തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനു കീഴിലെ ആരോഗ്യ സ്ഥാപനങ്ങളിലെ 295 താൽക്കാലിക നിയമനങ്ങൾ സിപിഎം തന്നെ നടത്തും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നിർദ്ദേശം പാലിച്ച് നിയമിക്കാനാണ് അനൗദ്യോഗിക തീരുമാനം. ഇതിന് വേണ്ടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു വിടാനുള്ള സർക്കാർ നിർദ്ദേശത്തിനു പുല്ലുവില കൽപിച്ച് കോർപറേഷൻ ഭരണസമിതി ഒളിച്ചു കളിക്കുകയാണ്. ഒഴിവുകൾ ഇതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു റിപ്പോർട്ട് ചെയ്തില്ലെന്നു മാത്രമല്ല, കരാർ അടിസ്ഥാനത്തിൽ നടത്താനിരുന്ന വിവാദ നിയമനത്തിന്റെ തുടർ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തു. 21 മുതൽ 28 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെ തുടർന്നാണ് നടക്കാതെ പോയത്.

ഡോക്ടർമാർ ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമിക്കുന്നതിനു പാർട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്കു നൽകിയ കത്ത് പുറത്തു വന്നതിനു പിന്നാലെ ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു റിപ്പോർട്ട് ചെയ്യാൻ തദ്ദേശ മന്ത്രി എം.ബി. രാജേഷ് നിർദ്ദേശിച്ചിരുന്നു. ഇതു ചെവിക്കൊള്ളാതെയാണ് കോർപറേഷൻ വീണ്ടും സ്വന്തം നിലയിൽ നിയമനനടപടികളുമായി മുന്നോട്ടു പോയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനായിരുന്നു എംബി രാജേഷിനെ കൊണ്ട് ഈ നിലപാട് എടുപ്പിച്ചത്. എന്നാൽ ഇത് അനുസരിക്കേണ്ടെന്ന് സിപിഎം കേന്ദ്രങ്ങൾ തിരുവനന്തപുരം കോർപ്പറേഷന് നൽകിയ നിർദ്ദേശം. എന്തു വന്നാലും നിയമനങ്ങൾ സ്വന്തം നിലയിൽ കോർപ്പറേഷൻ നടത്തും. ഫലത്തിൽ സിപിഎമ്മുകാർക്ക് ജോലി കിട്ടുന്ന അവസ്ഥവരും.

നിയമനത്തിനായി ജനകീയാസൂത്രണ വിഭാഗത്തിൽ നിന്ന് കഴിഞ്ഞ 31ന് വിജ്ഞാപനം ഇറക്കി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16 ആയിരുന്നു. ഇതിനിടെയാണ് കത്തു വിവാദമുണ്ടായത്. എന്നിട്ടും 21ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവച്ചില്ല. അഭിമുഖത്തിനെത്തിയ ഉദ്യോഗാർഥികൾ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. കോർപറേഷനിലെ നിയമന ലോബി ഉദ്യോഗാർഥികളിൽ നിന്ന് പണം കൈപ്പറ്റി എന്നാണ് സൂചന. പണം തിരികെ കൊടുക്കേണ്ടി വരുമെന്നതു കൊണ്ടാണ് നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെ ഏൽപ്പിക്കാത്തത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തിയാലും പാർട്ടിക്കാരെ കൊണ്ടു വരാം. എന്നാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ സീനിയോറിട്ടി അംഗീകരിക്കേണ്ടി വരും. എന്നാൽ നേരിട്ട് നടത്തുമ്പോൾ ആരേയും നിയമിക്കാം. ഇതിനു വേണ്ടിയാണ് ഇതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കത്തു നൽകാത്തതിനു കാരണമെന്നാണ് ആരോപണം.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നു നിയമനം നടത്തുന്നതിന് ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നും അതു നീക്കുന്നതിനായി ഡയറക്ടർക്കു കത്ത് നൽകിയിട്ടുണ്ടെന്നും കോർപറേഷൻ ഓഫിസ് അറിയിച്ചു. അതിന്മേൽ തീരുമാനം ഉണ്ടാകാത്തതു കൊണ്ടാണ് നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു വിടാത്തത്. പ്രൈമറി ഹെൽത്ത് സെന്റർ, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഡോക്ടർമാർ, പബ്ലിക് ഹെൽത്ത് സ്‌പെഷലിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ, സ്വീപ്പർ, പാർട്ട് ടൈം സ്വീപ്പർ, ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.

തിരുവനന്തപുരം കോർപറേഷനിൽ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കത്ത് വ്യാജമാണെന്നു മേയർ ആര്യ രാജേന്ദ്രൻ വിശദീകരണം നൽകി. ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് വാർഡ് മുൻ കൗൺസിലർ ജി. എസ്.ശ്രീകുമാർ നൽകിയ ഹർജിയാണു ജസ്റ്റിസ് കെ. ബാബു പരിഗണിച്ചത്. കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഹർജി നൽകിയതു മാധ്യമശ്രദ്ധ പിടിച്ചു പറ്റാനാണെന്നും പ്രോസിക്യൂട്ടർ ആരോപിച്ചു. എന്നാൽ മാധ്യമ വാർത്തകളല്ല, കേസിലെ വസ്തുതകളാണു പരിശോധിക്കുന്നതെന്നു കോടതി പ്രതികരിച്ചു.

രാഷ്ട്രീയ ഇടപെടൽ ഉള്ളതിനാൽ ഫലപ്രദമായ നടപടി ഉണ്ടാകില്ലെന്ന് ആരോപിച്ചാണു ഹർജി. കരാർ ജോലി കിട്ടണമെങ്കിൽ പോലും സിപിഎം അംഗത്വം വേണമെന്ന സാഹചര്യം ഭയാനകമാണെന്നും മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ആക്ഷേപമുണ്ട്. ഹർജി വിശദ വാദത്തിനായി 30ലേക്കു മാറ്റി. കത്തു വിവാദത്തിൽ കോർപറേഷനിലെ ആരോഗ്യ വിഭാഗത്തിൽ നിന്നു താൽക്കാലിക നിയമനത്തിന്റെ രേഖകൾ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചിരുന്നു. 5 ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യ വിഭാഗത്തിലെ 295 താൽക്കാലിക ഒഴിവുകളിൽ നിയമനത്തിനായി പാർട്ടി പട്ടിക ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തെഴുതിയത്.

വിവാദമായതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് മേയർ മുഖ്യമന്ത്രിക്കു പരാതി നൽകിയതും തുടർന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് തുടരന്വേഷണം ആരംഭിച്ചതും. ആരോഗ്യ വിഭാഗം കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ അന്വേഷണം. തസ്തികകൾ പത്രപ്പരസ്യം ചെയ്ത തീയതി, ഒഴിവുകൾ തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. മേയർ ഉൾപ്പെടെ 7 പേരുടെ മൊഴി ക്രൈംബ്രാഞ്ച് ഇതിനകം രേഖപ്പെടുത്തി.