- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിനെതിരായ വ്യാജ വാര്‍ത്തയില്‍ ആകെ കുടുങ്ങി ബിബിസി; ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഒരുങ്ങി ട്രംപ്; തന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ട്രംപ് വെള്ളിയാഴ്ച്ച വരെ സമയപരിധി നല്കി ട്രംപ്; തലവന്മാരുടെ രാജിയിലും പ്രശ്നം തീരുന്നില്ല
ട്രംപിനെതിരായ വ്യാജ വാര്‍ത്തയില്‍ ആകെ കുടുങ്ങി ബിബിസി
വാഷിംഗ്ടണ്‍: തന്റെ പ്രസംഗം കൃത്രിമമായി എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തു എന്ന വിവാദത്തില്‍ പ്രമുഖ മാധ്യമ സ്ഥാപനമായ ബി.ബി.സിക്കെതിരെ ഒരു ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ ഒരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് തന്നെയാണ് ഇക്കാര്യം ബി.ബി.സിയെ അറിയിച്ചത്. തന്റെ വ്യവസ്ഥകള്‍ പാലിക്കാന്‍ ട്രംപ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഫ്ളോറിഡയിലുള്ള ട്രംപിന്റെ അഭിഭാഷകരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ബി.ബി.സി ചെയര്‍മാന് കത്ത് നല്‍കിയിരിക്കുന്നത്.
ബിബിസി സംപ്രേഷണം ചെയ്ത കെട്ടിച്ചമച്ച പ്രസ്താവനകള്‍ വിവിധ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതായും ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയതായും കത്തില്‍ പറയുന്നു. ട്രംപിന് ഇത് കാരണം ട്രംപിന്റെ സല്‍ക്കീര്‍ത്തിക്ക് ദോഷം സംഭവിച്ചു എന്നാണ് അഭിഭാഷകര്‍ വാദിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ അലജാന്‍ഡ്രോ ബ്രിട്ടോ ആണ് ട്രംപിന് വേണ്ടി ബി.ബി.സിയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ പരിപാടി ബി.ബി.സി പിന്‍വലിക്കുകയും ക്ഷമാപണം നടത്തുകയും വേണമെന്നും
ട്രംപിന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നുമാണ് ആവശ്യം.
ട്രംപിന് എതിരായ ആരോപണത്തിനും വിവാദത്തിനും പിന്നാലെ ബി.ബി.സി തലപ്പത്ത് രണ്ട് പേര്‍ രാജി വെച്ചിരുന്നു. ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും വാര്‍ത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടര്‍ണസുമാണ് രാജിവെച്ചത്. വിഷയത്തില്‍ ബി.ബി.സിക്കുള്ളിലെ മെമ്മോ ബി.ബി.സി എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്സ് കമ്മിറ്റി മുന്‍ ഉപദേഷ്ടാവ് മൈക്കല്‍ പ്രെസ്‌കോട്ടില്‍നിന്ന് ചോര്‍ന്ന് ദി ടെലിഗ്രാഫ് വാര്‍ത്തയാക്കിയിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ വര്‍ഷം് സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കന്‍ഡ് ചാന്‍സ് എന്ന ബി.ബി.സി പനോരമ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയ ട്രംപിന്റെ പ്രസംഗത്തെച്ചൊല്ലിയാണ് ആക്ഷേപം ഉയര്‍ന്നത്. 2021 ജനുവരിയിലെ ക്യാപിറ്റോള്‍ ഹില്‍ കലാപത്തെ പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തു എന്നായിരുന്നു ആരോപണം. അനുയായികളോട് സമാധാനപരമായി പ്രകടനം നടത്താന്‍ പറഞ്ഞ ഒരു ഭാഗം നീക്കം ചെയ്തതായിട്ടാണ് പറയപ്പെടുന്നത്.
ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങള്‍ എഡിറ്റ് ചെയ്ത് ഒന്നാക്കി മാറ്റുകയും ഇത് ഡോക്യുമെന്ററിയില്‍ ചേര്‍ത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നുമാണ് ആരോപണമുയര്‍ന്നത്. ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ടിം ഡേവി പ്രതികരിച്ചു. പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം ഏറെ സ്നേഹിക്കുന്ന ബി.ബി.സി എന്ന സ്ഥാപനത്തെ മോശമായി ബാധിച്ചു.
തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, സമീപകാലത്തായി ബി.ബി.സി പക്ഷാപാതപരമായി പെരുമാറുന്നു എന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ഡെബോറ ടര്‍ണസ് പറഞ്ഞു. അതേ സമയം ബി.ബി.സി ചെയര്‍മാന്‍ സമീര്‍ ഷാ മിസ്റ്റര്‍ ട്രംപിനോട് ക്ഷമാപണം നടത്തുകയും നേരിട്ട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ട്രംപ് നിയമനടപടിക്ക് ഒരുങ്ങുന്നത്. ബിബിസി അഴിമതിക്കാരുടെ ഒരു സംഘമാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു. രാജിവച്ച ടിം ഡേവിയെയും ഡെബോറ ടര്‍ണസിനെയും സത്യസന്ധതയില്ലാത്ത വ്യക്തികള്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അതേ സമയം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ബി.ബി,.സിയെ ന്യായീകരിച്ച് രംഗത്ത് എത്തിയിരുന്നു.




