തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖം പണി അനിശ്ചിതത്വത്തിലാണ്. പക്ഷേ സംസ്ഥാന സർക്കാരിന്റെ പണമുപയോഗിച്ചാണ് ബ്രേക്ക് വാട്ടർ നിർമ്മാണം. അതുകൊണ്ട് തന്നെ അദാനിക്ക് പ്രതിസന്ധിയൊന്നുമില്ല. പണി തടസ്സപ്പെട്ടാലും നഷ്ടമില്ല. അതുകൊണ്ട് തന്നെ സമരത്തിന്റെ ഗതി എങ്ങെയായലും അദാനി ഗ്രൂപ്പിനെ ബാധിക്കില്ല. ഇതിനിടെ തിരുവനന്തുപരം വിമാനത്താവളത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകായണ് അദാനി. ലോകോത്തര നിലവാരത്തിലേക്ക് അദാനി ഈ വിമാനത്താവളത്തെ മാറ്റും. അഞ്ചുവർഷത്തിനകം വിമാനത്താവളത്തിൽ വലിയമാറ്റങ്ങളുണ്ടാകും.കൂടുതൽ ദൃശ്യഭംഗിയും സൗകര്യങ്ങളുമൊരുക്കുമെന്ന് അദാനി ഗ്രൂപ്പും പറയുന്നു.

ആഭ്യന്തര ടെർമിനൽ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനലും അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻവശത്തായി പഞ്ചനക്ഷത്ര ഹോട്ടലും എയർട്രാഫിക് ടവറുമടക്കം നിർമ്മിച്ച് തിരുവനന്തപുരം വിമാനത്താവളം ലോകനിലവാരത്തിൽ പുതുക്കിപ്പണിയാൻ അദാനി ഗ്രൂപ്പ് മാസ്റ്റർപ്ലാൻ തയ്യാറാക്കി. വിമാനത്താവളം അദാനി ഏറ്റെടുത്തപ്പോൾ മുതൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. ഡ്യൂട്ടി ഫ്രീ ഷോപ്പടക്കം വന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ പരിഷ്‌കാരങ്ങൾ. വിമാനത്താവളത്തിന് മുന്നിലെ മലബാർ മാൾ അദാനി ഏറ്റെടുക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാൽ ഇത് വേണ്ടെന്ന് വച്ചു. വിമാനത്താവള സ്ഥലം ഉപയോഗിച്ച് വികസനം മതിയെന്ന നിലപാടിലാണ് അദാനി.

2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വിമാനത്താവളം പുതുക്കിപ്പണിയുക. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനൽ പൂർണമായി പൊളിച്ച് സിംഗപ്പൂർ ഷാംഗി വിമാനത്താവളത്തിന്റെ മാതൃകയിൽ പുതിയ ടെർമിനലുണ്ടാക്കും. രൂപരേഖയ്ക്കായി ലോകപ്രശസ്ത ആർക്കിടെക്ടുകളെ എത്തിക്കും. വിസ്മയിപ്പിക്കുന്ന രൂപഭംഗിയിലും ലോകോത്തര സൗകര്യങ്ങളോടെയും ആഭ്യന്തര ടെർമിനലായി തന്നെയാവും ഇത് നിർമ്മിക്കുക. നേരത്തേ ആഭ്യന്തര ടെർമിനൽ പൊളിച്ച് സർവീസുകളെല്ലാം അന്താരാഷ്ട്ര ടെർമിനലിലേക്ക് മാറ്റാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും മാസ്റ്റർപ്ലാനിൽ അത് ഉപേക്ഷിച്ചു. ഇത് തിരുവനന്തപുരത്തുകാരുടെ ദീർഘകാല ആവശ്യമാണ്. ഇതോടെ രണ്ട് അന്തരാഷ്ട്ര ടെർമിനലുകൾ തിരുവനന്തപുരത്തിന് സ്വന്തമാകും.

ചാക്കയിലെ അന്താരാഷ്ട്ര ടെർമിനൽ കൂടുതൽ സൗകര്യങ്ങളോടെ പുതുക്കിപ്പണിയും. യാത്രക്കാർക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ ക്ലിയറൻസിനായി ഏറെസമയം കാത്തുനിൽക്കേണ്ട സ്ഥിതി ഒഴിവാക്കുന്നതിനൊപ്പം യാത്രക്കാർക്ക് വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതൽ സൗകര്യങ്ങളൊരുക്കും. നിലവിൽ 1600 യാത്രക്കാരെയാണ് അന്താരാഷ്ട്ര ടെർമിനലിൽ ഉൾക്കൊള്ളാനാകുക. രണ്ട് ടെർമിനൽ എത്തുമ്പോൾ ഇരട്ടിയിൽ അധികം പേരെ ഉൾക്കൊള്ളാനാകും. രണ്ട് ടെർമിനലിൽ നിന്നും സൗകര്യപ്രദമായത് വഴി വിമാനത്തിലേക്ക് യാത്രക്കാർക്ക് കടക്കാനും കഴിയും. നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയാകും പിരഷ്‌കാരങ്ങൾ.

അന്താരാഷ്ട്ര ടെർമിനലിന് മുൻവശത്തെ പാർക്കിങ് - ടോയ്ലെറ്റ് ഏരിയയിലാണ് ബഹുനിലകളിലായി പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നത്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇത്തരം എയർപോർട്ട് ഹോട്ടലുകളുണ്ട്. വിമാനത്താവളത്തിനടുത്തെ മലബാർ മാൾ ഏറ്റെടുത്ത് ഹോട്ടലും വാണിജ്യകേന്ദ്രവുമാക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. ദേശീയപാതയിലേക്കും നഗരത്തിലേക്കും ചാക്കയിൽ പ്രവേശനകവാടമുണ്ടാക്കും. മാസ്റ്റർപ്ലാൻ അംഗീകാരത്തിനായി എയർപോർട്ട് അഥോറിറ്റിക്ക് കൈമാറി. രണ്ടുമാസത്തിനകം അന്തിമപ്ലാൻ പ്രസിദ്ധീകരിക്കും.

എ.ടി.സിമുംബയ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിന്റെ (എ.ടി.സി ) മാതൃകയിലാകും അന്താരാഷ്ട്ര ടെർമിനലിന്റെ ചാക്കയിലെ പ്രവേശനകവാടത്തിന്റെ വലതുഭാഗത്തായി പുതിയ ടവർ നിർമ്മിക്കുക. വ്യോമഗതാഗത നിയന്ത്രണം എയർപോർട്ട് അഥോറിറ്റിക്കായതിനാൽ ടവർ അദാനി ഗ്രൂപ്പ് അവർക്ക് കൈമാറും. 49 മീറ്റർ ഉയരമുള്ള എട്ടുനില ടവറിന് എയർപോർട്ട് അഥോറിറ്റി 115 കോടി അനുവദിച്ചിരുന്നെങ്കിലും നടത്തിപ്പ് അദാനിക്കായതോടെ പദ്ധതി നിലച്ചിരുന്നു. ഇതാണ് വീണ്ടും തുടങ്ങുന്നത്.