തിരുവനന്തപുരം : പ്രതിഷേധത്തിന്റെ ഭാഗമായി ഓണസദ്യ മാലിന്യത്തിൽ തള്ളിയ ശുചീകരണതൊഴിലാളികളെ സസ്പെന്റ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്ത മേയർ ആര്യാരാജേന്ദ്രന്റെ നടപടിയെ വിമർശിച്ചുള്ള മാധ്യമപ്രവർത്തകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. നടപടി നേരിട്ട തൊഴിലാളികളുമായി സംസാരിച്ച ശേഷമാണ് വസ്തുതകൾ അക്കമിട്ട് നിരത്തി ഇന്ത്യൻ എക്്സ്പ്രസിലെ വിദ്യാനന്ദൻ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്ഒരേയൊരു തെറ്റ് നിങ്ങൾ ചെയ്ത ശരികളെ എല്ലാം റദ്ദു ചെയ്യുമോ? എന്ന് തുടങ്ങുന്ന കുറിപ്പിൽ അന്നം കളഞ്ഞതിനുള്ള ശിക്ഷ അന്നം മുട്ടിച്ചു കൊണ്ട് വേണോ? എന്ന ചോദ്യമാണ് പ്രധാനമായും ഉന്നയിക്കുന്നത്.

ജീവനക്കാർ കടന്നുപോയ സാഹചര്യവും വാക്കുകളിലൂടെ വിവരിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിൽ ഓണം ആഘോഷിക്കുന്നത് ഉദ്യോഗസ്ഥർ ഫയലുകൾ ഒക്കെ നോക്കി തീർത്തിട്ടാണോ? ഇനി ആണെങ്കിൽ തന്നെ തീർത്തിട്ട് ചെയ്യാൻ ഇത് അങ്ങനെയുള്ള ജോലി ആണോ? മൂന്നു മണിക്കൂർ ഓടയിൽ കയ്യിട്ടു വാരിയിട്ട്, അളിഞ്ഞ കോഴി വേസ്റ്റ് ചുമന്ന് മാറ്റിയിട്ട്, പൂക്കളമിടാനും, സദ്യ ഉണ്ണാനും പറ്റുമോ? നടപടി നേരിട്ടവരിൽ എല്ലാം തന്നെ പിന്നോക്ക-ദളിത് വിഭാഗങ്ങളിൽ പെടുന്ന ദരിദ്രരായ മനുഷ്യരാണ്. പിരിച്ചുവിടപ്പെട്ടവർ 50 വയസിനു മുകളിലുള്ള രണ്ടു പട്ടിക ജാതി വനിതകൾ, 42 വയസുള്ള വിധവ , 50 വയസുള്ള പട്ടിക ജാതി പുരുഷൻ. ഇവർക്കിനി എന്ത് ജോലി കിട്ടാൻ? അല്ലെങ്കിൽ തന്നെ വേറെ എന്തെങ്കിലും ജോലിക് സാധ്യത ഉണ്ടായിരുന്നെങ്കിൽ അഞ്ചു കൊല്ലം മുൻപ് ഇവർ ഈ ജോലിക്ക് കയറുമായിരുന്നോ?

ഇത്തരത്തിൽ മേയറുടെ നടപടിയെ അടിമുടി വിമർശിക്കുകയാണ് കുറിപ്പിലുടനീളം. ശനിയാഴ്ച കോർപറേഷന്റെ ചാല സർക്കിളിൽ നടന്ന സംഭവത്തിൽ മേയർ ഏകപക്ഷീയ നിലപാടെടുത്തെന്ന് പാർട്ടിയിലും വിമർശനമുണ്ട്. ഇത് സംബന്ധിച്ച ജീവനക്കാരുടെ പരാതി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പരിഗണനയിലുമാണ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഒരേയൊരു തെറ്റ് നിങ്ങൾ ചെയ്ത ശരികളെ എല്ലാം റദ്ദു ചെയ്യുമോ? പ്രതിഷേധത്തിന്റെ ഭാഗമായി ഓണ സദ്യ കുപ്പയിലിട്ട ചാല സർക്കിളിലെ തൊഴിലാളികളോട് തിരുവനന്തപുരം നഗരസഭ ചെയ്തത് കടുത്ത അനീതിയാണ്. ഏഴു സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാനും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുമുള്ള തീരുമാനം എടുക്കുന്നതിനു മുൻപ് ആ പ്രതിഷേധത്തിലേക്ക് അവർ എത്താനുണ്ടായ സാഹചര്യം അധികൃതർ ചോദിക്കണമായിരുന്നു.

കോവിഡ് സമയത്തു ഭൂരിഭാഗം നഗരവാസികളും വീടിനുള്ളിൽ കഴിഞ്ഞപ്പോൾ ഒരു മടിയും കൂടാതെ തെരുവിൽ പണി എടുത്തവരാണ് ഇവരെല്ലാം. അന്ന് കോവിഡ് വാരിയേഴ്‌സ് എന്ന് പുകഴ്‌ത്തിയ ആളുകൾക്ക് ഇത്രയും കടുത്ത ശിക്ഷ വേണമായിരുന്നോ? നിയമസഭ മുതൽ തെരുവോരം വരെ എത്രയെത്ര കൈവിട്ട പ്രതിഷേധങ്ങൾ കണ്ടവരാണ് നമ്മൾ?

നടപടി നേരിട്ടവരിൽ എല്ലാം തന്നെ പിന്നോക്ക-ദളിത് വിഭാഗങ്ങളിൽ പെടുന്ന ദരിദ്രരായ മനുഷ്യരാണ്. പിരിച്ചുവിടപ്പെട്ടവർ 50 വയസിനു മുകളിലുള്ള രണ്ടു പട്ടിക ജാതി വനിതകൾ, 42 വയസുള്ള വിധവ , 50 വയസുള്ള പട്ടിക ജാതി പുരുഷൻ. ഇവർക്കിനി എന്ത് ജോലി കിട്ടാൻ? അല്ലെങ്കിൽ തന്നെ വേറെ എന്തെങ്കിലും ജോലിക് സാധ്യത ഉണ്ടായിരുന്നെങ്കിൽ അഞ്ചു കൊല്ലം മുൻപ് ഇവർ ഈ ജോലിക്ക് കയറുമായിരുന്നോ? അന്നം കളഞ്ഞതിനുള്ള ശിക്ഷ അന്നം മുട്ടിച്ചു കൊണ്ട് വേണോ?

തൊഴിലാളികൾ പറയുന്നത്:

സാധാരണ ഏഴു മണിക്കാണ് ജോലി തുടങ്ങാറ്. ആഘോഷം ഉള്ളതുകൊണ്ട് നേരത്തെ ജോലി തീർക്കാൻ അവർ അഞ്ചു മണിക്കേ എത്തി. രണ്ടു പേര് ഏറോബിക് ബിൻ പരിസരത്തു പൂക്കളം ഇടാൻ തുടങ്ങി, ബാക്കിയുള്ളവർ ജോലിക്ക് പോയി. 8.30 ആയപ്പോൾ അവരെ ലോറിയിൽ കയറ്റി അട്ടക്കുളങ്ങര ബൈപാസ് റോഡിൽ ഓടയിലെ മാലിന്യം, കോഴി വേസ്റ്റ് ഉൾപ്പെടെ, നീക്കാൻ കൊണ്ട് പോയി. ഓട വൃത്തിയാക്കൽ അപ്പോൾ തന്നെ ചെയ്യിക്കുന്നത് ഓണാഘോഷം കലക്കാൻ ഉദ്യോഗസ്ഥർ ചെയ്യുന്ന പരിപാടി ആണെന്ന് അവർക്ക് മനസിലായി. കാരണം ആ വേസ്റ്റ് അവിടെ കിടക്കാൻ തുടങ്ങിയിട് കുറെ ദിവസങ്ങളായി. പ്രസ്തുത ദിവസം ഉച്ച കഴിഞ്ഞോ പിറ്റേന്നു ചെയ്താലും വലിയ മാറ്റമൊന്നും സംഭവിക്കാനില്ല.

മോർണിങ് ഷിഫ്റ്റ് സമയം സാധാരണ 7 -11 ആണ്. അന്നേ ദിവസം അഞ്ചു മണിക്ക് ജോലി തുടങ്ങിയ അവരെ വിടുതൽ ചെയ്തത് 12.30 നാണു. അഭിമാന ക്ഷതമേറ്റ തൊഴിലാളികളിൽ ഭൂരിഭാഗം ആഘോഷത്തിന് നിൽക്കാതെ വീട്ടിൽ പോയി. അവിടെ ബാക്കിയായവർ കലിപ്പിനു ഫുഡ് എടുത്ത് കുപ്പയിലിട്ടു. തൊഴിലാളികൾക്കു കുളിക്കാനോ മാറിയുടുക്കാനോ നല്ല കുളിമുറിയോ സംവിധാനങ്ങളോ പോലും സർക്കിൾ ഓഫീസിൽ ഇല്ലെന്ന് അവർ പറയുന്നു.
-----------------------
സെക്രട്ടറിയേറ്റ് മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിൽ ഓണം ആഘോഷിക്കുന്നത് ഉദ്യോഗസ്ഥർ ഫയലുകൾ ഒക്കെ നോക്കി തീർത്തിട്ടാണോ? ഇനി ആണെങ്കിൽ തന്നെ തീർത്തിട്ട് ചെയ്യാൻ ഇത് അങ്ങനെയുള്ള ജോലി ആണോ? മൂന്നു മണിക്കൂർ ഓടയിൽ കയ്യിട്ടു വാരിയിട്ട്, അളിഞ്ഞ കോഴി വേസ്റ്റ് ചുമന്ന് മാറ്റിയിട്ട്, പൂക്കളമിടാനും, സദ്യ ഉണ്ണാനും പറ്റുമോ?