തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തി സൂപ്രണ്ട് ഉത്തരവ് ഇറക്കിയതോടെ രോഗികൾ ദുരിതത്തിൽ. മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ സമയം നാല് മണി വരെയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഓപ്പറേഷൻ തീയ്യറ്ററുകൾ ഉപയോഗിക്കുന്ന കാര്യത്തിലും നിയന്ത്രണം ഏർപ്പടുത്തി. കുറച്ചു നാൾ വരെ ശസ്ത്രക്രിയകൾ നടന്നുവന്ന ചില ബ്ലോക്കുകൾ അടച്ചിട്ട നിലയിലുമെത്തി. ഇതോടെയാണ് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ കുത്തനെ കുറഞ്ഞത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾ അടക്കം പുതിയ ഉത്തരവോടെ ദുരിതത്തിലായി. കാലങ്ങളായി ദിവസവും 20 ശസ്ത്രക്രിയകൾ നടന്നുവന്ന പല വിഭാഗത്തിലും ഇപ്പോൾ പകുതിയായി ശസ്ത്രക്രിയകൾ കുറഞ്ഞു.

സൂപ്പർസ്‌പെഷ്യാലിറ്റി വിഭാഗത്തിൽ അടക്കം ശസ്ത്രക്രിയ സംവിധാനങ്ങൾ അടച്ചിട്ട നിലയിലാണ്. ഡോക്ടർമാരും സംവിധാനങ്ങളും ഉണ്ടായിട്ടും ഇവ ഉപയോഗപ്പെടുത്താതിരിക്കേണ്ട കാരണം എന്താണെന്നാണ് ഉയരുന്ന ചോദ്യം. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയ എന്ന വ്യാജേന തീയ്യറ്റിലെ സൗകര്യങ്ങൾ ദുരുപയോഗപ്പെടുത്തുന്നു എന്ന ആരോപണം ഉന്നയിച്ചാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം തികച്ചും അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് എമർജിന്റെ ഓപ്പറേഷൻ തീയറ്റിൽപരിഗണിക്കേണ്ടത്. കൂടാതെ അനിയന്ത്രിക അണുബാധയുള്ള ശസ്ത്രക്രിയകൾ നടത്തുമ്പോൾ അതിനായി നിയുക്തപ്പെടുത്തിയ ടേബിളുകൾ മാത്രം ഉപയോഗിക്കണമെന്നും ഇതിനായി ബന്ധപ്പെട്ട അനസ്തീഷ്യ വിഭാഗം ഡോക്ടർമാർ, നഴ്‌സിങ് സ്റ്റാഫ് എന്നിവരുടെ സേവനം ഉപയോഗിക്കണമെന്നുമാണ് നിർദ്ദേശം.

അതേസമയം സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ തീയേറ്ററുകൾ അടിയന്തര ശസ്ത്രക്രിയകൾക്കായി ഉപയോഗിക്കരുതെന്നുും സൂപ്രണ്ട് ഉത്തരവിൽ വ്യക്തമാക്കുന്നു. സൂപ്പർസ്‌പെഷ്യാലിറ്റി തീയ്യറ്ററിൽ അവയവ മാറ്റ ശസ്ത്രക്രിയകൾക്കായി ഒരുക്കിയിട്ടുള്ള തീയ്യറ്ററുകളിൽ മറ്റ് ശസ്ത്രക്രിയകൾ ചെയ്യുന്നതും വിലക്കി. ഇതിന് മുമ്പ് ഇതായിരുന്നില്ല. ഈ തീയ്യറ്ററും ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്കായി ഉപയോഗപ്പെടുത്തിയിരുന്നു. അവയവ ദാതാവിനായി നീക്കിവെച്ച തീയ്യറ്ററിൽ ശസ്ത്രക്രിയാ ബെഡ് ഉപയോഗിക്കാൻ തടസ്സമില്ലെന്നുമാണ് സൂപ്രണ്ട് വ്യക്തമാക്കുന്നത്. അവയവ മാറ്റശസ്ത്രക്രിയകൾ വല്ലപ്പോഴുമാണ് നടക്കുന്നത് എന്ന പശ്ചാത്തലത്തിൽ സൂപ്പർസ്‌പെഷ്യാലിറ്റിയിലെ ഈ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താതിരിക്കുന്നത് മറ്റ് രോഗികൾക്ക് ബുദ്ധിമുട്ടായി മാറുകയാണ്.

അവയവ ശസ്ത്രക്രിയകൾക്കായി മാറ്റിയിട്ടുള്ള ഓപ്പറേഷൻ തീയേറ്ററുകളിൽ ഫിസ്റ്റുല, വന്ധ്യതയ്ക്കുള്ള സർജറി, യൂറിനറി ബ്ലാഡർ സർജറി തുടങ്ങി നിരവധി ചെറിയ സർജറികൾ നടന്നു വന്നിരുന്നു. പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ ഇത്തരം രോഗികളെയാണ് ബാധിക്കുന്നത്. ഇപ്പോൾ സൂപ്രണ്ടിന്റെ പെട്ടന്നുള്ള ഉത്തരവിന് പ്രകാരം ഈ തീയറ്ററുകളിൽ അവയവ ശസ്ത്രക്രിയകൾ നടക്കാത്ത പക്ഷം അടച്ചിടാനാണ് തീരുമാനം.

അതേസമയം യാതൊരു കൂടിയാലോചനകളും ഇല്ലാതെയാണ് ഇപ്പോൾ ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചത്. ഓർഡർ കയ്യിൽ കിട്ടുമ്പോഴാണ് പല എച്ച്ഒഡിമാരും ഇതേക്കുറിച്ച് അറിഞ്ഞത്. അവയവ ശസ്ത്രക്രിയകൾ സാധാരണയായി വർഷത്തിൽ ഒന്നോ രണ്ടോ മാത്രമാണ് നടക്കാറ് അതുകൊണ്ടുതന്നെ അത്യാവശ്യം വേണ്ടുന്ന പല ശത്രുകളും ഈ ഓപ്പറേഷൻ തീയറ്ററുകളിലാണ് നടന്നുവന്നിരുന്നത് പ്രായോഗികമല്ലാത്ത ഈ തീരുമാനം കൊണ്ട് ഡോക്ടർമാരുടെ കൈ കെട്ടിയ അവസ്ഥയിലാണെന്നാണ് പറയുന്നത്.

മെഡിക്കൽ കോളേജിലെ ഭരണാനുകൂല വിഭാഗം ജീവനക്കാരുടെ താൽപ്പര്യത്തെ തുടർന്നാണ് ഇത്തരമൊരു ഉത്തരവ് ഇറങ്ങാൻ ഇടയായതെന്നാണ് വിമർശനം. പരിഷ്‌ക്കാരങ്ങൾ രോഗികൾക്ക് ഗുണം ചെയ്യാത്ത വിധത്തിലാകുമ്പോൾ അതു ദുരിതം ഇരട്ടിയാക്കുകയാണ് ചെയ്യുന്നതെന്നാണ് ഉയർന്നിരിക്കുന്ന വിമർശനം.