തിരുവനന്തപുരം: പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക സ്വഭാവമുള്ള അധിക്ഷേപ സംഭാഷണങ്ങൾ നടത്തിയെന്ന ആരോപണം ശക്തമാകുന്നു. ട്രാൻസ് വുമൺ ഉൾപ്പെടെ ഒന്നിലധികം സ്ത്രീകൾ രാഹുലുമായുള്ള ചാറ്റുകളുടെയും ശബ്ദസന്ദേശങ്ങളുടെയും വിശദാംശങ്ങൾ പുറത്തുവിട്ടതോടെ, വിഷയം സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.

ട്രാൻസ് ആക്ടിവിസ്റ്റായ അവന്തികയും രാഹുൽ അശ്ലീല സംഭാഷണം നടത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. മറ്റു പല സ്ത്രീകളും സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തുകയായിരുന്നു. ആരോപണങ്ങൾ ഉയർന്നപ്പോൾ രാഹുൽ നടത്തിയ 'ഹൂ കെയേഴ്സ്' എന്ന പരാമർശം ഉപയോഗിച്ച 'മീമും' സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ട്രോളുകളും പരിഹാസങ്ങളും ഉയരുകയാണ്.






'രാജി ചോദിച്ചാൽ രാജിയുടെ നമ്പർ ചോദിക്കും' എന്ന തരത്തിലുള്ള പരിഹാസങ്ങളും, ജ്യോതി എന്ന പേരിൽ ജ്യോതികുമാർ ചാമക്കാലയെ വിളിച്ചുവെന്ന പഴയ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ട്രോളുകളും ഇക്കൂട്ടത്തിലുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഉള്ളതല്ല കോഴിക്കൂട്ടത്തിൽ ഉള്ളതാണ് തുടങ്ങി നിരവധി ട്രോളുകളാണ് രാഹുലിനെതിരെ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ കടുത്ത പ്രതിരോധത്തിലായി.

അതേസമയം, ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും രാഹുലിനെ പരസ്യമായി പ്രതിരോധിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കൾ തയ്യാറായിട്ടില്ല. വിഷയത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്ന നിലപാടാണ് പലരും സ്വീകരിക്കുന്നത്. ഇതിനിടെ, യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ തന്നെ രാഹുലിനെതിരെ രംഗത്തെത്തിയത് പാർട്ടിക്കുള്ളിലെ കടുത്ത അതൃപ്തിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു.