം ഉണ്ടാക്കുന്ന അപകടാവസ്ഥയെക്കുറിച്ചും മാലിന്യ സംസ്‌ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരിക്കണം. കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങളൊക്കെ നടത്തേണ്ടത്. വിമാനത്താവള മാനേജ്‌മെന്റ് പ്രതിനിധി കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. മാതൃകാപരമായ ഭൂപ്രദേശമാക്കി എയര്‍പോര്‍ട്ട് പരിസരത്തെ മാറ്റാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.