തിരുവനന്തപുരം: 1950 മുതല്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ് കൈവശം വച്ചിരിക്കുന്ന പാട്ടഭൂമി നിയമങ്ങളനുസരിച്ച് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാനും നീക്കം സജീവം. പാട്ടഭൂമിയുടെ വാടക ഇനത്തില്‍ 31.27 കോടി രൂപ കുടിശിക വരുത്തിയത് ക്ലബിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്നും ജസ്റ്റിസുമാരായ അമിത് റാവല്‍, എസ്.ഈശ്വരന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിനെ അടിമുടി പ്രതിസന്ധിയിലാക്കുന്നതാണ് കോടതി ഉത്തരവ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ധാരണയുണ്ടാക്കി പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാതെയുള്ള പ്രശ്‌ന പരിഹാരമാണ് ആലോചനയില്‍.

കുടിശിക അടച്ചു തീര്‍ക്കാത്ത സാഹചര്യത്തില്‍ ക്ലബ്ബിന്റെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ക്ലബ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു കോടി രൂപ അടച്ച് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മറ്റൊരു ഡിവിഷന്‍ ബെഞ്ച് നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഹര്‍ജിയും തീര്‍പ്പാക്കിക്കൊണ്ടാണ് ബുധനാഴ്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ പാട്ട കുടിശിഖ മുഴുവന്‍ അടയ്‌ക്കേണ്ടി വരും. ഇല്ലാത്ത സാഹചര്യത്തില്‍ ഭൂമി സര്‍ക്കാരിന്റേതായി മാറും. ഈ ഹൈക്കോടതി വിധി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കണ്ണായ ഭൂമി സ്വന്തമാക്കി വച്ചിരിക്കുന്ന മുഴുവന്‍ ക്ലബ്ബുകള്‍ക്കുമുള്ള താക്കീതാണ്.

1937ല്‍ സ്ഥാപിതമായ ക്ലബിന് 1950ലാണ് 25 വര്‍ഷത്തേക്ക് നാല് ഏക്കര്‍ 27 സെന്റ് ഭൂമി പാട്ടത്തിന് നല്‍കുന്നത്. രാജ്യത്തെ തന്നെ മികച്ച ടെന്നീസ് ക്ലബുകളിലൊന്നായി ഇതു വളരുകയും ചെയ്തു. 1975ല്‍ പാട്ടക്കരാര്‍ 50 വര്‍ഷത്തേക്ക് കൂടി നീട്ടിയത് അനുസരിച്ച് 2025 ഓഗസ്റ്റില്‍ പാട്ടക്കാലാവധി തീരാനിരിക്കെയാണ് ഹൈക്കോടതിയുടെ തീരുമാനം വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പാട്ടം പുതുക്കാതെ ഈ കണ്ണായ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിയും. ഇത് ട്രിവാന്‍ഡ്രം ക്ലബ്ബിന് വലിയ തിരിച്ചടിയായി മാറും. ഈ സാഹചര്യത്തില്‍ വീണ്ടും ദീര്‍ഘകാല പാട്ടം ഉറപ്പിക്കാനുള്ള കൂടിയാലോചനകളാണ് അണിയറയില്‍ സജീവമായി നടക്കുന്നത്. തിരുവനന്തപുരത്തെ കോടീശ്വരന്മാരുടെ വിഹാര കേന്ദ്രമാണ് ഈ ടെന്നീസ് ക്ലബ്ബ്.

1995ല്‍ സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ഭേദഗതി നിയമം അനുസരിച്ച് ഭൂമിയുമായി ബന്ധപ്പെട്ട വാടക പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചിരുന്നു. അതോടൊപ്പം കുടിശിക ഉണ്ടാകുന്ന സാഹചര്യത്തില്‍ ഭൂമി ഒഴിപ്പിക്കാനുള്ള വ്യവസ്ഥകളും ഇതിലുണ്ടായിരുന്നു. എന്നാല്‍ ഇതനുസരിച്ചുള്ള വാടക അടയ്ക്കാന്‍ ക്ലബ് തയാറായില്ല. തുടര്‍ന്ന് സര്‍ക്കാരും ക്ലബ് അധികൃതരുമായുള്ള നിയമയുദ്ധവും ആരംഭിച്ചെങ്കിലും ക്ലബിന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഈ വിഷയത്തിലാണ് സര്‍ക്കാരിന് അനുകൂലമായി കോടതി വിധി വരുന്നത്.

2014 മുതല്‍ 2016 വരെ 11 കോടിയിലധികം രൂപ കുടിശികയുള്ളത് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കുടിശികയുടെ 0.2 ശതമാനമായ രണ്ടു ലക്ഷത്തിലധികം രൂപ അടച്ചുകൊണ്ടുള്ള താല്‍ക്കാലിക പരിഹാരത്തിന് നിര്‍ദേശമായി. ഇതു ക്ലബ് അടയ്ക്കുകയും ചെയ്തു. ഈ തുകയുടെ ബലത്തില്‍ 2020 വരെ ക്ലബിന്റെ ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് 2016 മുതലുള്ള 31, 27, 08,754 രൂപയുടെ പാട്ടക്കുടിശികയുണ്ടെന്നും ഇതു തീര്‍ക്കാത്ത പക്ഷം ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും ജില്ലാ കലക്ടര്‍ 2022 ജൂണില്‍ ക്ലബിന് നോട്ടിസ് നല്‍കി. എന്നാല്‍ തങ്ങളുടേത് വാടക നല്‍കേണ്ട ഭൂമിയല്ലെന്ന് ചൂണ്ടിക്കാട്ടി ക്ലബ് ഈ തുക അടയ്ക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ 1995ലെ നിയമം അനുസരിച്ച് ക്ലബ് തുക അടയ്ക്കാന്‍ ബാധ്യസ്ഥരാണെന്നാണ് കോടതി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ 31 കോടി ക്ലബ്ബ് അടയ്ക്കാനാണ് സാധ്യത. ഇതിനൊപ്പം ഇളവുകള്‍ക്കും സാധ്യത തേടും. സര്‍ക്കാരിനെ കൊണ്ട് തുക കുറപ്പിച്ച് അത് അടയ്ക്കാന്‍ ക്ലബ്ബ് തയ്യാറാകുമെന്നാണ് സൂചന.